Site iconSite icon Janayugom Online

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തിൽ, പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സർവകലാശാല പുറത്താക്കി. ഹൈക്കോടതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയെ കുറിച്ച് വെറ്ററിനറി സര്‍വകലാശാല അറിയിച്ചത്.19 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് സര്‍വകലാശാല അറിയിച്ചു. സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് മറുപടി.19 പേര്‍ക്ക് മറ്റ് കാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
2024 ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർത്ഥൻ ജീവനൊടുക്കിയെന്നാണ് കേസ്. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥനെതിരെ നടന്നത്. കോളജില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പരസ്യവിചാരണ ചെയ്തു. ഹോസ്റ്റൽ മുറി, ഡോർമെറ്ററി, നടുമുറ്റം, സമീപത്തെ കുന്ന് എന്നിവിടങ്ങളിൽ വെച്ചായിരുന്നു സിദ്ധാർത്ഥനെതിരെ ക്രൂര മർദ്ദനം നടന്നത്. ദിവസങ്ങളോളം നീണ്ട ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഒടുവിലാണ് ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version