Site iconSite icon Janayugom Online

ഹോം സ്റ്റേകൾക്കും നാടൻ അടുക്കളകൾക്കും സാമ്പത്തിക സഹായവുമായി ടൂറിസം വകുപ്പ്

ഉത്തരവാദിത്ത ടൂറിസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം സ്റ്റേകൾക്കും നാടൻ അടുക്കളകൾക്കും സാമ്പത്തിക സഹായവുമായി ടൂറിസം വകുപ്പ്.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ ബയോഗ്യാസ് പ്ലാന്റിന് 20, 000 രൂപ വരെ സാമ്പത്തിക സഹായം നൽകും. ഉത്തരവാദിത്ത ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ഈ ആനുകൂല്യം. 

ടൂറിസം മേഖലയിൽ ജനപങ്കാളിത്തത്തോടെയുള്ള വികസനം നടപ്പാക്കാനുള്ള ടൂറിസം വകുപ്പിന്റെ നടപടികളുടെ ഭാഗമാണ് ഈ പദ്ധതി. ഈ വർഷം 20 ഹോം സ്റ്റേകൾക്കും 20 നാടൻ അടുക്കളകൾക്കുമാണ് സഹായം ലഭിക്കുക. മികച്ച യൂണിറ്റുകൾക്ക് അടുത്ത വർഷവും സഹായം തുടരും. ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിൽ സംസ്ഥാനത്ത് 5,660 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഒരു വർഷം മുമ്പെങ്കിലും രജിസ്റ്റർ ചെയ്ത് സജീവമായി പ്രവർത്തിക്കുന്ന യൂണിറ്റുകൾക്കാണ് സഹായം ലഭിക്കുക. സ്ത്രീകൾ നടത്തുന്ന യൂണിറ്റുകൾക്ക് മുൻഗണനയുണ്ട്. 

ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചതിന് ശേഷം ബിൽ സഹിതം അപേക്ഷ നൽകിയാൽ സഹായധനം ലഭിക്കും.മിഷൻ കോഓഡിനേറ്റർമാരുടെ നേതൃത്വത്തിൽ പ്ലാന്റുകളിൽ പരിശോധന നടക്കും. ടൂറിസ്റ്റുകൾക്കായി വീടുകളിൽ ഭക്ഷണം തയ്യാറാക്കുന്ന നാടൻ അടുക്കള യൂണിറ്റുകൾക്കും അപേക്ഷിക്കാം.
കേരളത്തിന്റെ തനത് വിഭവങ്ങൾ വിനോദസഞ്ചാരികൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് നാടൻ അടുക്കള യൂണിറ്റുകൾ. 

Exit mobile version