Site iconSite icon Janayugom Online

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് തടഞ്ഞ് പൊലീസ്; സംഘര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് പരിക്ക്

രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിയ ദില്ലി ചലോ മാര്‍ച്ച് തടഞ്ഞ് പൊലീസ്. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചാണ് പൊലീസ് കര്‍ഷകരെ തടഞ്ഞത്. 101 കര്‍ഷകര്‍ അടങ്ങുന്ന സംഘത്തെയാണ് ഹരിയാന പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ പൊലീസ് തടഞ്ഞത്. ഇതോടെ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ 17 കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഏകദേശം 40 മിനിറ്റോളം സംഘര്‍ഷാവസ്ഥ നീണ്ടുനിന്നു. കഴിഞ്ഞ ഞായറാഴ്ചയും പൊലീസ് കര്‍ഷകരുടെ മാര്‍ച്ച് തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും ദില്ലി ചലോ മാര്‍ച്ച് പുനരാരംഭിക്കുകയായിരുന്നു. 

അനുമതിയില്ലാതെ മാര്‍ച്ച് തുടരാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ പക്ഷം. എന്നാല്‍ ഇത് കേള്‍ക്കാന്‍ കര്‍ഷകര്‍ കൂട്ടാക്കിയില്ല. ഡല്‍ഹിയിലേക്ക് പോകാന്‍ അനുവദിക്കണമെന്നും രാജ്യതലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു. വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, വായ്പ എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കുക, വൈദ്യുതി താരിഫ് വര്‍ധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാത്രമല്ല, 2021‑ലെ ലഖിംപുര്‍ ഖേരി സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നീതിവേണമെന്നും 2020–21 കാലത്തെ കര്‍ഷക സമരകാലത്ത് ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

Exit mobile version