ലൈംഗിക ന്യൂനപക്ഷമായി ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പാസാക്കി ഉഗാണ്ടന്‍ പാര്‍ലമെന്റ്. രാജ്യത്തെ പരമ്പരാഗതവും സാംസ്കാരികവുമായ മൂല്യങ്ങളെ തകര്‍ക്കുന്നതാണ് ഇത്തരം ബന്ധങ്ങളെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമനിര്‍മ്മാണം. പുതിയ നിയമപ്രകാരം എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്നവരെല്ലാം ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ പരിധിയിലും സ്വവര്‍ഗ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഇനി മുതല്‍ വധശിക്ഷയ്ക്കോ കടുത്ത തടവ് ശിക്ഷകള്‍ക്കോ വിധേയരാകേണ്ടിയും വരും. സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുകയും അത്തരത്തിലുള്ളവരെ സഹായിക്കുകയും ഗൂഢാലോചനയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരും ശിക്ഷിക്കപ്പെടും.
18 വയസില്‍ താഴെയുള്ളവരുമായി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നതും എച്ച്‌ഐവി പോസിറ്റീവായിരിക്കെ സ്വവര്‍ഗ ലൈംഗിക ബന്ധം തുടരുന്നതും കുറ്റകൃത്യമാണ്. പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ ഒപ്പുവയ്ക്കുന്നതിനായി പ്രസിഡന്റ് യോവേറി മുസേവെനിക്ക് അയച്ചിരിക്കുകയാണ്. ഉഗാണ്ട ഉള്‍പ്പെടെയുള്ള മുപ്പതിലധികം ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരത്തെ തന്നെ സ്വവര്‍ഗാനുരാഗവും സ്വവര്‍ഗ ലൈംഗികതയും നിരോധിച്ചിരുന്നു. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളെ സ്വവര്‍ഗരതിയിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന് മതനേതാക്കളും രാഷ്ട്രീയക്കാരും ആരോപിച്ചിരുന്നു. പെണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക രീതികളിലേക്ക് ആകൃഷ്ടരാക്കുന്നു എന്ന കുറ്റം ചുമത്തി ഈ മാസം ഒരു അധ്യാപികയെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളിലുള്ളവര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങളും പതിവാണ്.
English Sammury: Death penalty for homosexuality in Uganda and Sexual minorities under criminal jurisdiction