Site iconSite icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം: കുടുംബസംഗമങ്ങള്‍ തുടങ്ങി

കമ്മ്യൂണിസ്റ്റുകാര്‍ നാടിന് വേണ്ടി ജീവന്‍കൊടുത്തും പോരാടിയവരാണെന്ന് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കുടുംബസംഗമങ്ങളുടെ ഉദ്ഘാടനം ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് ഒരുകാലത്തും വിസ്മരിക്കാനാവില്ല. ബിജെപിയും ആര്‍എസ്എസും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി എന്ത് പോരാട്ടമാണ് നടത്തിയിട്ടുള്ളത്? ബിജെപി നമ്മുടെ കേരളത്തെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ച് ഭരണം പിടിക്കാനുള്ള ശ്രമം നടത്തുന്നു. ഇതിനെതിരെ പ്രചരണം നടത്തുവാന്‍ നമ്മുടെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ കഴിയണം. പാവങ്ങളുടെ കൂടെനിന്നുള്ള ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. പണക്കാരുടെയും മുതലാളിമാരുടേയും കൂടെ പോയ പാരമ്പര്യം നമുക്കില്ല. 

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലോകത്തിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി രൂപം കൊണ്ട പ്രസ്ഥാനമാണ്. കമ്മ്യൂണിസ്റ്റ് ഭരണത്തിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടായതെന്ന്‌ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. നാട്ടിലെ പൊതുകാര്യങ്ങള്‍ നോക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ തന്നെ രംഗത്ത് ഇറങ്ങണം. കൊറോണസമയത്തും പ്രളയസമയത്തും കേരളത്തിന്റെ ഒരുമ രാജ്യം കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കൗണ്‍സില്‍ അംഗം ദീപ്തി അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ് സോളമന്‍, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, സിപിഐ ദേശിയ കൗണ്‍സിലംഗം ടി ടി ജിസ‌്മോന്‍, മണ്ഡലം സെക്രട്ടറി ആര്‍ ജയസിംഹന്‍, പി എസ് സന്തോഷ് കുമാര്‍, പി ജി സുനില്‍ കുമാര്‍, ആസിഫ് റഹിം, എം കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി കെ വി സുരേഷ് സ്വാഗതം പറഞ്ഞു.

Exit mobile version