കോട്ടയം നഗരമധ്യത്തിൽ ഹോട്ടലിന്റെ കോൺക്രീറ്റ് ബീം അടർന്നുവീണ് ലോട്ടറി ഷോപ്പ് ജീവനക്കാരൻ മരിച്ചു. പായിപ്പാട് പള്ളിയ്ക്കച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ ജെ എബ്രഹാമിന്റെ മകൻ ജിനോ കെ എബ്രഹാ(46)മാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതോടെനഗരസഭ കാര്യാലയത്തിന് എതിർവശത്തെ രാജധാനി ഹോട്ടലിലാണ് അപകടമുണ്ടായത്.
ജോലികഴിഞ്ഞ് പുറത്തേയ്ക്കിറങ്ങിയതായിരുന്നു ജിനോ. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനാണ്. ഹോട്ടലിന്റെ ജനലിനോട് ചേർന്ന് നിർമിച്ച കമാനത്തിന്റെ കോൺക്രീറ്റ് ബീം റോഡിൽ നിന്ന ജിനോയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഇഷ്ടിക കഷണം ഉൾപ്പെടെ തലയിലും ശരീരത്തിലും പതിച്ചു.
ഗുരുതരമായി പരിക്കേറ്റ ജിനോയെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് രാത്രിതന്നെ മാറ്റിയിരുന്നു. ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ജിനോയുടെ ഭാര്യ: ഷീജ. മക്കൾ: അഡോൺ, അർഷോ.
കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം അന്വേഷിക്കുമെന്നും നിർമ്മാണത്തിലെ അപാകതയാകാം അപകടത്തിന് ഇടയാക്കിയതെന്നും പൊലീസ് പറഞ്ഞു.
English Sammury: Death due to concrete beam collapse in kottayam