Site iconSite icon Janayugom Online

ക്യൂബ സന്ദര്‍ശനം: വിവിധ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ താല്‍പര്യമറിയിച്ച് ഹവാന ഗവര്‍ണര്‍

കേരളവുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ താൽപര്യമറിയിച്ച് ഹവാന ​ഗവർണർ യാനെറ്റ് ഹെർണെൻഡസ് പെരെസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശാസ്ത്രം, ആരോ​ഗ്യം, കായികം തുടങ്ങി വിവിധ മേഖകളിൽ സഹകരണം ഉറപ്പാക്കുമെന്ന് അവർ വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാലുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ഹവാന ഗവർണർ പങ്കെടുത്തിരുന്നു. അതിന്റെ തുടർചർച്ചയാണ് നടത്തിയത്.

നഗരകാര്യങ്ങൾ, പാർപ്പിടം, കൃഷി തുടങ്ങിയ മേഖലകളിൽ കേരളത്തിന്റെ സഹകരണമുണ്ടാകണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു. കേരള — ഹവാന അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പുസ്തകോത്സവത്തിലും പരസ്പര പങ്കാളിത്തവുമുറപ്പാക്കാനും, ഇരുവശത്തു നിന്നുമുള്ള സാഹിത്യ പ്രവർത്തകർക്ക് സംവദിക്കാൻ അവസരമൊരുക്കാനും ചര്‍ച്ചയില്‍ ധാരണയായി. ആയുർവേദം, കായികം, സംയുക്ത ഗവേഷണ വികസനം, വ്യാപാരം, ബയോടെക്, ഫാർമസ്യൂട്ടിക്കൽ തുടങ്ങി വിവിധ മേഖലകളിൽ ക്യൂബയുമായി സഹകരിക്കാൻ തീരുമാനിച്ചു.

കേരളവും ക്യൂബയും പ്രധാന ടൂറിസം ആകർഷക കേന്ദ്രങ്ങളാണ്. ടൂറിസം വികസനത്തിലുള്ള സഹകരണത്തിലൂടെ ഇരുവർക്കും പരസ്പരം അറിവ് നേടാനും പങ്കു വെക്കാനും സാധിക്കും. സന്ദർശനം ഹവാനയും കേരളവും തമ്മിലുള്ള ദീർഘവും ഫലപ്രദവുമായ ബന്ധത്തില്‍ നാഴികക്കല്ലായിമാറുമെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി ഔദ്യോഗിക സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും അറിയിച്ചു. ഹവാന ഗവർണറുടെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി ക്യൂബ സന്ദർശിക്കുന്നത്. ക്യൂബയിലെ ഏറ്റവും വലിയ നഗരവും പ്രാദേശിക ഭരണ സംവിധാനവുമാണ് ഹവാന. കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം ഹവാന ഡെപ്യൂട്ടി ഗവർണർ, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Cuba vis­it: Gov­er­nor of Havana expressed inter­est to coop­er­ate with Ker­ala in var­i­ous fields
You may also like this video

Exit mobile version