Site iconSite icon Janayugom Online

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം. പലയിടങ്ങളിലും വായുവിന്റെ ഗുണനിലവാര സൂചിക 500 കടന്നു. ആനന്ദ് വിഹാറില്‍ അതീവഗുരുതരമായ പിഎം2.5 മലിനീകരണം 999 രേഖപ്പെടുത്തി. പിഎം10 മലിനീകരണം 478 ആണ് രേഖപ്പെടുത്തിയത്. പലര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നോളജ് പാര്‍ക്ക് 783, ആര്‍കെ പുരം 601, ജഹാംഗീര്‍പുരിയില്‍ 421, ദ്വാരകയില്‍ 435, ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 421 എന്നിങ്ങനെയാണ് പ്രധാന പ്രദേശങ്ങളിലെ വായു ഗുണനിലവാരം. മലീനീകരണത്തെത്തുടർന്ന് ശ്രീലങ്ക, ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീമുകൾ ഡൽ​ഹിയിലെ പരിശീലനം ഉപേക്ഷിച്ചിരുന്നു.

വായു മലിനീകരണം കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക കമ്മീഷന്റെ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലിനീകരണ തോത് കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) പുറപ്പെടുവിച്ച പുതുക്കിയ ഗ്രാപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സോണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശീതകാല കര്‍മ്മ പദ്ധതി പ്രകാരം റോഡുകളില്‍ മാലിന്യം കത്തിക്കല്‍, അനധികൃത പൊളിക്കല്‍-നിര്‍മാണം, മാലിന്യ നിക്ഷേപം, എന്നിവ പരിശോധിക്കാന്‍ 1,119 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 517 നിരീക്ഷണ ടീമുകളെ രൂപീകരിച്ചതായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എംസിഡി) അറിയിച്ചു.

ഡല്‍ഹി സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ എയര്‍ പ്യൂരിഫയറുകളുടെയും മാസ്‌കുകളുടെയും ആവശ്യം ഡല്‍ഹി-എന്‍സിആറില്‍ വര്‍ധിച്ചിട്ടുണ്ട്. മലിനീകരണം നവജാത ശിശുക്കളടക്കമുള്ള കുട്ടികള്‍ക്ക് ഏറെ അപകടകരമാണെന്ന് എയിംസ് പഠന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

Eng­lish Sum­ma­ry: Del­hi air pollution
You may also like this video

Exit mobile version