17 April 2024, Wednesday

സാമ്പത്തിക വികസനവും സബ്സിഡികളും

പ്രൊഫ. കെ അരവിന്ദാക്ഷൻ
May 18, 2022 7:00 am

സമീപകാലത്ത് 15-ാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. എന്‍ കെ സിങ്, ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മത്സരബുദ്ധിയോടെ വിവേചനരഹിതമായ നിലയില്‍ സബ്സിഡി ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി അനുവദിക്കുന്നതിനെ രൂപക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ പ്രക്രിയയ്ക്ക് കടിഞ്ഞാണിടാത്തപക്ഷം, ഇത് നമ്മെ അതിവേഗം കൊണ്ടെത്തിക്കുക “ധനകാര്യ ദുരന്ത“ത്തിലായിരിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സൗജന്യങ്ങള്‍, സബ്സിഡികള്‍ വഴിയൊക്കെ അനുവദിക്കുന്നത് ഒരു പരിധിവരെ ന്യായീകരിക്കാമെങ്കിലും അതിന്റെ പ്രതികൂല ആഘാതം സമ്പദ്‌വ്യവസ്ഥയുടെ ദീര്‍ഘകാല വികസനതാല്പര്യങ്ങള്‍ക്ക് ഹാനികരമായിരിക്കരുതെന്നാണ് അദ്ദേഹം കരുതുന്നത്. ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്റെ അഭിപ്രായമാണിതെന്ന നിലയില്‍ ഇതേപ്പറ്റി ഗൗരവപൂര്‍വമായൊരു പരിശോധന കൂടിയേ തീരൂ. സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യ സ്ഥിരത കണക്കിലെടുത്താല്‍ വഴിവിട്ട സൗകര്യങ്ങളും സബ്സിഡി ആനുകൂല്യങ്ങളും അനുവദിക്കുന്നത് ആശാസ്യമല്ലെന്നതാണ് വസ്തുത. ഇവിടെയാണ് ഉല്പാദനക്ഷമത ലക്ഷ്യമാക്കിയുള്ള സബ്സിഡികളും തീര്‍ത്തും ഉല്പാദനക്ഷമമല്ലാത്ത സബ്സിഡികളും തമ്മില്‍ വേര്‍തിരിച്ചുള്ള പരിശോധന അനിവാര്യമാവുക. സംസ്ഥാന സര്‍ക്കാരുകള്‍, അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടേയോ മുന്നണിയുടേയോ ആയാലും അവയുടെ ക്ഷേമകാര്യ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സബ്സിഡികള്‍ വരുന്നെങ്കില്‍ അവ തീര്‍ത്തും ഒഴിവാക്കണമെന്ന് വാദിക്കുന്നത് അര്‍ത്ഥശൂന്യം മാത്രമല്ല, അത് തെറ്റാണെന്നുകൂടി പറയേണ്ടിവരുന്നു. എന്നാല്‍ ഇവിടേയും ഒരു വസ്തുത പരിഗണിക്കേണ്ടതാണ്. അതായത്, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സബ്സിഡികളും സൗജന്യങ്ങളും ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്ക് താങ്ങാന്‍ കഴിയുന്നവയും അവയുടെ ധനസ്ഥിതി വഷളാവാനിടയാക്കാത്തവയുമായിരിക്കണം. സബ്സിഡികള്‍ ഉള്‍പ്പെടെയുള്ള ഇളവുകളും സൗജന്യങ്ങളും ഗൗരവതരമായ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ അവയെ അപ്പാടെ നിരോധിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നത് ശരിയായിരിക്കില്ലെന്നതാണ് വസ്തുത.

