Site iconSite icon Janayugom Online

വിജയനും സതീശനും തമ്മില്‍ വ്യത്യാസമുണ്ട്: മുഖ്യമന്ത്രി

വിജയനും സതീശനും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ച ദല്ലാളിനെ തന്റെ അരികില്‍ നിന്ന് ഇറക്കിവിട്ടുട്ടുണ്ട്. കേരള ഹൗസില്‍ താന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഒരിക്കല്‍ ഈ പറയുന്ന ദല്ലാള്‍ കടന്നുവന്നത്. അപ്പോള്‍ തന്നെ അയാളോട് ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്തു. അതാണ് വിജയന്‍. അതിവിടെ പറയാന്‍ വിജയന് മടിയില്ല. എന്നാല്‍ സതീശന്‍ അങ്ങനെ പറയുമെന്ന് തോന്നുന്നില്ല‑പിണറായി പറഞ്ഞു.

ഇവിടെ പ്രതിപക്ഷം അവതരിപ്പിക്കാന്‍ ശ്രമിച്ചതെല്ലാം വസ്തുതാവിരുദ്ധമാണ്. അധികാരത്തില്‍ വന്നതിന്റെ മൂന്നാം ദിവസമാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ താന്‍ പരാതി എഴുതി വാങ്ങിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍, 2016 ജൂലൈ 26നാണ് സോളാര്‍ സംബന്ധിച്ച ഈ പറയുന്ന പരാതി ലഭിച്ചിരിക്കുന്നത്. അത് അധികാരം ലഭിച്ചതിന്റെ മൂന്ന് മാസം കഴിഞ്ഞാണ്. ദല്ലാള്‍ വന്നെന്നും പരാതി എഴുതിച്ചെന്നുമെല്ലാമുള്ളത് പ്രതിപക്ഷത്തിന്റെ കഥ മാത്രമാണ്; മുഖ്യമന്ത്രി തുടര്‍ന്നു.

സോളാര്‍ തട്ടിപ്പുകേസും അതുമായി ബന്ധപ്പെട്ട പരാതികളിലെ വിവരങ്ങളും അതിന്റെ നാള്‍വഴിയും അന്വേഷണ പുരോഗതിയും തീര്‍പ്പായവയുടെ വിവരങ്ങളും മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു. കേസിന്റെ തുടക്കം മുതല്‍ അഭിനയിക്കുന്നവര്‍ പ്രതിപക്ഷം തന്നെയാണ്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഉപ്പ് തീറ്റിക്കാന്‍ പുറപ്പെടുന്നില്ലെന്ന് മാത്രം. അന്നത്തെ മുഖ്യമന്ത്രിയെയും പരാതിക്കാരിയെയും അരുതാത്ത രീതിയില്‍ കണ്ടെന്ന് പറഞ്ഞത് അന്ന് ഭരണപക്ഷത്ത് ചീഫ് വിപ്പ് പദവി അലങ്കരിച്ച ആളാണ്. അന്നത്തെ മുഖ്യമന്ത്രിയുടെ മുന്നില്‍വച്ച് അദ്ദേഹത്തിന്റെ ഉറപ്പിന്മേലാണ് പണം കൊടുത്തതെന്ന് മല്ലിയില്‍ ശ്രീധരന്‍ നായരല്ലേ പരാതിപ്പെട്ടത്.

ഇന്നുള്ള സര്‍ക്കാരോ ഇടതുപക്ഷമോ സോളാര്‍ കേസിനെ രാഷ്ട്രീയമായ കൈകാര്യം ചെയ്തിട്ടില്ല. ആരെയും വ്യക്തിപരമായി ഉന്നം വച്ച് പ്രവര്‍ത്തിച്ചിട്ടുമില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം പകപോക്കാനും വേട്ടയാടാനും ഉള്ളതാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നത് പ്രതിപക്ഷമാണ്. സംസ്ഥാനം മുഴുവന്‍ കത്തിനിന്ന ഒരു വിഷയമായിരുന്നു, സോളാര്‍. അത് ശമിച്ച് നില്‍ക്കുകായിരുന്നു. അതിപ്പോള്‍ വീണ്ടും ചര്‍ച്ചചെയ്യാന്‍ ഏതാനും മാധ്യമങ്ങളെ ചേര്‍ത്ത് സജീവമാക്കി നിര്‍ത്തിയതും പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിബിഐയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍, ഇല്ലാത്ത റിപ്പോര്‍ട്ടിനെ ഉണ്ടെന്ന് പറയാനാവില്ലെന്ന് മറുപടി നല്‍കിയ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിന്റെ പക്കല്‍ ഉണ്ടെങ്കില്‍ അത് ഉള്‍പ്പെടെ നല്‍കി പരാതി നല്‍കാവുന്നതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

