ലഫ്റ്റനന്റ് ഗവര്‍ണറിലൂടെ ഡല്‍ഹി സര്‍ക്കാരിന്റെ ഭരണത്തില്‍ ഇടപെടുന്ന കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഭരണ നിര്‍വഹണാധികാരമെന്നും അതില്‍ ഇടപെടാന്‍ എല്‍ ജിക്ക് അധികാരമോ അവകാശമോ ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭരണ നിര്‍വഹണം, നിയമ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ക്കാണ് പൂര്‍ണാധികാരം. ഭരണഘടനയുടെ 239 എ എ അനുച്ഛേദ പ്രകാരം ഭരണപരമായ അധികാരം ആര്‍ക്കെന്ന വിഷയത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്.
നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും നിയന്ത്രണത്തിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന് വ്യക്തമാക്കിയ വിധിയില്‍ ഭൂമി, പൊലീസ്, പൊതുക്രമം എന്നിവയെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും തീരുമാനങ്ങളെ മാനിച്ചാകണം എല്‍ജിയുടെ പ്രവര്‍ത്തനം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മ്മാണം നടത്താം. അതേസമയം സംസ്ഥാന ഭരണം കേന്ദ്രം കയ്യടക്കരുതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം ആര്‍ ഷാ, കൃഷ്ണ മുരാരി, ഹിമാ കോലി, പി എസ് നരസിംഹ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.
ലഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡൽഹി സർക്കാർ നല്കിയ ഹർജിയിലാണ് വിധി പ്രസ്താവം. പരമാധികാരം ഗവർണർക്കല്ലെന്ന കോടതി വിധി കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടിയാണ്.
സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കുന്നത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്; ജനങ്ങളോ പാര്‍ലമെന്റോ മന്ത്രിസഭയോ മന്ത്രിയോ അല്ല. ഈ സാഹചര്യത്തില്‍ അവരുടെ മേലുള്ള നിയന്ത്രണം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. സര്‍ക്കാരിന് വിധേയപ്പെടാത്ത ഉദ്യോഗസ്ഥര്‍ ജനാധിപത്യത്തില്‍ വലിയ വെല്ലുവിളിയാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. സിവില്‍ സര്‍വീസില്‍ വന്‍തോതില്‍ അഴിച്ചുപണി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വിധിക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിന് തുടക്കമെന്നോണം സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ആഷിഷ് മോറിനെ തല്‍സ്ഥാനത്തുനിന്നും സര്‍ക്കാര്‍ മാറ്റുകയും ചെയ്തു.
English Summary;Delhi and Maharashtra power struggle; The governors were wrong
You may also like this video