Site icon Janayugom Online

മദ്യനയക്കേസ്; ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍

ഡൽഹി മദ്യനയക്കേസിൽ ഉപമുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. എട്ടുമണിക്കൂർ നീണ്ട ​ചോദ്യം ചെയ്യലിനൊടുവിലാണ് നടപടി. ഇന്ന് കോടതിയില്‍ ഹാജരാക്കും. രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിലാണ് അറസ്റ്റെന്നും ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. സെൻട്രൽ ഡൽഹിയിലെ ലോധി റോഡിലുള്ള സിബിഐ ഓഫിസിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് സിസോദിയ ചോദ്യംചെയ്യലിന് ഹാജരായത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും താന്‍ അറസ്റ്റിലായേക്കുമെന്നും ഹാജരാകുന്നതിനു മുമ്പ് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു. സിബിഐ ഓഫിസിലേക്കു പോകുന്നതിന് മുമ്പായി അദ്ദേഹം രാജ്ഘട്ടിൽ സന്ദർശനവും നടത്തി.

ചോദ്യംചെയ്യലിന് മുന്നോടിയായി സിബിഐ ആസ്ഥാനത്തിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാവിലെ സിബിഐ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച ഗോപാല്‍ റായിയും സഞ്ജയ് സിങ്ങും അടക്കമുള്ള അമ്പതോളം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസോദിയയുടെ ഔദ്യോഗിക വസതിക്ക് പുറത്തും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് മനീഷ് സിസോദിയയെ ഒന്നാംപ്രതിയാക്കി സിബിഐ കേസെടുത്തത്. മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ സിസോദിയയെ സിബിഐ ചോദ്യംചെയ്തിരുന്നു. നിയമവിരുദ്ധമായി രഹസ്യാന്വേഷണ യൂണിറ്റ് രൂപീകരിച്ചതിന്റെ പേരിലും സിസോദിയ സിബിഐ അന്വേഷണം നേരിടുന്നുണ്ട്.

ഡൽഹി മദ്യനയ കേസ്

2021ല്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ കൊണ്ടുവന്ന പുതിയ മദ്യനയത്തില്‍ സ്വകാര്യമേഖലയെ സഹായിക്കുന്നതിനായി കോഴവാങ്ങിയെന്നാണ് ആരോപണം. തുടര്‍ന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ടതോടെ പുതിയ മദ്യനയം നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി.

സ്വകാര്യ കമ്പനികള്‍ നയരൂപീകരണത്തില്‍ പങ്കാളികളായെന്ന് സിബിഐ പറയുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഷേക് ബോനിപ്പള്ളി എന്ന വ്യവസായിയാണ് കോഴ ഇടപാടിന് ഇടനിലക്കാരനെന്നും സിബിഐ ആരോപിക്കുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകള്‍ കവിതയുമായും മദ്യനയക്കേസിനെ സിബിഐ ബന്ധപ്പെടുത്തുന്നുണ്ട്. സിബിഐക്ക് പുറമേ ഇഡിയും ഇതേവിഷയത്തില്‍ കേസെടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry; Del­hi Deputy Chief Min­is­ter Man­ish Siso­dia arrested

You may also like this video

Exit mobile version