അതിവേഗം വര്‍ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി(സിഎഡി)യും അനിശ്ചിതമായി നീളുന്ന ഭൗമ, രാഷ്ട്രീയ പ്രതിസന്ധികളും റഷ്യയുടെ ഉക്രെയ്‌ന്‍ അധിനിവേശവും ആഗോള അസംസ്കൃത എണ്ണ വിലനിലവാര വര്‍ധനവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അതീവ ഗുരുതരാവസ്ഥയിലാക്കിയിരിക്കുകയാണ്. ശ്രീലങ്കന്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും നമ്മളെ ബാധിക്കുന്നുണ്ട്. ഈ സങ്കീര്‍ണാവസ്ഥക്കു മുന്നില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അന്ധാളിച്ചു നില്‍ക്കുകയാണ്. കോവിഡ് മഹാമാരി ഏല്പിച്ച കടുത്ത ആഘാതത്തില്‍ നിന്നും ഏതുവിധേന മുക്തിനേടുമെന്ന് അറിയാത്ത സ്ഥിതിയിലാണ് രാജ്യം. ആഗോള എണ്ണ വില വര്‍ധനവിനു പുറമെ ചരക്കുവില കുതിപ്പും സേവനവിപണികളിലെ ചെലവു വര്‍ധനവും തുടരുകയാണ്. അതുകൊണ്ടുതന്നെ ആഗോള വിതരണശൃംഖലയും താറുമാറായി. ഇതിന്റെ പ്രതിഫലനമെന്ന നിലയില്‍, ദേശീയ സമ്പാദ്യം ദേശീയ നിക്ഷേപങ്ങളേക്കാള്‍ താണ നിലവാരത്തിലെത്തും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇന്ത്യയില്‍ നിന്നും പുറത്തേക്കുള്ള മൂലധനത്തിന്റെ ഒഴുക്ക് ഒരു പ്രത്യേക കാലഘട്ടത്തില്‍ അകത്തേക്കുള്ള മൂലധന ഒഴുക്കിനേക്കാള്‍ ഏറിയിരിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രക്രിയയാണ് കറന്റ് അക്കൗണ്ട് കമ്മി എന്നറിയപ്പെടുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നിലവിലുള്ള പ്രതിസന്ധിയും മറ്റൊന്നല്ല.
ഇതുകൂടി വായിക്കൂ: കേരളത്തെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കുന്ന കേന്ദ്രനയം
വിദേശ വിനിമയ മേഖലയിലെ വിദഗ്ധന്മാര്‍ കണക്കാക്കിയത്, ഇന്ത്യയുടെ നിലവിലെ കമ്മി ജിഡിപിയെക്കാള്‍ മൂന്നു ശതമാനത്തിലേറെയെന്നാണ്. എണ്ണവില വര്‍ധന, ചരക്കുസേവന വില വര്‍ധന, പണപ്പെരുപ്പവും കയറ്റുമതി നിയന്ത്രണവും, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം എന്നിവ ഇതിനുള്ള കാരണങ്ങളില്‍ ചിലതുമാത്രമാണ്. 2022ലെ ഇന്ത്യയുടെ സിഎഡി, 2021ലെ 1.3 ശതമാനത്തെ അപേക്ഷിച്ച് ജിഡിപിയുടെ 1.2 ശതമാനത്തിലേക്ക് കുറഞ്ഞു. അതായത് 38.7 ദശലക്ഷം ഡോളര്‍. താമസിയാതെ ജിഡിപിയുടെ മൂന്ന് ശതമാനത്തിലെത്തുന്നതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകും. ഇപ്പോള്‍ ശ്രീലങ്ക അഭിമുഖീകരിക്കുന്നത് ഇതേ അവസ്ഥയുടെ ഫലമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പരോക്ഷമായെങ്കിലും നല്‍കുന്ന മുന്നറിയിപ്പ്. കടബാധ്യതകള്‍ കുമിഞ്ഞുകൂടുന്നതിന്റെ പ്രത്യാഘാതമെന്ന നിലയില്‍ വികസനാവശ്യങ്ങള്‍ക്കുള്ള പണം ലഭ്യമല്ലാത്ത സ്ഥിതി വിശേഷമുണ്ടാകും. ഈ വിപത്ത് കര്‍ശനമായി നേരിടാതിരുന്നാല്‍ വിദേശവിനിമയ ശേഖരം “പൂജ്യ“ത്തിലെത്തും. രൂപയുടെ വിനിമയ മൂല്യം ഇന്നത്തെ നിലയില്‍ നിന്നും കുതിച്ചുയര്‍ന്ന് ഡോളര്‍ ഒന്നിന് 100 രൂപയിലെത്താനും സാധ്യതയുണ്ടെന്നാണ് നിഷ്പക്ഷമതികളായ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ പുനരുദ്ധാരണ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിലൂടെയല്ലാതെ വിദേശവിനിമയ ശേഖര ചോര്‍ച്ചയും രൂപയുടെ മൂല്യശോഷണവും തടഞ്ഞുനിര്‍ത്താന്‍ മോഡി സര്‍ക്കാരിന് കഴിയാതെ വരും. ഒരു പരിധിക്കപ്പുറം ഇടപെടാന്‍ ആര്‍ബിഐക്കും പരിമിതികളുണ്ട്.
