രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അപകടകരമായി തുടരുന്നു. ഇന്നലെ രാവിലെ ശരാശരി വായു ഗുണനിലവാര സൂചിക 335 രേഖപ്പെടുത്തി. എന്‍സിആര്‍ മേഖലയില്‍ ശ്വസനസംബന്ധമായ രോഗങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ഗ്രാപ്പ് ) രണ്ടാംഘട്ട നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.
വെള്ളിയാഴ്ച വായു ഗുണനിലവാരം ശരാശരി 312 ആയിരുന്നു. എന്നാല്‍ ഇന്നലെ തലസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും വായു ഗുണനിലവാരം വളരെ മോശം സ്ഥിതിയിലേക്ക് മാറി. ആനന്ദ് വിഹാർ 332, അലിപൂർ 316, അശോക് വിഹാർ 332, ബവാന 366, ബുരാരി ക്രോസിങ് 345, ചാന്ദ്‌നി ചൗക്ക് 354, ദ്വാരക സെക്ടർ ‑8 310, ഐടിഒ 337, ജഹാംഗിർപുരി 342, മുണ്ട്ക 335, നരേല 335, ഓഖ്‌ല ഫേസ് 2 307, പട്പർഗഞ്ച് 314, പഞ്ചാബി ബാഗ് 343, ആർകെ പുരം 321, രോഹിണി 336, സോണിയ വിഹാർ 326 എന്നിങ്ങനെയാണ് നഗരത്തിലെ നിരവധി നിരീക്ഷണ കേന്ദ്രങ്ങളില്‍ വായു ഗുണനിലവാരം രേഖപ്പെടുത്തിയത്.
ഈ മാസം 15 മുതല്‍ ഫെബ്രുവരി 15 വരെ സര്‍ക്കാര്‍ ജീവനക്കാരുടെയും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ജോലി സമയം ക്രമീകരിച്ചതായി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം ആറര വരെയും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും പ്രവര്‍ത്തിക്കും. ഡല്‍ഹിയിലെ 91 പൊതു-സ്വകാര്യ കെട്ടിടങ്ങളില്‍ ആന്റി സ്മോഗ് ഗണ്ണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് നിലകളും അതില്‍ കൂടുതല്‍ ഉയരവുമുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങളും നവംബര്‍ 29നകം ഇവ സ്ഥാപിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നഗരത്തിലെ 150 കെട്ടിടങ്ങളില്‍ ആന്റി സ്മോഗ് ഗണ്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.
ഡല്‍ഹിയില്‍ ഏറ്റവും മലിനീകരണമുള്ള പ്രദേശങ്ങളിലൊന്നായ ആനന്ദ് വിഹാറില്‍ മിസ്റ്റ് സ്പ്രേയിങ് സംവിധാനങ്ങള്‍ സ്ഥാപിക്കും. നരേല, ബവാന, ജഹാംഗിര്‍പുരി എന്നിവിടങ്ങളിലടക്കം 13 ഇടങ്ങളില്‍ ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട്. മണിക്കൂറില്‍ 2,000 ലിറ്റര്‍ വെള്ളം സ്പ്രേ ചെയ്യുന്ന സംവിധാനമാണിവ. റോഡുകളിലെ പൊടി നീക്കം ചെയ്യുന്നതിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും നടപടി തുടങ്ങി. അറ്റകുറ്റപ്പണികള്‍ക്കായി 200 വാനുകള്‍ വിന്യസിച്ചിട്ടുണ്ട്. മലിനീകരണം ഉണ്ടാക്കുന്ന വ്യവസായ യൂണിറ്റുകളും വാഹനങ്ങളും നിരീക്ഷിക്കുന്നതിന് ടീമുകളെ രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ശ്വാസം മുട്ടി ഡല്‍ഹി

