Site iconSite icon Janayugom Online

തമിഴ്നാടിനെ സ്തംഭിഭിപ്പിച്ച് ഫെയ്ഞ്ചല്‍; ദുര്‍ബലമായി പോണ്ടിച്ചേരിയും വില്ലുപുരവും

ഇന്നലെ തമിഴ്നാട്ടില്‍ കര തൊട്ട ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് ദുര്‍ബലമായെങ്കിലും അതിന്റെ സ്വാധീനം പുതുച്ചേരിയെയും വില്ലുപുരത്തിനെയും സ്തംഭിപ്പിച്ചു. ചുഴലിക്കാറ്റിന്റെ ഫലമുണ്ടായ വെള്ളപ്പൊക്കത്തില്‍ തെരുവുകളില്‍ കുടുങ്ങിപ്പോയ ആളുകളെ ഒഴിപ്പിക്കാന്‍ സൈന്യം രംഗത്തെത്തി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഈ ചെറിയ പ്രദേശങ്ങളില്‍ ഇത്രയും വലിയ പ്രകൃതിക്ഷോഭം കണ്ടിട്ടില്ലെന്ന് ആളുകള്‍ പറയുന്നു. 

കനത്ത് മഴയും അതിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും വില്ലുപുരത്തും കനത്ത നാശനഷ്ടമുണ്ടാക്കി. അഭൂതപൂര്‍വമായ മഴയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. ഇന്നലെ താത്ക്കാലികമായി നിര്‍ത്തിവച്ച ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അര്‍ധരാത്രിയോടെ പുനരാരംഭിച്ചെങ്കിലും പല വിമാനങ്ങളും റദ്ദാക്കുകയും വൈകി പുറപ്പെടുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.എന്നാല്‍ ഇന്ന് പ്രവര്‍ത്തനം സാധാരണ നിലയിലായി.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഫെയ്ഞ്ചല്‍ ആഴത്തിലുള്ള ന്യൂനമര്‍ദ്ദമായി ദുര്‍ബലപ്പെട്ടു. ഇത് വളരെ സാവധാനത്തില്‍ പടിഞ്ഞാറോട്ട് നീങ്ങുകയും അടുത്ത 12 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട്ടില്‍ ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും.

2004 ഒക്ടോബര്‍ 31ലെ 21 സെമീ മഴ റെക്കോര്‍ഡിനെ തക‍ര്‍ത്തുകൊണ്ടാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കഴിഞ്ഞ ദിവസം 61 സെമീ മഴ ലഭിച്ചത്. ഇത് ഇവിടുത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു. ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി. ഇന്നലെ രാത്രി 11 മണി മുതല്‍ പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി. 

Exit mobile version