ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാര ചർച്ചകൾ നാളെ പുനരാരംഭിക്കുമെന്ന് പുതിയ യുഎസ് അംബാസഡർ അറിയിച്ചു. വ്യാപാരത്തിന് പുറമെ, ‘പാക്സിലിക്ക’ പോലുള്ള സാങ്കേതിക സഹകരണവും ഇരുരാജ്യങ്ങളും വർദ്ധിപ്പിക്കും
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും. ഇന്ത്യയിലെ പുതിയ യുഎ സ് അംബാസഡർ സെർജിയോ ഗോറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ എന്നും അമേരിക്കയുടെ നല്ല സുഹൃത്താണെന്നും യഥാർത്ഥ സുഹൃത്തുക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നും എന്നാൽ അവ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കരാർ ചർച്ചകൾ നന്നായി നടക്കുന്നു എന്നും യു എസ് അംബാസഡർ വിവരിച്ചു.
വ്യാപാര കരാറിന് പുറമെ സാങ്കേതിക മേഖലയിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുമെന്ന് സെർജിയോ ഗോർ കൂട്ടിച്ചേർത്തു. അമേരിക്കയുടെ നേതൃത്വത്തിലുള്ള ‘പാക്സിലിക്ക’ ഗ്രൂപ്പിൽ അടുത്ത മാസം ഇന്ത്യ പൂർണ്ണ അംഗമാകുമെന്നും ഗോർ വിവരിച്ചു. സെമികണ്ടക്ടർ നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിട്ടിക്കൽ മിനറൽസ് എന്നിവയുടെ സുരക്ഷിതമായ സപ്ലൈ ചെയിൻ ഉറപ്പാക്കാനാണ് ഈ സഖ്യം ലക്ഷ്യമിടുന്നത്. ചൈനയുടെ ആഗോള സാങ്കേതിക ആധിപത്യത്തിന് വെല്ലുവിളിയാകാൻ ഈ പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

