Site iconSite icon Janayugom Online

ഭാഗ്യ വേദിയിലേക്ക് ഇന്ത്യന്‍ ടീം വീണ്ടും: കണ്ണുകളും കാതുകളും കാര്യവട്ടത്തേക്ക്; ക്രിക്കറ്റ് പൂരം 1.30ന്

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് നടക്കും. ഉച്ചയ്ക്ക് 1.30നാണ് മത്സരം. നേരത്തെ ടി20 പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ ഇത്തവണ 3–0ന് പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം ഒരു കളിയെങ്കിലും വിജയിച്ച് നാണക്കേടൊഴിവാക്കാനാകും ശ്രീലങ്കയുടെ ശ്രമം. 

ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ ടീം കരുത്ത് പരീക്ഷിക്കാനുള്ള അവസരമായി മൂന്നാം മത്സരത്തെ കാണും. ടീമില്‍ ഇന്ത്യ വലിയ മാറ്റം വരുത്തിയേക്കാനാണ് സാധ്യത. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മക്കൊപ്പം പരിഗണിച്ചത് ശുഭ്മാന്‍ ഗില്ലിനെയായിരുന്നു. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ഗില്ലിന് രണ്ടാം മത്സരത്തില്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ താരത്തിന് വിശ്രമം നല്‍കി ഇന്ത്യ ഇഷാന്‍ കിഷനെ പരിഗണിച്ചേക്കും. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ചുറി നേടിയ ഇഷാനെ ആദ്യ മത്സരങ്ങളില്‍ ഇന്ത്യ പരിഗണിച്ചിരുന്നില്ല.
ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ശ്രേയസ് അയ്യര്‍ക്കാണ് നാലാം നമ്പറില്‍ അവസരം നല്‍കിയത്. എന്നാല്‍ രണ്ട് മത്സരത്തിലും ശ്രേയസിന് തിളങ്ങാനായില്ല. ഇന്ത്യക്കൊപ്പം മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാനാവുന്ന ശ്രേയസിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവിനെപ്പോലൊരു വെടിക്കെട്ട് താരത്തെ പുറത്തിരുത്തിയാണ് ഇന്ത്യ ശ്രേയസിനെ പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ ശ്രേയസിന് വിശ്രമം നല്‍കി സൂര്യയെ മൂന്നാം മത്സരത്തില്‍ പരിഗണിച്ചേക്കും.

ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത മുഹമ്മദ് ഷമിക്ക് പകരം അര്‍ഷ്ദീപ് സിങ് എത്തിയേക്കും. നോബോള്‍ വിവാദത്തിന് ശേഷം ഒരു തിരിച്ചുവരവുകൂടിയാണ് അര്‍ഷദീപ് ലക്ഷ്യമിടുക. അതേസമയം ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ബാറ്റിങ്ങിലെ പോരായ്മയാണ് ശ്രീലങ്കയ്ക്ക് വെല്ലുവിളിയാകുന്നത്. കുറഞ്ഞ റണ്‍സെടുത്തിട്ടുപോലും ഇന്ത്യക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്ന ലങ്കന്‍ ബൗളിങ് കഴിഞ്ഞ കളിയില്‍ കണ്ടതാണ്. അതിനാല്‍ തന്നെ ബാറ്റിങ്ങില്‍ കൂടി ലങ്ക മെച്ചപ്പെട്ടാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. 

കാര്യവട്ടം ഇന്ത്യയുടെ ഭാഗ്യവേദി

കാര്യവട്ടത്ത് ഇത് രണ്ടാം തവണയാണ് ഏകദിന മത്സരം എത്തുന്നത്. ആദ്യം നടന്ന ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ ഇന്ത്യ അനായാസം തോല്‍പ്പിച്ചിരുന്നു. മൂന്ന് ടി20കളാണ് നടന്നിട്ടുള്ളത്. കാര്യവട്ടത്ത് നടന്ന നാല് മത്സരങ്ങളിൽ മൂന്നിലും ജയിക്കാൻ ഇന്ത്യക്കായിട്ടുണ്ട്. 

2017-ഇന്ത്യ‑ന്യൂസിലന്‍ഡ് (ടി20)-ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
2018-ഇന്ത്യ‑വെസ്റ്റിന്‍ഡീസ് (ഏകദിനം)-ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം
2019-ഇന്ത്യ‑വെസ്റ്റിന്‍‍‍ഡീസ്(ടി20)-വെസ്റ്റിന്‍ഡീസിന് എട്ട് വിക്കറ്റ് ജയം
2022-ഇന്ത്യ‑ദക്ഷിണാഫ്രിക്ക(ടി20)-ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

Eng­lish Sum­ma­ry: Crick­et match at Karya­vat­tom starts from 1.30

You may also like this video

Exit mobile version