ജോലിക്കിടെ ദേഹത്ത് ചക്ക വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ മുക്കുന്നം വാർഡിൽ ഈയ്യക്കോട് മൈലമൂട് തോട്ടിൻകര വീട്ടിൽ ശാന്ത (64) യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. ഉയരമുള്ള കൊമ്പിൽ നിന്ന ചക്ക ശക്തമായി വീശിയടിച്ച കാറ്റിൽ പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന ശാന്തയുടെ ദേഹത്ത് വീഴുകയായിരുന്നു.
തൊഴിലാളികൾ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: ഷിബു, രാജു. മരുമക്കൾ: മഞ്ജു, സജിത.