Site iconSite icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും

സിപിഐ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം കുറിക്കും. വൈകിട്ട് നാല് മണിക്ക് പികെവി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) പതാക, ബാനർ, കൊടിമര ജാഥകളുടെ സംഗമവും പൊതുസമ്മേളനവും നടക്കും. പതാക സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു ബാനറും സത്യൻ മൊകേരി കൊടിമരവും ഏറ്റുവാങ്ങും. കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. തുടർന്ന് പൊതുസമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജി ആർ അനിൽ അധ്യക്ഷത വഹിക്കും. ബിനോയ് വിശ്വം എംപി, പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മായിൽ, കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, ചിറ്റയം ഗോപകുമാർ എന്നിവർ സംസാരിക്കും.

ഒക്ടോബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വെളിയം ഭാർഗവൻ നഗറിൽ (ടാഗോർ തിയേറ്റർ) പ്രതിനിധി സമ്മേളനം നടക്കും. ഒന്നിന് രാവിലെ 9.30ന് സി ദിവാകരൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അതുൽകുമാർ അഞ്ജാൻ, ബിനോയ് വിശ്വം, കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ എന്നിവർ അഭിവാദ്യം ചെയ്യും. വൈകിട്ട് നാലിന് ‘ഫെഡറലിസവും കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തിൽ സെമിനാര്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അതുൽ കുമാർ അഞ്ജാൻ എന്നിവർ പങ്കെടുക്കും. രണ്ടിന് വൈകിട്ട് നാല് മണിക്ക് കെ വി സുരേന്ദ്രനാഥ് നഗറിൽ (അയ്യൻകാളി ഹാൾ) ‘ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും’ എന്ന വിഷയത്തിൽ സെമിനാര്‍. 563 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. മൂന്നിന് വൈകിട്ട് സമ്മേളനം സമാപിക്കും.

രജിസ്ട്രേഷന്‍ ഒന്നിന് ഒമ്പത് മണി മുതല്‍

തിരുവനന്തപുരം: സംസ്ഥാന സമ്മേളന പ്രതിനിധികളുടെ രജിസ്ട്രേഷൻ ഒക്ടോബർ ഒന്നിന് രാവിലെ ഒമ്പത് മണി മുതൽ വെളിയം ഭാർഗവൻ നഗർ (വഴുതക്കാട് ടാഗോർ തിയേറ്റർ) ആരംഭിക്കും. ജയപ്രകാശ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജെ ചിഞ്ചുറാണി കൈമാറി മഹിളാസംഘം സംസ്ഥാന സെക്രട്ടറി പി വസന്തത്തിന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ദീപശിഖ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏറ്റു വാങ്ങും. തുടർന്ന് സമ്മേളന നടപടികൾ ആരംഭിക്കും.

Eng­lish Sum­ma­ry: cpi state con­fer­ence 2022 from tomorrow
You may also like this video

Exit mobile version