ഇവയില്‍ ചിലതൊക്കെ പൂര്‍ണമായും നീതീകരിക്കാനാവില്ലെങ്കിലും പിന്നിട്ട മൂന്നു ദശകക്കാലത്തിനിടയില്‍ സാമ്പത്തികാസമത്വങ്ങള്‍ കുത്തനെ കുതിച്ചുയര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നതുമാണ്. വിശിഷ്യാ ഒരു ദശകക്കാലത്തിനിടയിലെ വസ്തുത കണക്കിലെടുത്താല്‍ ഈ കാലയളവില്‍ ജനങ്ങള്‍ക്കായി അനുവദിക്കപ്പെട്ട സബ്സിഡികള്‍ പൂര്‍ണമായും ന്യായമാണെന്ന് കാണാന്‍ കഴിയും. വലിയൊരളവില്‍ ഇതെല്ലാം സാമ്പത്തിക വളര്‍ച്ചയ്ക്ക് അനിവാര്യവുമായിരുന്നു. എന്നാല്‍ കേന്ദ്ര ഭരണകൂടങ്ങള്‍ പൊതുവിലും മോഡിഭരണകൂടം വിശേഷിച്ചും സൗജന്യങ്ങള്‍ അനുവദിക്കുമ്പോള്‍ അവഗണിക്കപ്പടുന്നത് ദരിദ്ര ജനവിഭാഗങ്ങളാണെങ്കില്‍ അതിന്റെ ഗുണഭോക്താക്കള്‍ പ്രധാനമായും കോര്‍പറേറ്റ് സ്ഥാപനങ്ങളും വ്യക്തികളുമാണെന്നും നാം തിരിച്ചറിയാതിരിക്കരുത്. യുപിഎ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ ഊര്‍ജ്ജസ്വലതയോടെ നടപ്പാക്കപ്പെടാന്‍ തുടങ്ങിയ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി അടക്കമുള്ള തൊഴില്‍ദാനപദ്ധതികളും ക്ഷേമപദ്ധതികളും വലിയൊരളവില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് സഹായകമാകുകയും ചെയ്തിട്ടുണ്ട്. പൊതുവിതരണ സംവിധാനംവഴി അവശ്യ ഉപഭോഗവസ്തുക്കളുടെ വിതരണശൃംഖലയ്ക്കും നിരവധി സംസ്ഥാനങ്ങളില്‍ ഈ വഴിക്കാണ് കാര്യങ്ങള്‍ നീക്കുന്നതിലേക്ക് സഹായകമായിട്ടുള്ളത്. സാമ്പത്തിക പുരോഗതിയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും ജനക്ഷേമവും വേറിട്ടു നടപ്പാക്കേണ്ട പരിപാടികളല്ല, അവ പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണെന്നും നാം തിരിച്ചറിയണം, അംഗീകരിക്കുകയും വേണം. മോഡിസര്‍ക്കാരിന്റെ രണ്ടാം വരവിനുമുമ്പ് ദേശീയ ഏജന്‍സിയായ എന്‍എസ്ഒ നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ ദാരിദ്ര്യം സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതുവരെ പൂഴ്ത്തിവച്ചതും പരസ്യമായൊരു രഹസ്യമായിരുന്നില്ലേ? ഏറ്റവുമൊടുവില്‍ ലഭ്യമാകുന്ന വിവരമനുസരിച്ച് ജിഎസ്‌ടി വ്യവസ്ഥ നടപ്പാക്കുന്നതിലൂടെ സംസ്ഥാനങ്ങളെ കുത്തുപാളയെടുപ്പിക്കാന്‍ മോഡിസര്‍ക്കാര്‍ പ്രകടമാക്കിയ അമിതാവേശം ഇപ്പോള്‍ ഫെഡറല്‍ സാമ്പത്തിക ബന്ധങ്ങള്‍ക്ക് ഹാനികരമായി മാറാന്‍ വഴിയൊരുക്കുന്ന മറ്റൊരു ദിശയിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്.


ഇതുകൂടി വായിക്കാം; സമ്പദ്‌വ്യവസ്ഥയും ഫെഡറല്‍ സാമ്പത്തിക ബന്ധങ്ങളും പ്രശ്നങ്ങളും പരിഹാരവും


