രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തേയും പാരമ്പര്യത്തെയും ഇല്ലായ്മ ചെയ്യുന്ന തരത്തിൽ വർധിച്ചു വരുന്ന സാംസ്കാരിക ജീർണത നാടിനപകടമാണെന്ന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ എം എൽ എ . ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻറ് ഫ്രണ്ട് ഷിപ്പ് (ഇസ് കഫ്) സ്റ്റേറ്റ് അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാർത്ഥ താൽപര്യങ്ങൾക്ക് അടിമപ്പെടുന്നതോടെ സമൂഹത്തിൽ ഇഷ്ടമില്ലായ്മയുടെ അകലം കൂടുകയാണ്. നവോത്ഥാന മൂല്യങ്ങൾ നഷ്ടമാകുകയും നാം പടികടത്തിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു വരികയാണ്. കുടുംബ ബന്ധങ്ങൾ പോലും ഭദ്രമല്ലാത്ത അന്തരീക്ഷം സംജാതമാകുന്നു.
ഈ വെല്ലുവിളികളിൽ നിന്നും കേരളത്തെ പിടിച്ചുനിർത്താനാവശ്യമായ സാംസ്കാരികമായ കൂട്ടായ്മകൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കുമളി ഹോളിഡേ ഹോമിൽ നടന്ന അസംബ്ലിയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കമല സദാനന്ദൻ അധ്യക്ഷത വഹിച്ചു. വാഴൂർ സോമൻ എംഎൽഎ , കെ സലിംകുമാർ, അഡ്വ പ്രശാന്ത് രാജൻ, ജിജി കെ ഫിലിപ്പ്, കെ എസ് മധുസൂദനൻ നായർ, ജോസ് ഫിലിപ്പ്, വി കെ ബാബുക്കുട്ടി, ജോഷി ജെയിംസ് തുടങ്ങിയർ പ്രസംഗിച്ചു. ജനറൽ കൺവീനർ പ്രിൻസ് മാത്യു സ്വാഗതവും ട്രഷറർ പി ജെ ടൈറ്റസ് നന്ദിയും പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ പ്രവർത്തന രേഖയും സംസ്ഥാന ട്രഷറർ റോജൻ ജോസ് കണക്കും സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി പ്രമേയവും അവതരിപ്പിച്ചു. ഇന്ന് മയക്കുമരുന്നും അന്ധവിശ്വാസ ‑അനാചാരങ്ങളും, പരിസ്ഥിതി സംരക്ഷണവും മാനവരാശിയും , ജനാധിപത്യ സമൂഹത്തിൽ കലാ ‑സാംസ്‌കാരിക പ്രവർത്തനങ്ങളുടെ പങ്ക് എന്നീ വിഷയങ്ങളിൽ ഡോ. പി കെ ബാലകൃഷ്ണൻ, കെ കെ ശിവരാമൻ, എ പി അഹമ്മദ് എന്നിവർ വിഷയാവതരണം നടത്തും.
English Summary: Cultural decay is the bane of the country: Mullakkara Ratnakaran
You may also like this video