ഇതുകൂടി വായിക്കൂ: ശ്രീലങ്കയ്ക്ക് പിന്നാലെ ഇറാനിലും സാമ്പത്തിക പ്രതിസന്ധി
രാജ്യത്തിന്റെ കടബാധ്യത ഏതളവില്‍ എത്രകാലത്തേക്ക് താങ്ങിനിര്‍ത്താന്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സാധ്യമാകും എന്നത് അടിയന്തരമായി പരിശോധിക്കണം. ഇവിടെയാണ് ജിഡിപി വളര്‍ച്ചാനിരക്ക് പ്രസക്തമാകുന്നത്. ജിഡിപി നിരക്ക് ആറ് ശതമാനമോ, 6.5ഓ ആണെങ്കില്‍ സിഎഡി 3.5 ശതമാനത്തില്‍ നിലനിര്‍ത്താനാകണം. എങ്കിലെ വലിയ അപകടമില്ലാതെ സാമ്പത്തിക വികസനം നടത്താനാവു എന്നാണ് ഇന്ത്യയുടെ മുന്‍ മുഖ്യ സ്റ്റാറ്റിസ്റ്റിക്കല്‍ മേധാവിയായ ഡോ. പ്രണാബ്സെന്നിന്റെ നിഗമനം. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ജിഡിപി നിരക്ക് ആറ് ശതമാനത്തില്‍ നിലനിര്‍ത്തിപ്പോകാന്‍ കഴിയുമോ എന്നത് തന്നെ അനിശ്ചിതത്വത്തിലാണ്. രൂപയുടെ മൂല്യത്തകര്‍ച്ച ഒരു തുടര്‍ പ്രക്രിയകൂടി ആയിരിക്കുന്നതിനാലും കേന്ദ്ര സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണുള്ളത്. കറന്റ് അക്കൗണ്ട് കമ്മി പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, പണപ്പെരുപ്പവും വിലക്കയറ്റവും എല്ലാത്തരം പ്രതീക്ഷകള്‍ക്കുമപ്പുറം കുതിച്ചുയരുകയുമാണ്. രൂപയുടെ ആഭ്യന്തര ക്രയശേഷിയും ഇതോടൊപ്പം തകര്‍ന്നിരിക്കുന്നതായി വിലവര്‍ധനവിലൂടെ വ്യക്തമാക്കപ്പെടുന്നുമുണ്ട്.
