കാണാതായ മൊബൈൽ ഫോൺ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തി സൈബർ പോലീസ്. കോട്ടയത്ത് എൽഐസി ജീവനക്കാരനായ കുറിച്ചി സ്വദേശി പി കെ സാബുജിയുടെ 17000 ത്തോളം രൂപ വില വരുന്ന ആൻഡ്രോയിഡ് മൊബൈൽ ഫോണാണ് കോട്ടയം സൈബർ പോലീസ് കണ്ടെത്തി തിരികെ നൽകിയത്. ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം ടൗണിൽ നിന്നും മല്ലപ്പള്ളി ബസ്സിൽ കയറാൻ ശ്രമിക്കവേ ഫോൺ നഷ്ടപ്പെടുകയായിരുന്നു.
തുടർന്ന് ഇയാൾ കോട്ടയം സൈബർസ്റ്റേഷനില് പരാതി നല്‍കുകയും, സൈബർ സെൽ ഉദ്യോഗസ്ഥര്‍ നടത്തിയ ശാസ്ത്രീയമായ പരിശോധനയ്ക്കൊടുവില്‍ ഇന്നലെ വൈകുന്നേരം അതിഥി തൊഴിലാളികൾ കൂട്ടമായി താമസിച്ചു വരുന്ന ചവിട്ടു വരിയിലുള്ള ഒരു വീട്ടിൽ നിന്നുമാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്. അതിഥി തൊഴിലാളി ജോലിചെയ്ത സ്ഥലത്ത് ആരോ കുറഞ്ഞ വിലക്ക് ഫോണ്‍ വില്പനക്കായി കൊണ്ടുവന്നതാണെന്നും, ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. കോട്ടയം സൈബർ സ്റ്റേഷൻ എസ്.എച്ച്.ഓ ജഗദീഷ്, എസ്.ഐ ജയചന്ദ്രൻ,സി.പി.ഓ മാരായ ജോബിൻസ് ജെയിംസ്, സുബിൻ പി.വി എന്നിവർ ചേർന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്. കണ്ടെടുത്ത മൊബൈൽ ഫോൺ സ്റ്റേഷനിൽ വച്ച് എസ്.എച്ച്.ഓ മറ്റു പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറി.
English Summary: Cyber police found the missing mobile phone within days
You may also like this video