Site iconSite icon Janayugom Online

കാർഷിക മേഖലയിലെ പ്രതിസന്ധി സമ്പദ് ഘടനയെ തകർക്കുന്നു: സത്യൻ മൊകേരി

sathya mokerisathya mokeri

രാജ്യത്ത് കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി നമ്മുടെ സമ്പദ് ഘടനയെത്തന്നെ തകർക്കുകയാണെന്ന് അഖിലേന്ത്യാ കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി. കിസാൻസഭ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരകർഷകരുടെ സംസ്ഥാന കൺവെൻഷൻ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖല പ്രതിസന്ധിയിലാണ് എന്നുപറഞ്ഞാൽ സമ്പദ്ഘടന പ്രതിസന്ധിയിലാണ് എന്നാണർത്ഥം. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കൃഷിക്കാരുടെ ഇടപെടലുകൾ ശക്തമാക്കണം. നാളികേരത്തിന്റെ ഉത്പാദനക്കുറവും കൃഷിക്കാർ കൂട്ടത്തോടെ ഈ മേഖലയിൽ നിന്നും പിൻവാങ്ങുന്നതും തുച്ഛമായ വരുമാനം കാരണം കൃഷിക്കാർ കൃഷിപാടെ ഉപേക്ഷിക്കുന്നതുമെല്ലാം നാളികേര കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണ്.
കോർപ്പറേറ്റുകൾ കമ്പോളം വെട്ടിപ്പിടിക്കാനുള്ള നീക്കം നടത്തുന്നു. നാളികേരം, റബ്ബർ, പാൽ, ചായ, കാപ്പി തുടങ്ങിയ കാർഷിക മേഖലകളിലെല്ലാം ഇതാണ് അവസ്ഥ. വെളിച്ചെണ്ണക്കെതിരെ വ്യാപകമായ പ്രചാരണം ഉയർത്തിയാണ് വൻകിട കോർപ്പറേറ്റുകളുടെ കീഴിൽ ഭക്ഷ്യഎണ്ണ ലോബി അവരുടെ പ്രചാരണം ശക്തമാക്കിയത്. ഭക്ഷ്യഎണ്ണ എന്ത് ഉപയോഗിക്കണമെന്ന് കോർപ്പറേറ്റുകൾ നിശ്ചയിക്കുന്ന അവസ്ഥയാണ്. ഇത് കേരകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. 

രോഗങ്ങൾ കാരണം ഉത്പാദനക്ഷമത നശിച്ചു. ഇത് കർഷകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി. കൃഷിക്കാർ ഈ മേഖലയെ കയ്യൊഴിഞ്ഞു. 40 ലക്ഷത്തോളം നാളികേര കൃഷിക്കാരാണ് കേരളത്തിൽ ഈ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. പ്രതിസന്ധിയിലായ തെങ്ങ് കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി എന്തെല്ലാം പ്രവർത്തനങ്ങൾ നടത്താൻ കഴിയുമോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഉത്പാദനക്ഷമതയുള്ള നടീൽ വസ്തുക്കളല്ല സർക്കാർ ഏജൻസികളിൽ നിന്നു പോലും ലഭിക്കുന്നത്. ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കൃഷിക്കാർക്ക് ലഭ്യമാക്കണം. എന്നാൽ ഇതിനുള്ള പദ്ധതികൾ ഒന്നും ഫലം കാണുന്നില്ല. ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഇതിനുവേണ്ടി പ്രവർത്തനം നടത്തണം.
കൃഷിക്കാർക്ക് കള്ള് ചെത്താനും ശർക്കര ഉല്പാദിപ്പിക്കാനുമുള്ള അവകാശം നൽകണം. മദ്യത്തിന്റെ ഒഴുക്കാകും എന്ന് വിശദീകരിച്ച് ഈ നിർദ്ദേശത്തെ തള്ളിക്കളയുന്ന അവസ്ഥയാണ് ഉണ്ടായത്. വിദേശ മദ്യ ലോബിയാണ് ഇതിനെ എതിർക്കുന്നത്. എന്നാൽ മദ്യത്തിന്റെ ഉത്പാദനം നാൾക്കുനാൾ വർദ്ധിക്കുകയാണ്. കള്ളിന് മാത്രമാണ് ഇവർ പ്രശ്നങ്ങൾ കാണുന്നത്. നീര ഉത്പാദനം വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ അതും പിറകോട്ട് പോയി. അതും പുനഃപരിശോധിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കിസാൻസഭ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി അധ്യക്ഷത വഹിച്ചു. കേരകർഷകരെ സഹായിക്കുന്നതിന് വേണ്ടി ആരംഭിച്ച നീരാ പദ്ധതി കാര്യക്ഷമമാക്കണമെന്നും മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ കൂടുതലായി നിര്‍മ്മിച്ച് കര്‍ഷകരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടിവി ബാലൻ, ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, കേര കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എ പ്രദീപൻ, കേര കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി എൻ ജീവൻ, കിസാന്‍സഭ ജില്ലാ പ്രസിഡന്റ് കെ നാരായണക്കുറുപ്പ് എന്നിവർ സംസാരിച്ചു. നാളികേര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എ കെ സിദ്ധാർത്ഥൻ ‘നാളികേര മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി ടി കെ രാജൻ മാസ്റ്റർ സ്വാഗതവും മധുകുമാര്‍ വെസ്റ്റ് ഹില്‍ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Cri­sis in agri­cul­ture sec­tor is destroy­ing econ­o­my struc­ture: Sathyan Mokeri

You may also like this video

Exit mobile version