ഇറക്കുമതി ചെലവ് 2021ല്‍ 395.5 ബില്യന്‍ ഡോളര്‍ ആയിരുന്നത് 2022 ആയതോടെ 618.8 ബില്യന്‍ ഡോളറിലേക്കു കുതിച്ചുയര്‍ന്നതായാണ് ബാലന്‍സ് ഓഫ് പേയ്‌മെന്റ്സ്-കയറ്റുമതി ഇറക്കുമതി ബാലന്‍സ് സംബന്ധമായ കണക്കുകള്‍ ‑വ്യക്തമാക്കുന്നത്. വ്യാപാര കമ്മി വലുതായതിന്റെ പ്രതിഫലനമാണിത്. ഇതിലൂടെ വ്യക്തമാകുന്നത് ഇതിനിടെ രൂപയിലുണ്ടായ വിദേശ വിനിമയ മൂല്യശോഷണം കൂടിയാണ്. ഇതൊരു തുടര്‍ പ്രക്രിയ എന്ന നിലയില്‍ ഒരു ഡോളറിന് 80 രൂപയോട് അടുത്തെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കറന്‍സി അതിന്റെ സ്വാഭാവിക മൂല്യനിലവാരത്തിലെത്തുകയാണ് വേണ്ടതെന്നാണ് മുന്‍ പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് ചെയര്‍മാനും ഇപ്പോള്‍ ഇഗ്രൊ ഫൗണ്ടേഷന്‍ സിഇഒയുമായ ഡോ. ചരണ്‍സിങ്ങിനെ പോലുള്ളവര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി(ഇക്ര)യുടെ മുഖ്യ ധനശാസ്ത്രജ്ഞന്‍ ഡോ. അദിതിനായര്‍ പറയുന്നത്, രൂപയുടെ മൂല്യം ജിഡിപിയുടെ മൂന്ന് ശതമാനത്തിലേറെ ആയി താഴുന്നപക്ഷം സര്‍ക്കാരിന് കറന്റ് അക്കൗണ്ട് കമ്മി എന്ന പ്രതിസന്ധി മറികടക്കുക വലിയ വെല്ലുവിളിയായിരിക്കും എന്നാണ്. നൊമുറ എന്ന ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുടെ നിഗമനം ഉയര്‍ന്ന വ്യാപാര കമ്മി താല്ക്കാലികമായൊരു “നോര്‍മല്‍” ആയി തുടരുമെന്നാണ്. ഇന്നത്തെ സ്ഥിതിയില്‍ നടപ്പു ധനകാര്യ വര്‍ഷത്തില്‍തന്നെ സിഎഡി, ജിഡിപിയുടെ 3.3 ശതമാനത്തില്‍ എത്താമെന്നും നൊമുറ പറയുന്നു.
ധനകാര്യ ഞെരുക്കംമൂലം സര്‍ക്കാര്‍ സ്വന്തം വികസനാവശ്യങ്ങള്‍ക്കായുള്ള മാര്‍ഗം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. ഇതിലേക്കായി നിലവിലുള്ള ഒരു മാര്‍ഗം ജിഎസ്‌ടി വരുമാനത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവാണ്. ഇതോടൊപ്പം അനാവശ്യമായ ചെലവുകള്‍ കര്‍ശനമായി കുറയ്ക്കണം. മോഡി സര്‍ക്കാര്‍ ഈ മാര്‍ഗങ്ങള്‍ക്കുപുറമെ വിറ്റഴിക്കല്‍ (ഡിസ്ഇൻവെസ്റ്റ്മെന്റ് ) വഴിയും വരുമാന വര്‍ധനവിന് ശ്രമം നടത്തുന്നുണ്ട്. നാഷണല്‍ അസറ്റ് മോണെറ്റൈസേഷന്‍ പൈപ്പ് ലൈന്‍ എന്ന പേരില്‍ പദ്ധതിയും ആവിഷ്കരിച്ചു.
