Site icon Janayugom Online

പുകഞ്ഞ് ഡല്‍ഹി; വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു

രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു.മലിനീകരണം തടയാന്‍ അടിയന്തര നടപടി വേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഫലമായി വായു മലിനീകരണത്തില്‍ നേരിയ കുറവ് ഇന്നലെ രേഖപ്പെടുത്തി. മലിനീകരണം രൂക്ഷമായതോടെ സമീപനഗരങ്ങളായ ഹരിയാനയിലെ ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്, ജാജര്‍ എന്നിവിടങ്ങളിലും സ്‌കൂളുകള്‍ ബുധനാഴ്ചവരെ അടച്ചു. 

ഡല്‍ഹിയില്‍ സ്കൂളുകള്‍ ഒരാഴ്ചത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ശനിയാഴ്ച അറിയിച്ചിരുന്നു. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും ഡല്‍ഹി സര്‍ക്കാരിന് മുന്നിലുണ്ട്. അന്തരീക്ഷ മലിനീകരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അടിയന്തര നടപടി വേണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയത്.

ഡല്‍ഹിയില്‍ ഇന്നലെ വായു മലിനീകരണ സൂചിക (എക്യുഐ) ശരാശരി 338 രേഖപ്പെടുത്തി. ഫരീദാബാദ്, ഗാസിയാബാദ്, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിൽ യഥാക്രമം 312, 368, 301, 357 എന്നിങ്ങനെയും എക്യുഐ രേഖപ്പെടുത്തിയി. ഡൽഹിയിൽ ലോധി റോഡ്, പുസ റോഡ്, ചാന്ദ്‌നി ചൗക്ക്, ഡൽഹി വിമാനത്താവളം എന്നിവയുടെ വായു ഗുണനിലവാര സൂചിക യഥാക്രമം 295, 313, 352, 321 എന്നിങ്ങനെയാണ്. ഇന്നലെ ഡൽഹിയിലെ താപനില 10.1 രേഖപ്പെടുത്തി. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ്. ആപേക്ഷിക ആർദ്രത 83 ശതമാനമാണ്. 

വായു നിലവാര സൂചിക 200ൽ താഴെയെത്തിക്കാൻ രണ്ട് ദിവസത്തിനുള്ളിൽ നടപടിയുണ്ടാകണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 500ന് മുകളിലായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷമാണ് വായു മലിനീകരണം ഗുരുതരാവസ്ഥയിലേക്ക് മാറിയത്. ഒരാഴ്ച കൂടി ഈ സ്ഥിതി തുടരുമെന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് നല്‍കുന്ന സൂചന. 

Eng­lish Sum­ma­ry : del­hi air pol­lu­tion con­tin­ues and restric­tions imposed

You may also like this video :

Exit mobile version