രണ്ട് മണിക്കൂര്‍ 40 മിനിറ്റോളം നണ്ട ചര്‍ച്ചയ്ക്ക് ശേഷം അടിയന്തരപ്രമേയം തള്ളുന്നതായി സ്പീക്കര്‍ അറിയിച്ചു. ഡോ.കെ ടി ജലീല്‍, സണ്ണി ജോസഫ്, പി ബാലചന്ദ്രന്‍, എന്‍ ഷംസുദ്ധീന്‍, പി പി ചിത്തരഞ്ജന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെ കെ രമ, തോമസ് കെ തോമസ്, എം നൗഷാദ്, കെ വി സുമേഷ്, വി ഡി സതീശന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കെ ബി ഗണേഷ് കുമാറും സഭയില്‍ സംസാരിച്ചു

പ്രതിപക്ഷം പേര് പരാമര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ കെ ബി ഗണേഷ് കുമാറും സഭയില്‍ സംസാരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പേര് കത്തില്‍ ഇല്ലെന്ന വിവരം മരിക്കും മുമ്പ് തന്റെ പിതാവ് ബാലകൃഷ്ണപിള്ള പറഞ്ഞിട്ടുണ്ട്. ഇല്ലാത്ത പേര് എഴുതി ചേര്‍ത്തു എന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണ്. വാര്‍ത്താമാധ്യമങ്ങളില്‍ അനാവശ്യമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും വളഞ്ഞ വഴിയിലൂടെ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

കപടസദാചാരത്തിൽ വിശ്വസിക്കുന്നില്ല. സത്യമാണ് തന്റെ ദൈവം. ഉമ്മന്‍ചാണ്ടിയുമായി രാഷ്ട്രീയമായ എതിര്‍പ്പുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഉമ്മന്‍ ചാണ്ടിയോട് വ്യക്തിപരമായ വിരോധം എനിക്കില്ല. വളഞ്ഞ വഴിയിലൂടെ വേലവയ്ക്കേണ്ട കാര്യമില്ല. മുഖത്തുനോക്കി പറയും, മുഖത്തുനോക്കി ചെയ്യും. ബിഐ ഉമ്മന്‍ചാണ്ടി സാറിനേക്കുറിച്ചും ഹൈബി ഈഡനേക്കുറിച്ചും എന്നോട് ചോദിച്ചു. രണ്ടുപേരേക്കുറിച്ചുമുള്ള കാര്യങ്ങള്‍ എനിക്കറിയില്ല എന്നാണ് ഞാന്‍ പറഞ്ഞത്, ഗണേഷ് കുമാര്‍ പറഞ്ഞു.

സോളാര്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് തന്റെ പിതാവിനെ കോണ്‍ഗ്രസിന്റെ പല നേതാക്കളും സമീപിച്ചിട്ടുണ്ട്. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്ന് കത്ത് വായിച്ച പിതാവ് തന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം രേഖപ്പെടുത്തണമെന്ന് സിബിഐയോട് താന്‍ ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പേര് ചേര്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ താന്‍ അങ്ങനെ പറയുമോ?, ഗണേഷ് കുമാര്‍ ചോദിച്ചു.

2013ല്‍ കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫില്‍ പോയപ്പോള്‍ പാര്‍ട്ടി വിട്ട് പുറത്തുപോയ ആളാണ് മനോജ് കുമാര്‍. എന്റെ ബന്ധുവാണ്. അദ്ദേഹം കോണ്‍ഗ്രസുകാരനാണ്. രാഷ്ട്രീയമായി എനിക്കെതിരാണ്. ഈ ദിവസംവരെ പരാതിക്കാരിയോ അവരുമായി ബന്ധപ്പെട്ടവരോ, നേരിട്ടോ അല്ലാതെയോ എന്നെ ബന്ധപ്പെട്ടിട്ടില്ല. അത് തെളിയിക്കാന്‍ ഏത് സിബിഐയെയും വെല്ലുവിളിക്കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Eng­lish Sam­mury: debate on solar case in ker­ala niyamasabha

Exit mobile version