Site iconSite icon Janayugom Online

വഖഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ പ്രതിഷേധം നാളെ

ന്യൂനപക്ഷ അവകാശം ഹനിക്കുന്ന വിവാദ വഖഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ നാളെ ദേശവ്യാപക പ്രതിഷേധ ദിനം ആചരിക്കും. 

ഭേദഗതി നിയമത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ സംയുക്ത പാര്‍ലമെന്ററി സമിതി അംഗങ്ങളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെ നിയമം പാസാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് വിലയിരുത്തി.
ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിങ്ങളെ വരുതിയിലാക്കാനാണ് ബിജെപി സര്‍ക്കാര്‍ നിയമം പരിഷ്കരിച്ചത്. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള കുത്സിത നീക്കമാണ് മോഡി സര്‍ക്കാര്‍ നടത്തിയത്. വഖഫ് സ്വത്തുകളുടെ അധികാരം കേന്ദ്ര സര്‍ക്കാരിലേക്ക് എത്തുന്നത് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്കാവും ഗുണം ചെയ്യുക. നിയമ ഭേദഗതിക്ക് പിന്നാലെ രാജ്യത്തെ മറ്റ് ന്യൂനപക്ഷ സമുദയാങ്ങളും ആശങ്കയിലാണ്. 

വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പായി ലഭ്യമാക്കുമെന്ന ബിജെപി എംപിമാരുടെ വാദം പൊള്ളയാണ്. മുസ്ലിം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന മൗലാന ആസാദ് സ്കോളര്‍ഷിപ്പ് നിരോധിച്ച മോഡി സര്‍ക്കാരിന്റെ നുണപ്രചരണമാണിത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന വിധത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച 300 ഓളം പേര്‍ക്ക് പിഴ ചുമത്താനുള്ള തീരുമാനം പിന്‍വലിക്കണം. ഭരണഘടനാവിരുദ്ധമായ ഭേദഗതി നിയമം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ സിപിഐ ഘടകങ്ങളും പ്രതിഷേധ ദിനം ആചരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
നാളെ സംസ്ഥാനത്ത് എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഹ്വാനം ചെയ്തു. 

Exit mobile version