Site icon Janayugom Online

ബിഎസ്എൻഎല്ലിനെ കയ്യൊഴിഞ്ഞ് ഉപഭോക്താക്കൾ

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിൽ നിന്ന്, അതിവേഗ ഡാറ്റ കിട്ടാക്കനിയായതിന്റെ പേരിൽ വർഷംതോറും അനേകം ഉപഭോക്താക്കൾ കൊഴിഞ്ഞു പോകുന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം മാത്രം ഇങ്ങനെ കമ്പനിയെ കൈവിട്ടവർ 77 ലക്ഷമാണ്. 4ജി സേവനത്തിന് ഇനിയും കാലതാമസമുണ്ടാകുമെന്ന് കമ്പനി അധികൃതർ തന്നെ വ്യക്തമാക്കിയിരിക്കെ, കൊഴിഞ്ഞു പോകുന്നവരുടെ എണ്ണം മേലിലും വലിയ തോതിൽ വർധിക്കാനാണിട. മൂന്ന് പുനരുദ്ധാരണ പാക്കേജുകൾ കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിനായി പ്രഖ്യാപിച്ചെങ്കിലും എല്ലാം പൊള്ളയായ വാഗ്ദാനങ്ങളായിരുന്നുവെന്നാണ് ഇപ്പോഴും 3ജി- യിൽ ഇഴയുന്ന കമ്പനി തെളിയിക്കുന്നത്.

4 ജി-യിലേക്ക് കടക്കാനുള്ള ബിഎസ്എൻഎല്ലിന്റെ ശ്രമങ്ങളെ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് കേന്ദ്രം തടയുകയായിരുന്നുവെന്ന് സ്ഥാപനത്തിലെ നോൺ എക്സിക്യൂട്ടീവ് സംഘടനകളുടെ ഐക്യ വേദി ആരോപിക്കുന്നു. 2019ൽ കേന്ദ്രം പ്രഖ്യാപിച്ച ആദ്യ പുനരുദ്ധാരണ പാക്കേജിലെ മുഖ്യ ഇനം 4 ജി സ്പെക്ട്രമായിരുന്നു. 2020ൽ തന്നെ, കമ്പനിയുടേതായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 50,000ത്തിൽ താഴെ ടവറുകൾ (ബേസ് ട്രാൻസീവർ സ്റ്റേഷൻ) കുറഞ്ഞ ചെലവിൽ നവീകരിച്ച് ഉയർത്താമായിരുന്നെങ്കിലും സർക്കാർ അതിന് അനുമതി നൽകിയില്ല. 50,000 ടവറുകൾ പുതുതായി സ്ഥാപിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾക്കായി ബിഎസ്എൻഎൽ ആഗോള ടെണ്ടർ ക്ഷണിച്ചപ്പോൾ നോക്കിയ, എറിക്സൺ, സാംസൺ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുന്നതിനെ കർശനമായി തടയുകയും ചെയ്തു. ’ ആത്മ നിർഭർ ഭാരതി‘ൽ ഉൾപ്പെടുത്തി ഇന്ത്യൻ കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങണമെന്നായിരുന്നു നിർദേശം. ഇതിനായി, ടെലികോം മന്ത്രാലയം തന്നെ ടാറ്റ ടെലി സർവീസസ് ഉൾപ്പെടുന്ന കൺസോർഷ്യത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. അവർ നൽകുന്ന ടവർ ഉപകരണങ്ങൾക്കായുള്ള ബിഎസ്എൻഎല്ലിന്റ കാത്തിരുപ്പ് നാലാം വർഷത്തിലേക്ക് കടക്കുകയാണ്.

ഒന്നര വർഷം ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്നാണ് അധികൃത ഭാഷ്യം. അതേസമയം, 37 ശതമാനം മാർക്കറ്റ് ഷെയറുള്ള റിലയൻസ് ജിയോയും 32 ശതമാനം മാർക്കറ്റ് ഷെയറുള്ള എയർടെല്ലും അടക്കം 90 ശതമാനം മാർക്കറ്റ് ഷെയറുള്ള രാജ്യത്തെ സ്വകാര്യക്കമ്പനികളെല്ലാം ഉപയോഗിക്കുന്നത് വിദേശക്കമ്പനികളുടെ ടവർ ഉപകരണങ്ങളാണ്. അവർക്ക്’ ആത്മ നിർഭർ ഭാരതി‘ന്റെ പേരിലുള്ള യാതൊരുവിധ നിയന്ത്രണങ്ങളുമില്ല. ജിയോയും എയർടെല്ലും 5ജി സ്പെക്ട്രവുമായി ബഹുദൂരം മുന്നിലാണ്. ബിഎസ്എൻഎല്ലിന്റെ ഗുരുതരാവസ്ഥ വിവരിച്ച്, അടിയന്തരമായ ഇടപെടൽ ആവശ്യപ്പെട്ട് യൂണിയനുകളുടെ ഐക്യവേദി സംസ്ഥാന ഗവർണർമാർക്ക് നിവേദനം സമർപ്പിച്ചിരിക്കുകയാണ്. ഏഴിന് ഡൽഹി മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Cus­tomers aban­don­ing BSNL

You may also like this video

Exit mobile version