Site iconSite icon Janayugom Online

സ്ത്രീ സൗഹൃദ യാത്രകളൊരുക്കി ടൂറിസം വകുപ്പ്

വിനോദസഞ്ചാരമേഖലയുടെ വളർച്ചക്ക് ഉതകുന്ന പുത്തൻ പരീക്ഷണങ്ങളുമായി വീണ്ടും ആലപ്പുഴ. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് സ്ത്രീ സൗഹൃദ യാത്രകൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി). പൂർണമായും സ്ത്രീകളടങ്ങുന്ന വിനോദസഞ്ചാര സംഘത്തിന് സുരക്ഷിതമായി ഡിടിപിസിയുടെ ടൂറിസ്റ്റ് ബസിൽ സഞ്ചരിക്കാമെന്നതാണ് പാക്കേജിന്റെ പ്രത്യേകത. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നതെന്ന് ഡിടിപിസി സെക്രട്ടറി ലിജോ എബ്രഹാം ജനയുഗത്തോട് പറഞ്ഞു. 

ഡിസംബർ ആദ്യവാരം പാക്കേജ് ആരംഭിക്കും. പാക്കേജിന്റെ ചെലവുകൾ, സന്ദർശന സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റിലുടെ അറിയിക്കും. രാവിലെ ആറിന് പുറപ്പെട്ട് വൈകുന്നേരം ആറിന് തിരിച്ച് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ബസിൽ 35 പേർക്കാണ് സഞ്ചരിക്കാൻ കഴിയുന്നത്. മറ്റ് ജില്ലകളിലുള്ളവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം. കായൽ ടൂറിസവും വിപുലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. ഗോവൻ മാതൃകയിൽ സാഹസിക ടൂറിസം പാർക്കിന്റെ നിർമ്മാണവും ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. കടലിൽ ഉപയോഗിക്കാൻ കഴിയുന്ന ജീവൻ രക്ഷാ ഉപകരണമായ റിമോർട്ട് നിയന്ത്രിത ലൈഫ് ബോയയുടെ സേവനം ആലപ്പുഴയിൽ ഉടൻ പ്രവർത്തന സജ്ജമാകും. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ബീച്ചിൽ സേവനമനുഷ്ടിക്കുന്ന 10 ലൈഫ്ഗാർഡുകൾക്ക് ബോയ പ്രവർത്തിപ്പിക്കാനാവശ്യമായ പരിശീലനവും നൽകി കഴിഞ്ഞു. സുരക്ഷക്കും അതോടൊപ്പം പ്രാദേശിക വിനോദസഞ്ചാര മേഖലക്ക് പ്രാധാന്യം നൽകിയുള്ള പദ്ധതികൾക്കുമാണ് നിലവിൽ ടൂറിസം വകുപ്പ് ഊന്നൽ നൽകുന്നത്. 

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയശേഷം കേരളത്തിലേക്ക് വിനോദസഞ്ചാരികളുടെ വരവിൽ വൻ കുതിച്ച് ചാട്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഒമ്പത് മാസത്തിനിടെ 1,33,80, 000 ആഭ്യന്തര വിനോദ സഞ്ചാരികളാണ് കേരളത്തിലേക്കെത്തിയത്. റെസ്റ്റ്ഹൗസ് ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുവർഷത്തിൽ 67,000 പേർ പ്രയോജനപ്പെടുത്തി. എറണാകുളത്താണ് ഏറ്റവുമധികം സഞ്ചാരികൾ എത്തിയത്, 28,93,631 പേർ. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, വയനാട്, ആലപ്പുഴ ജില്ലകൾ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. 

Eng­lish Summary:Department of Tourism has pre­pared women-friend­ly trips
You may also like this video

Exit mobile version