ഇതുകൂടി വായിക്കൂ: സാമ്പത്തിക വികസനവും സബ്സിഡികളും
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയോടെ വ്യപാര കമ്മിക്കു പരിഹാരമെന്ന നിലയില്‍ ഒരു പരിപാടിക്ക് മോഡി സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ശ്രീലങ്കയും റഷ്യയുമായുള്ള വ്യാപാര ഇടപാടുകളടക്കം വിവിധ രാജ്യങ്ങളുമായി രൂപാ അടിസ്ഥാനത്തിലായിരിക്കും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുക. വ്യാപാര ബന്ധങ്ങളുള്ള രാജ്യങ്ങളിലെ കറന്‍സി കൈമാറ്റ നിരക്കുകളുടെ മൂല്യനിര്‍ണയം വിപണി ശക്തികളായിരിക്കും നടത്തുക. വ്യാപാര കരാറുകളുടെ അടിസ്ഥാനവും രൂപാ നിരക്കിലായിരിക്കും. മൂലധന, കറന്റ് അക്കൗണ്ട് ഇടപാടുകളും മിച്ചംവരുന്ന രൂപ വിനിയോഗിച്ചായിരിക്കും തീര്‍പ്പാക്കുക. ശിഷ്ടവരുമാന വിനിമയ ബാലന്‍സ് സര്‍ക്കാര്‍ വക സെക്യൂരിറ്റികളില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതി വേണം. നിലവിലെ വിദേശ വിനിമയക്കമ്മി കൂടുതല്‍ ഗുരുതരമാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് വേണ്ടിവന്നാല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തനം നടത്തിവരുന്ന ബാങ്കുകള്‍ക്ക് സമ്പര്‍ക്കം പുലര്‍ത്താന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കാതെ കഴിയില്ല. ഈ വസ്തുത കണക്കിലെടുത്ത് ആഗോളതലത്തിലുള്ള ഇടപാടുകള്‍ക്കായി സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് (സ്വിഫ്റ്റ്) എന്ന സംവിധാനവുമായി സമ്പര്‍ക്കം പുലര്‍ത്താനും തീരുമാനമായിരിക്കുന്നു. ഇതിന്റെ ഭാഗമെന്ന നിലയില്‍ ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ക്കപ്പുറം വിവിധ ബാങ്കുകള്‍ക്ക് പരസ്പരം ബന്ധപ്പെടാനും ഇടപാടുകള്‍ നടത്താനും സാധ്യതകള്‍ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. ഇത്തരമൊരു നയപരമായ തീരുമാനം മോഡിസര്‍ക്കാരിന് സ്വീകരിക്കേണ്ടിവരുമെന്നാണ് എസ്‌പി ജെയ്‌ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അസോസിയേറ്റഡ് പ്രൊഫസര്‍ ഡോ. അനന്തനാരായണ്‍ പറയുന്നത്.
2022 ജൂണില്‍ മാത്രം ഇന്ത്യ രേഖപ്പെടുത്തിയ വ്യാപാരക്കമ്മി ഏറ്റവും ഉയര്‍ന്ന 25–63 ദശലക്ഷം ഡോളര്‍ ആയിരുന്നു. വിദേശ നിക്ഷേപകരാണെങ്കില്‍ 2022ല്‍ ഇതുവരെയായി വിറ്റഴിച്ചത് 30.3 ബില്യന്‍ ഡോളര്‍ മൂല്യം മതിക്കുന്ന ആസ്തികളാണ്. 2008ലെ ഏറ്റവും ഗുരുതരമായ ആഗോള ധനകാര്യ പ്രതിസന്ധിക്കുശേഷമുള്ളതിന്റെ മൂന്നിരട്ടിയോളം വരും ഈ ആസ്തികള്‍. ആഗോള വളര്‍ച്ചനിരക്ക് മരവിപ്പിലായതിനെ തുടര്‍ന്ന്, പണപ്പെരുപ്പവും വിലക്കയറ്റവും പിടിവിട്ടു പോകുമെന്ന പതനത്തില്‍ എത്തിയപ്പോള്‍ യുഎസ് ഭരണകൂടം കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ മുന്‍കയ്യോടെ ബാങ്ക് നിരക്കുകളില്‍ വര്‍ധനവുവരുത്താനും തുടങ്ങി. ഇതിനെല്ലാം ഉപരിയായിട്ടാണ് റഷ്യ‑ഉക്രെയ്‌ന്‍ യുദ്ധം യാതൊരു മാറ്റവുമില്ലാതെ തുടരുന്നതിനാല്‍ ചരക്കുകളിലും സേവനങ്ങളുടെയും ആഗോള വിതരണ ശൃംഖലകളില്‍ വന്നുചേര്‍ന്നിരിക്കുന്ന പ്രതിബന്ധങ്ങളും. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടേതിനു പുറമെ, യുകെ, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളും ഗുരുതരമായ പ്രതിസന്ധികളുടെ നടുക്കയത്തിലാണ്. ഇതിനിടയില്‍ ആര്‍ബിഐ നടത്തുന്ന പ്രതിരോധ നടപടികള്‍ എങ്ങുമെത്താത്തതില്‍ അത്ഭുതപ്പെടേണ്ടതില്ല.