Site iconSite icon Janayugom Online

സിപിഐ പ്രവർത്തകരെ മർദിച്ചവർക്കെതിരെ സിപിഎം നടപടിയെടുക്കും, കള്ളക്കേസിനെതിരെയും അപേക്ഷ നൽകി: എ പി ജയൻ

CPICPI

കൊടുമണ്ണിൽ സിപിഐ പ്രവർത്തകരെ മർദിക്കുകയും അവരുടെ വീടുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായവർക്കെതിരെ സംഘടനാപരമായ നടപടികൾ സ്വീകരിക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചതായി സിപിഐ ജില്ല സെക്രട്ടറി  എ പി ജയന്‍  പറഞ്ഞു. സിപിഎം — സിപിഐ ജില്ല നേതൃത്വങ്ങൾ തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ എൽഡിഎഫിന്റെ ഐക്യത്തിനും സുഗമമായ പ്രവർത്തനങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അംഗീകരിക്കില്ല. അക്രമം നടത്തിയവരെ സംരക്ഷിക്കില്ലായെന്ന ഉറപ്പ് സിപിഐ അംഗീകരിക്കുകയാണ്. സിപിഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് പാർട്ടി പരിശോധിക്കും. നിലവിലുള്ള കേസുകൾ അതേപോലെ മുന്നോട്ടു പോകും.

സിപിഐ പ്രവർത്തകർക്കെതിരെ സിഐ കള്ളക്കേസ് എടുത്ത സംഭവത്തിൽ പുനരന്വേഷണത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്.

സിപിഐ — സിപിഎം പാർട്ടികളിൽ നിന്നും പ്രവർത്തകർ ഇരുഭാഗത്തേക്കും ചേരാറുണ്ട്. അങ്ങനെയുള്ളവരെ മർദനത്തിലൂടെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്നാണ് കരുതുന്നത്. ഇതുപോലെയുള്ള അക്രമങ്ങൾ ജില്ലയിൽ ആവർത്തിക്കില്ലായെന്നാണ് പ്രതീക്ഷയെന്നും എ പി ജയൻ പറഞ്ഞു.

സിപിഐ ജില്ലാ അസ്സി സെക്രട്ടറി ഡി സജി, അടൂർ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Eng­lish Sum­ma­ry: CPM will take action on attack on CPI workers

You may like this video also

Exit mobile version