Site iconSite icon Janayugom Online

മരണമൊഴി കൊണ്ടുമാത്രം കുറ്റക്കാരനാക്കാനാകില്ല 

മരണമൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കാനാകില്ലെന്ന് സുപ്രീം കോടതി. 2014ല്‍ ഉത്തര്‍പ്രദേശില്‍ മൂന്ന് പേരുടെ കൊലപാതകത്തില്‍ കുറ്റക്കാരോപിതനായ വ്യക്തിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി ഇങ്ങനെ പ്രഖ്യാപിച്ചത്. മരണകിടക്കയില്‍ ഒരാള്‍ കള്ളം പറയില്ലെന്ന വിശ്വാസത്തിലെടുക്കുന്ന മരണമൊഴികള്‍ തെളിവായി സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പരമോന്നത കോടതി ഓര്‍മ്മപ്പെടുത്തി.
മരണ മൊഴിയില്‍ വൈരുധ്യം നിലനില്‍ക്കുകയോ തെറ്റാണെന്ന് സംശയം നിലനില്‍ക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അതിനെ ഒരു തെളിവായി മാത്രം പരിഗണിക്കാമെന്നും മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. കൊലചെയ്യപ്പെട്ട വ്യക്തിയുടെ മാനസിക നില നല്ലതാണെങ്കില്‍ മാത്രമേ മരണമൊഴി സ്വീകരിക്കാൻ പാടുള്ളൂവെന്നും നിലവില്‍ പരിശോധിക്കുന്ന കേസ് അത്തരത്തില്‍ ഒന്നല്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ എട്ടു വര്‍ഷമായി തന്റെ മകന്റെയും രണ്ട് സഹോദരങ്ങളുടെയും കൊലപാതകത്തില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന ഇര്‍ഫാൻ എന്ന വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കീഴ് കോടതി ഇയാളെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്. 2018ല്‍ ഇയാള്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു.
Eng­lish summary;Death tes­ti­mo­ny alone can­not convict
you may also like this video;

Exit mobile version