Site iconSite icon Janayugom Online

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം: സുപ്രീം കോടതി

സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ കോടതികള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി. വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച വനിതയെ ഭര്‍ത്താവും ഭര്‍തൃമാതാവും ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിലെ അപ്പീല്‍ പരിശോധിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

നടപടിയിലെ സാങ്കേതികപ്പിഴവ്, നേരായ രീതിയിലല്ലാത്ത അന്വേഷണം, ദുര്‍ബലമായ തെളിവുകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ കുറ്റവാളികളെ വെറുതെവിടാൻ പാടില്ലെന്നും പരമോന്നത കോടതി നിര്‍ദേശിച്ചു. അങ്ങനെ വന്നാല്‍ ഇരയുടെ നീതി നിഷേധിക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജെ ബി പര്‍ഡിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

2014ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. 2007ല്‍ ഫയല്‍ ചെയ്ത കേസില്‍ ഭര്‍ത്താവും അമ്മയും കുറ്റക്കാരാണെന്ന കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. തുടര്‍ന്ന് ഇരുവരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 

ഭര്‍ത്താവ് ബല്‍വീര്‍ സിങ്ങിന്റെ മേല്‍ ഐപിസി 302(കൊലപാതകം)498 എ(വിവാഹിതയായ സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കുക) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഭര്‍തൃ മാതാവിന്റെ മേലും498 എ ചുമത്തിയിട്ടുണ്ട്. ആത്മഹത്യയാണ് മരണകാരണമെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. 

Eng­lish Summary:Crimes against women must be dealt with sen­si­bly: Supreme Court
You may also like this video

Exit mobile version