Site iconSite icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം; ജനാധിപത്യം ഭീഷണിയിൽ: ഡി രാജ

രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാരിന് കീഴിൽ ജനാധിപത്യവും ഭരണഘടനയും വലിയ വെല്ലുവിളി നേരിടുകയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രന്‍ നഗറിൽ (കളർകോട് എസ്‌കെ കൺവെൻഷൻ സെന്റർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യ ഭരണക്രമത്തെ കെട്ടുറപ്പോടെ നിലനിർത്താനും ആർഎസ്എസ്-ബിജെപി കൂട്ടുകെട്ടിനെ ചെറുത്തു തോല്പിക്കാനും മതേതര, ജനാധിപത്യ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തുവരണം. ഇന്ത്യ സഖ്യം അത്തരത്തിലുള്ള നീക്കത്തിന്റെ ചുവടുവയ്പായിരുന്നു. എന്നാൽ സഖ്യത്തിന്റെ കെട്ടുറപ്പില്‍ താളപ്പിഴയുണ്ടെന്നും ചണ്ഡീഗഢില്‍ ചേരുന്ന പാർട്ടി കോൺഗ്രസ് അക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും രാജ പറഞ്ഞു. ഒട്ടേറെ പ്രാദേശിക കക്ഷികൾ ആ കൂട്ടുകെട്ടിലുണ്ട്. ഓരോ കക്ഷികളുടെയും താല്പര്യങ്ങൾ പലതാണ്. മികച്ച നിലയിൽ സീറ്റ് ധാരണ ഉണ്ടാക്കിയിരുന്നെങ്കിൽ ഹരിയാന, മഹാരാഷ്ട്ര, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം മറ്റൊന്നാകുമായിരുന്നു. 

രാജ്യത്ത് ജനാധിപത്യ, മതേതര ബദൽ രൂപപ്പെടുത്തുന്നതിൽ ഇടതു കക്ഷികൾക്ക് മുഖ്യപങ്കാണുള്ളത്. ഇടത് പാർട്ടികൾക്കിടയിൽ ആശയ, അഭിപ്രായ ഐക്യം ദൃഢമാക്കേണ്ടത് അനിവാര്യമാണ്. കമ്മ്യൂണിസ്റ്റ് ഐക്യം പാർട്ടി കോൺഗ്രസ് കരട് പ്രമേയത്തിലും പരാമർശിക്കുന്ന വിഷയമാണെന്നും രാജ്യം ദുർബലമാവരുതെന്ന് ആഗ്രഹിക്കുന്ന ജനകോടികളുടെ പ്രതീക്ഷ ഇടതു പാര്‍ട്ടികളിലാണെന്നും രാജ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഏത് ഹീനമാർഗവും ബിജെപി സ്വീകരിക്കുമെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് മതാധിഷ്ഠിത രാജ്യമാക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ബിജെപി, സംഘ്പരിവാർ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായ ഘട്ടത്തിൽ ബിജെപി ഉയർത്തുന്ന വെല്ലുവിളിക്കെതിരെ ജാഗരൂകരായിരിക്കണം. സ്വാതന്ത്ര്യ സമരത്തിലടക്കം മഹാത്യാഗത്തിന്റെ ചരിത്രമുള്ളവരാണ് കമ്മ്യൂണിസ്റ്റുകാര്‍. എന്നാൽ ഏതെങ്കിലും സമരത്തിൽ പങ്കെടുത്തതിന്റെ ഒരു വരി പോലും പറയാനില്ലാത്തവരാണ് ദേശസ്നേഹത്തെക്കുറിച്ച് പാടി നടക്കുന്നതെന്ന് രാജ ചൂണ്ടിക്കാട്ടി. പരമാധികാര രാഷ്ട്രമായ ഇന്ത്യയുടെ വിദേശ നയത്തിലും സാമ്പത്തിക നയങ്ങളിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനാവശ്യമായി കൈകടത്തുകയാണെന്ന് ഡി രാജ കുറ്റപ്പെടുത്തി. ട്രംപ് ഭരണമേറ്റശേഷം ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഏകപക്ഷീയമായി രാഷ്ട്രങ്ങള്‍ക്കുമേല്‍ ചുമത്തിയ പകരച്ചുങ്കം ലോക സാമ്പത്തിക ഘടനയെ പ്രതികൂലമായി ബാധിക്കും. വികസ്വര രാഷ്ട്രങ്ങൾക്കെല്ലാം ഇത് ഭീഷണിയാണ്. ലോകത്തിന്റെ ഏകാധിപൻ താൻ മാത്രമാണെന്ന ഭാവത്തിലാണ് ട്രംപ് ഓരോ പ്രഖ്യാപനവും നടത്തുന്നത്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഏതുതരത്തിലുള്ള ബന്ധമാണ് ഇന്ത്യ നിലനിർത്തേണ്ടത് എന്നുവരെ താൻ തീരുമാനിക്കുമെന്ന മട്ടിലാണ് ട്രംപിന്റെ പെരുമാറ്റം. വാഷിങ്ടൺ ആസ്ഥാനമായ ഐഎംഎഫിനെയും ലോക ബാങ്കിനെയും കരുവാക്കിയാണ് സാമ്രാജ്യത്വ നിലപാടുകൾക്ക് ട്രംപ് മൂർച്ച കൂട്ടുന്നത്. ലോകം എങ്ങനെ ചലിക്കണമെന്ന നയം ആവിഷ്കരിക്കുന്ന നിലയിലേക്ക് ഈ രണ്ട് സ്ഥാപനങ്ങളും നീങ്ങുകയാണ്. നേപ്പാളിലും അയല്‍രാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും സമീപത്തുണ്ടായ സംഭവവികാസങ്ങളിലേക്ക് രാജ വിരൽ ചൂണ്ടി. 

ഇന്ത്യയിൽ അധികാരത്തിലുള്ള വർഗീയ, ഫാസിസ്റ്റ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്താൻ ഇടത് കക്ഷികൾക്ക് കഴിയണം. രാജ്യത്ത് ജനാധിപത്യവും പൗരന്മാരുടെ വോട്ടവകാശവും ചോദ്യം ചെയ്യപ്പെടുകയാണ്. ബിഹാറിലടക്കം വോട്ടവകാശം ഇല്ലാതാക്കുന്ന ഭരണകൂടത്തിന്റെ നീക്കങ്ങൾക്ക് നേരെ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷൻ കണ്ണടയ്ക്കുകയാണ്. കേന്ദ്രത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലെങ്കിലും ഏകകക്ഷി ഭരണവും ഏകാധിപത്യവുമാണ് നരേന്ദ്ര മോഡി സ്വപ്നം കാണുന്നത്. ഭരണഘടന പൗരന്മാർക്ക് നൽകുന്ന ഉറപ്പുകളെല്ലാം മോഡി ഭരണം തച്ചുതകർക്കുകയാണ്. ഫെഡറല്‍ തത്വസംഹിതകൾക്കെല്ലാം വിരുദ്ധമാണ് ബിജെപിയുടെയും സംഘ്പരിവാറിന്റെയും നടപടികള്‍. ഇതിൽ നിന്ന് രാഷ്ട്രത്തെ മുക്തമാക്കേണ്ടത് വരുന്ന തലമുറകളുടെ കൂടി നന്മയ്ക്ക് അനിവാര്യമാണെന്നും രാജ പറഞ്ഞു. 

Exit mobile version