Site iconSite icon Janayugom Online

ഡല്‍ഹി സ്ഫോടനം; ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയ ശ്രീനഗർ സ്വദേശി അറസ്റ്റില്‍

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് അറസ്റ്റിലായത്. സ്ഫോടനത്തിന്റെ മുഖ്യപ്രതിയായ ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളായിരുന്നു. ഡ്രോൺ അടക്കം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ഡ്രോണുകളെ റോക്കറ്റ് ആക്കി മാറ്റിയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്ന് എൻഐഎ അറിയിച്ചു. 

അതേസമയം, ചെങ്കോട്ട സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നു. ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം വൈകിട്ട് 6.55ഓടെയാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചിരുന്നു. ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ വനിത ഡോക്ടർ ഷഹീന് ലഷ്ക്കർ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിർണായകമായ ഡയറിക്കുറിപ്പുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സ്ഫോടനത്തിൻ്റെ സൂത്രധാരനെന്ന് കരുതുന്ന മുസാഫർ നിലവിൽ അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്നാണ് സൂചന. തുർക്കിയിൽ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടർമാരെ നിയന്ത്രിച്ചതെന്നും കണ്ടെത്തി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡോക്ടർ ഉമർ ഉപയോഗിച്ച ഫോണുകൾ കണ്ടെത്താനുള്ള ശ്രമം എൻഐഎ തുടരുകയാണ്.

Exit mobile version