Site iconSite icon Janayugom Online

യുപിയിലെ അഴിമതിക്കാര്‍ക്കെതിരെ എന്നാണ് ഇഡിയും ബുള്‍ഡോസറും എത്തുകയെന്ന് സിപിഐ

ഉത്തർപ്രദേശിലെ അഴിമതിക്കാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരും ഇഡിയടക്കമുള്ള ഏജന്‍സികളും എപ്പോഴാണ് നടപടിയെടുക്കുകയെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍. സർക്കാര്‍ സംവിധാനങ്ങളിലും ഭരണത്തിലും ഇരിക്കുന്ന ഉത്തർപ്രദേശിലെ അഴിമതിക്കാരുടെ വസ്‌തുക്കളിൽ എപ്പോഴാണ് ബുൾഡോസർ ഓടുക? സംസ്ഥാന ഭരണത്തിനുകീഴിലെ അഴിമതിക്കേസുകളിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ മൗനം അമ്പരപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സ്ഥലംമാറ്റം, നിയമനം, സർക്കാർ സംഭരണം, നിർമ്മാണപ്രവർത്തനങ്ങൾ എന്നിവയിൽ ഉത്തർപ്രദേശിലെ വിവിധ വകുപ്പുകളിൽ ഗുരുതരമായ അഴിമതിയും തിരിമറിയുമാണ് നടക്കുന്നത്. അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേയിൽ ആദ്യ മഴയിൽ തന്നെ ഒട്ടേറെ കുഴികൾ രൂപപ്പെട്ടു. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ ഇഡിയോ ബുൾഡോസറോ അനങ്ങുന്നത് കണ്ടില്ല. ഇപ്പോൾ വിള ഇൻഷുറൻസ് കമ്പനികൾ കർഷകരെ കൊള്ളയടിക്കുന്നതായി വെളിപ്പെട്ടിരിക്കുന്നു. കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുമെന്ന വാഗ്ദാനവും കാറ്റിൽ പറത്തിയ സർക്കാർ, വൈദ്യുതി മീറ്ററുകൾ സ്ഥാപിച്ച് അവരെ കൊള്ളയടിക്കുകയാണ്. ഏറെ പ്രചാരം നേടിയ മുഖ്യമന്ത്രിയുടെ പോർട്ടലിൽ നിന്ന് പരാതികൾ അപ്രത്യക്ഷമായത് ആശ്ചര്യമാണന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സമാജ്‌വാദി, ബിഎസ്‌പി സർക്കാരുകളില്‍ ആയിരിക്കെ അഴിമതിയിലൂടെ അനധികൃതമായും അളവറ്റതോതിലും സ്വത്തുക്കള്‍ സമ്പാദിച്ച നിരവധി പേർ ഇന്ന് ബിജെപിയിൽ അഭയംപ്രാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബിജെപി സർക്കാരുകളുടെ മൗനം അലോസരപ്പെടുത്തുന്നതാണ്. എന്നാല്‍ സര്‍ക്കാരിനുവേണ്ടി ഏതാനും മാഫിയകളും ഇഡിയും ബുൾഡോസറുകളും ഉത്തർപ്രദേശിൽ പ്രതിപക്ഷത്തെയും സാധാരണക്കാരെയും ആക്രമിക്കുന്ന പ്രവണത തുടരുന്നുമുണ്ട്. ബിജെപി സര്‍ക്കാര്‍ നടത്തുന്ന അഴിമതിയും കുംഭകോണങ്ങളും തുറന്നുകാട്ടിയിട്ടും നടപടിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ഡോ.ഗരീഷ് പറഞ്ഞു.

Eng­lish Sum­ma­ry: CPI says that ED and bull­doz­ers will come against the cor­rupt in UP

You may like this video also

Exit mobile version