Site iconSite icon Janayugom Online

കടക്കാർ നിരന്തരം കുടുംബത്തെ പണത്തിനായി ശല്യപ്പെടുത്തി; വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്

കടക്കാർ നിരന്തരം കുടുംബത്തെ പണത്തിനായി ശല്യപ്പെടുത്തിയിരുന്നുവെന്നും വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തന്നെയാണെന്നും പൊലീസ്. കടക്കാരുടെ ശല്യം മൂലം ഏറെ നാളായി കൂട്ട ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നു. 14 പേരിൽ നിന്നായി അഫാന് 65 ലക്ഷം രൂപ കടം വാങ്ങി. സാമ്പത്തിക ബാധ്യതക്ക് അപ്പുറത്ത് മറ്റേതെങ്കിലും കാരണം ഉണ്ടോ എന്നും അന്വേഷിക്കുമെന്നും റൂറൽ എസ് പി കെ എസ് സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു. 

പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റമാണ് റൂറൽ എസ് പി പറ‍ഞ്ഞു. അഫാനെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും. മാനസിക നില പരിശോധിക്കും. ഫർസാനയോട് അഫാന് എന്തെങ്കിലും വിരോധം ഉള്ളതായി കണ്ടെത്തിയിട്ടില്ല. താൻ മരിച്ചാൽ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫർസാനയെ അഫാന്‍ കൊലപ്പെടുത്തിയത്. കൂട്ട ആത്മഹത്യയുടെ കാര്യം അഫാന്‍ ഫർസാനയോട് പറഞ്ഞിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. 

കേസുമായി ബന്ധപ്പെട്ട് അഫാന്റെ അച്ഛന്റെ മൊഴി ഇന്നെടുക്കും. ഇന്ന് രാവിലെയാണ് അഫാന്റെ പിതാവ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞതെന്ന് റഹീമിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. 

Exit mobile version