ഉറക്കത്തിനിടെ ദേഹത്ത് മലമൂത്രവിസർജ്ജനം നടത്തിയെന്നാരോപിച്ച് മൂന്ന് വയസ്സുകാരനെ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ചുകൊന്നു. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഫർഹാൻ എന്ന മൂന്ന് വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മയുടെ കാമുകനായ മൗലാലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫർഹാനും അമ്മയും മൗലാലിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
സംഭവ ദിവസം രാത്രി പ്രതിയുടെ അടുത്ത് കിടന്നുറങ്ങുകയായിരുന്നു കുട്ടി. ഉറക്കത്തിനിടെ കുട്ടി അബദ്ധത്തിൽ പ്രതിയുടെ ദേഹത്ത് മലമൂത്രവിസർജ്ജനം നടത്തിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഇതിൽ പ്രകോപിതനായ മൗലാലി കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദിക്കുമ്പോൾ കുട്ടിയുടെ നിലവിളി പുറത്തുകേൾക്കാതിരിക്കാൻ പ്രതി കുട്ടിയുടെ വായ മൂടിപ്പൊത്തിയതായും റിപ്പോർട്ടുണ്ട്. മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.
പിന്നീട് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടക്കത്തിൽ കുട്ടിക്ക് സുഖമില്ലാതെ മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവും ക്രൂരമായ മർദ്ദനവുമാണ് മരണകാരണമെന്ന് വ്യക്തമായത്. ഇതിനെത്തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സോലാപൂർ പൊലീസ് പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