പെട്രോളിയം ഉല്പന്നങ്ങള്‍ക്കുള്ള നികുതി ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായി ഏറ്റെടുക്കുക വഴി സാധാരണക്കാരുടെ ബാധ്യതയില്‍ അയവുവരുത്താന്‍ മോഡി സര്‍ക്കാര്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് തുറന്ന നിലയില്‍ തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്ര എക്സൈസ് നികുതി വരുമാനത്തിന്റെ ഓഹരിയെന്ന നിലയില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജിഎസ്‌ടിയില്‍ നിന്നും ഒരു വിഹിതം ലഭ്യമാകുന്നുള്ളു എന്ന അവസ്ഥ നിലവിലിരിക്കെ, അതുതന്നെ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കപ്പെടുന്ന 2022–23 ധനകാര്യ വര്‍ഷത്തിനുശേഷം ലഭ്യമാകുമോ എന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലം കൂടിയാവുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആശങ്കപ്പെടുന്നതില്‍ എന്തിന് അത്ഭുതപ്പെടണം? സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ ക്ഷേമകാര്യങ്ങള്‍ക്കായി അനുവദിക്കുന്ന സബ്സിഡികള്‍— ഭക്ഷ്യസബ്സിഡി, വളംസബ്സിഡി എന്നിവയ്ക്കുപുറമെ എംഎന്‍ആര്‍ഇജിഎസ്, പിഎം കിസാന്‍ പദ്ധതി തുടങ്ങിയവയ്ക്കുള്ള കേന്ദ്ര ധനസഹായം എന്നിവയെല്ലാം ഒന്നുകില്‍ വെട്ടിക്കുറയ്ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യാനുള്ള നീക്കമാണത്രെ മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് (‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ മേയ് 2, 2022). വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് നല്കിയിരിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച് സബ്സിഡി ക്ഷേമകാര്യ ചെലവുകള്‍ പാഴായിപ്പോകാതെ കരുതലുണ്ടാകണമെന്നാണ് റിപ്പോര്‍ട്ട്. സംഭരണ‑വിതരണ ചെലവുകള്‍ മാറ്റംകൂടാതെ തുടരണമെന്നാണ് നിര്‍ദേശമെങ്കിലും സ്റ്റോറേജ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്സ് തുടങ്ങിയവയുടെ മേല്‍ പ്രത്യേക ശ്രദ്ധവേണമെന്നും പറയുന്നു. ഇത്തരം നിര്‍ദേശങ്ങള്‍ താഴോട്ടേക്കെത്തുമ്പോള്‍ എന്തു നടക്കുമെന്നതിന് ഉറപ്പു പറയാന്‍ കഴിയില്ല. അതുപോലെ തന്നെ പിഎം കിസാന്‍, എംഎന്‍ആര്‍ഇജിഎസ് തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പില്‍ ചോര്‍ച്ചകള്‍ കണ്ടെത്തി അവ നീക്കണമെന്നാണ് നിര്‍ദേശം. സ്വാഭാവികമായും മുകളില്‍ നിന്നുമുള്ള കര്‍ശന നിക്ഷേപം വരുമെന്നതിനാല്‍ ബ്യൂറോക്രസിയുടെ കത്രിക പ്രയോഗിക്കപ്പെടുക പ്രധാനമായും അസംഘടിത മേഖലയിലെ ദരിദ്രവിഭാഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കുമേല്‍ ആയിരിക്കും. ആനുകൂല്യങ്ങള്‍ക്ക് അനര്‍ഹരായവരെ കണ്ടെത്തി അവരെ പദ്ധതികളില്‍ നിന്നും ഒഴിവാക്കുന്നത് നല്ല തീരുമാനമാണെങ്കില്‍ തന്നെയും അതിലേക്കായി സ്വീകരിക്കപ്പെടുന്ന പ്രക്രിയ എത്രമാത്രം നീതിപൂര്‍വമായിരിക്കുമെന്നതിലാണ് ന്യായമായ ആശങ്കയുള്ളത്. പിഎം കിസാന്‍ പദ്ധതിയുടെയും എംഎന്‍ആര്‍ഇജിഎസിന്റെ കാര്യത്തിലായാലും അനര്‍ഹരായവരോ, വ്യാജന്മാരോ ഗുണഭോക്താക്കളാകുന്നുണ്ടോ എന്ന് കൃത്യമായി തിരിച്ചറിയേണ്ടതായും വരുന്നു.

തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കള്‍ കോവിഡ് പൂര്‍വകാലയളവില്‍ 50 മില്യനായിരുന്നത് കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ 70 മില്യനായി ഉയരുകയുണ്ടായി. എന്നാല്‍, ഇന്നും ഇതില്‍ മാറ്റമുണ്ടായതായി കാണുന്നില്ലെന്നതാണ് സംശയകരമായി തോന്നുന്നതത്രെ. യഥാര്‍ത്ഥത്തില്‍ സഹായം അര്‍ഹിക്കുന്നത് രാജ്യത്താകെ 112 അങ്ങേയറ്റം പിന്നാക്കാവസ്ഥയിലുള്ള ജില്ലകളാണെന്ന കണ്ടെത്തല്‍ ഒരുപക്ഷെ ശരിയായിരിക്കാം. ഇതില്‍പൊടുന്നനെ വര്‍ധനവുണ്ടാവുകയും കോവിഡിനുശേഷവും ഈ വര്‍ധന അതേപടി തുടരുകയും ചെയ്യുകയാണെന്നതാണ് നിഗമനം. ഇത് ശരിയോ തെറ്റോ ആണെന്നതാണ് കൃത്യമായി പരിശോധിക്കപ്പെടേണ്ടതും. വളം സബ്സിഡി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന കര്‍ഷകരുടെ എണ്ണത്തിലും അര്‍ഹതയിലും കൃത്യത ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. നരേന്ദ്രമോഡി സര്‍ക്കാര്‍ രണ്ടാംവട്ടം അധികാരത്തിലെത്തുന്നതിനുള്ള സൂത്രവിദ്യയായി നടപ്പാക്കിയ പിഎം ഗരീബ് കല്യാണ്‍ അന്നാ യോജന (പിഎംജികെഎവൈ) എന്നതിന്റെ ചെലവും 2022 നും 2023നും ഇടയ്ക്ക് 2.07 ട്രില്യനില്‍ നിന്ന് 2.87 ട്രില്യന്‍ രൂപയായി കുതിച്ചുയര്‍ന്നതും സംശയകരമായി തന്നെ കരുതേണ്ടിവന്നിരിക്കുന്നു. എന്തൊക്കെ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നാലും എംഎന്‍ആര്‍ഇജിഎസും ഭക്ഷ്യ റേഷന്‍ പദ്ധതിയും തുടര്‍ന്നും നിലനിര്‍ത്തുകതന്നെവേണമെന്നതാണ് ഈ വിഷയത്തില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം. ഇവയെ വെറും ഭിക്ഷയായി കാണുന്നതിനു പകരം ജനങ്ങളുടെ ആരോഗ്യവും ഉല്പാദനക്ഷമതയും ഉയര്‍ത്താന്‍ സഹായകമായ പദ്ധതികളായി വേണം കരുതാന്‍. ഏത് വളര്‍ച്ചാ തന്ത്രമായാലും ആരോഗ്യമുള്ളൊരു അധ്വാനശക്തി ഒഴിച്ചുകൂടാനാവാത്തതാണ്. വിദ്യാഭ്യാസ മേഖലയ്ക്കായി ചെലവാക്കുന്ന പണവും ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കായി നീക്കവയ്ക്കുന്ന പണവും സമാനമായി കാണേണ്ടതുമാണ്. രണ്ടും സ്വാഗതാര്‍ഹമായ ദീര്‍ഘകാല നിക്ഷേപമേഖലകള്‍ തന്നെയാണ്. അതേസമയം, ഇടുങ്ങിയ വോട്ട്ബാങ്ക് രാഷ്ട്രീയ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ഈ രണ്ടു മേഖലകളെയും ദുരുപയോഗം ചെയ്യാന്‍ അനുവദിക്കുന്നതും ശരിയല്ല. ഈ നിബന്ധന കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഒരുപോലെ ബാധകവുമായിരിക്കണം. അതുപോലെ തന്നെ ദീര്‍ഘകാല നേട്ടങ്ങള്‍ മുന്‍നിര്‍ത്തി വന്‍കിട മൂലധന നിക്ഷേപം നടത്തി പ്രത്യേകിച്ച് കടബാധ്യത കൂടി ആവശ്യമായ വിധത്തിലാണെങ്കില്‍ അത് ഒരു വിധത്തിലും സാധൂകരിക്കാന്‍ കഴിയുന്നതല്ല. തന്മൂലം, ഇന്നത്തെ തലമുറയോടൊപ്പം ഭാവിതലമുറയെക്കൂടി കടക്കെണിയിലകപ്പെടുത്തുന്നതിനായിരിക്കും വഴിയൊരുക്കുക. ഇതും ആശാസ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.