Site iconSite icon Janayugom Online

മാലിന്യമുക്ത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മാർച്ച് 30ന്; സർക്കാരിന്റെ ശ്രമങ്ങൾ അവസാനഘട്ടത്തിലെന്ന് എംബി രാജേഷ്

സമ്പൂർണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മാർച്ച് 30ന് നടക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി. രാജേഷ്. സർക്കാർ നിശ്ചയിച്ച 13 മാനദണ്ഡങ്ങളിൽ ഓരോന്നിലും 80 ശതമാനം പുരോഗതി കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്. സമ്പൂർണ ഹരിതവിദ്യാലയ പ്രഖ്യാപനം, സമ്പൂർണ ഹരിത കലാലയം പ്രഖ്യാപനം, പൊതുസ്ഥലങ്ങൾ എല്ലാം വൃത്തിയുള്ളതും വലിച്ചെറിയൽ മുക്തവും, വൃത്തിയുള്ളതും വലിച്ചെറിയൽ മുക്തവുമായ ടൗണുകൾ കവലകൾ, എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപനം, എല്ലാ ടൂറിസം കേന്ദ്രങ്ങളെയും ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപനം, സമ്പൂർണ ഹരിതസ്ഥാപന പ്രഖ്യാപനം, മാലിന്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഹരിതമിത്രം ആപ്പിൻ്റെ സമ്പൂർണ്ണമായ ഉപയോഗം, അജൈവമാലിന്യത്തിൻ്റെ കൃത്യതയുള്ള നീക്കം, പബ്ലിക് ബിന്നുകൾ, നിർവ്വഹണ സമിതിയുടെ പ്രവർത്തനം, എൻഫോഴ്സ്‌മെൻ്റ് പരിശോധനകൾ എന്നിവയാണ് സർക്കാർ മാനദണ്ഡങ്ങൾ. 

മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. നേട്ടം കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മന്ത്രി ഓൺലൈനായി അഭിസംബോധന ചെയ്യും. 

Exit mobile version