Site iconSite icon Janayugom Online

വിദേശികൾക്കായി ഉടൻ തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കണം: ഹൈക്കോടതി

കേരളത്തിൽ നിയമനടപടികൾ നേരിടുന്ന വിദേശ പൗരന്മാർക്കായി താത്കാലിക തടങ്കൽ കേന്ദ്രം സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ജാമ്യത്തിലിറങ്ങിയതിനുശേഷമോ വിചാരണ പൂർത്തിയായാൽ നാട്ടിലെത്താമെന്ന പ്രതീക്ഷയിലോ കഴിയുന്ന വിദേശ പൗരന്മാർക്കായി ഇത്തരം കേന്ദ്രങ്ങൾ തുറക്കാനാണ് നിർദേശം. ചില വിദേശ പൗരന്മാരെ ജയിലുകളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. രണ്ടു മാസത്തിനകം തടങ്കൽ കേന്ദ്രം സ്ഥാപിക്കണമെന്നാണ് നിർദേശം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് സാമൂഹ്യനീതി വകുപ്പിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് രണ്ട് മാസത്തിനകം തടങ്കൽ കേന്ദ്രം സ്ഥാപിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. നൈജീരിയൻ സ്വദേശിയായ ഒലോറുംഫെമി ബെഞ്ചമിൻ ബാബ ഫെമി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
വിയ്യൂർ സെൻട്രൽ ജയിലിൽ താമസിപ്പിക്കുന്നതിനു പകരം ഒരു തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. വിവിധ കുറ്റങ്ങൾക്ക് രാജ്യത്ത് വിചാരണ നേരിടുന്നവരും ശിക്ഷാ കാലാവധി പൂർത്തിയാക്കി സ്വരാജ്യത്തേക്ക്‌ തിരിച്ചുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാകാൻ കാത്തിരിക്കുന്നവരുമായ വിദേശ പൗരന്മാരെ പാർപ്പിക്കാൻ താൽകാലിക തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 2012‑ൽ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. അനധികൃതമായി രാജ്യത്തു പ്രവേശിച്ചവര്‍, വിസയുടെയും പാസ്പോര്‍ട്ടിന്റെയും കാലാവധി തീര്‍ന്നവര്‍, വിചാരണ നേരിടുന്ന വിദേശികള്‍, ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തല്‍ കാത്തിരിക്കുന്നവര്‍ എന്നിവരെയാണ് തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കേണ്ടത് എന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. മാതൃകാ തടങ്കല്‍ കേന്ദ്രത്തിന്റെ രൂപരേഖയും സംസ്ഥാന സർക്കാരുകൾക്ക് അയച്ചിരുന്നു. ഒരു സംസ്ഥാനത്ത് ചുരുങ്ങിയത് ഒരു തടങ്കൽ പാളയമെങ്കിലും നിർമിക്കണമെന്ന് 2018 ലും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ‘അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിന് ജയിൽ ശിക്ഷ പൂർത്തിയാക്കിയ വിദേശികളെ പാർപ്പിക്കാൻ തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള ആശയം ആദ്യമായി കൊണ്ടുവന്നത് വാജ്‌പേയി സർക്കാരാണ്. വാജ്‌പേയി സർക്കാരിന്റെ കാലത്ത് തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Deten­tion cen­ters should be set up for for­eign­ers imme­di­ate­ly: HC

You may like this video also

Exit mobile version