ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അലർട്ടുകളില്ലാത്ത ജില്ലകളിലും ജാഗ്രത മുന്നറിയിപ്പ് നൽകി.
ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ അതിശക്തമായ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള തമിഴ്നാട് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് ഏര്‍പ്പെടുത്തി.
അതേസമയം, ആശങ്കകൾക്ക് ആശ്വാസം പകർന്ന് ഫെഞ്ചല്‍ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് ഇപ്പോൾ അതിതീവ്ര ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയിൽ പ്രവേശിച്ച ഫെഞ്ചല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വില്ലുപുരം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.