Site iconSite icon Janayugom Online

സിപിഐ സംഘം മണിപ്പൂരിലേക്ക്

കലാപകലുഷിതമായ മണിപ്പൂരിലേക്ക് സമാധാന ശ്രമങ്ങളുമായി സിപിഐ. എംപിമാരുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ തന്നെ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും. മണിപ്പൂരിന്റെ ഐക്യം നിലനിര്‍ത്തിക്കൊണ്ട് സമാധാനാന്തരീക്ഷം തിരികെയെത്തിക്കുന്നതിനുള്ള വിവിധ ക്യാമ്പെയ്‌നുകള്‍ക്ക് സിപിഐ നേതൃത്വം നല്‍കുമെന്നും സംസ്ഥാന സെക്രട്ടറി ലൈഷാങ്തെം തൊയ്റെന്‍ അറിയിച്ചു.
മണിപ്പൂരില്‍ നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള കലാപമാണെന്ന് സിപിഐ ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് സംസ്ഥാനമാകെ കത്തുന്ന അവസ്ഥയിലെത്തിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഷയത്തില്‍ തുടരുന്ന മൗനം അപലപനീയമാണെന്നും സംസ്ഥാനത്തെ നേതാക്കളെ കാണുന്നതിനുള്ള അനുമതി പോലും നല്‍കിയില്ലെന്നും സിപിഐ പറഞ്ഞു. 

അതേസമയം സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഈ മാസം അഞ്ച് വരെയും സ്കൂളുകളുടെ അവധി എട്ടുവരെയും നീട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്ന ഇംഫാലില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കലാപം നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ കരസേനയുടെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപിപ്പിച്ചു. സംഘര്‍ഷ സാധ്യതയുള്ള ജില്ലകളില്‍ സുരക്ഷാച്ചുമതല ഓരോ വിഭാഗത്തിന് മാത്രമായി നല്‍കാനാണ് നീക്കം.
കലാപകാരികളുടെ ഗ്രാമങ്ങള്‍ കടന്നുള്ള സഞ്ചാരം പൂര്‍ണമായി തടയുന്ന നടപടി സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു. 

Eng­lish Sum­ma­ry: CPI team to Manipur

You may also like this video

Exit mobile version