അറ്റകുറ്റപ്പണിക്കായി അയച്ച ശബിരമല ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ ഇപ്പോള്‍ തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വിഷയത്തില്‍ പുന പരിശോധനാ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണിക്കായി അയച്ച സ്വര്‍ണപ്പാളികള്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനുപിന്നാലെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരണവുമായി രംഗത്തെത്തിയത്. നാണയത്തുട്ടുകള്‍ കൊണ്ട് സ്വര്‍ണപ്പാളികള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. രണ്ട് തന്ത്രിമാരും രേഖാമൂലം അത് മാറ്റണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ബോര്‍ഡ് തീരുമാനമെടുത്തു. തിരുവാഭരണ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും എക്‌സിക്യുട്ടിവ് ഓഫീസര്‍, വിജിലന്‍സ് വിങ് എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു എല്ലാ നടപടികളും. ഈ അറ്റകുറ്റപ്പണി രാസപ്രക്രിയയാണ്. അതിനാല്‍, അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. അത് ഇപ്പോള്‍ തിരിച്ചുകൊണ്ടുവരല്‍ അസാധ്യമായ കാര്യമാണ്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. അതേസമയം, വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെതിരേ വ്യാപകമായ വ്യാജപ്രചരണമാണ് നടക്കുന്നതെന്നും പ്രസിഡന്റ് ആരോപിച്ചു.
ഞങ്ങള്‍ എന്തോ അപരാധംചെയ്‌തെന്നാണ് പ്രചരിപ്പിക്കുന്നത്. ചന്ദ്രഗ്രഹണത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത് എന്നുവരെ പ്രചാരണമുണ്ടായി. ദ്വാരപാലകരെ കൊണ്ടുപോയെന്നും ചിലര്‍ പ്രചരിപ്പിച്ചു. 360 പവന്‍ എന്നാല്‍ ശ്രീകോവിലും വാതിലും ഉള്‍പ്പെടെയാണ്. ഇത് വെറും 16 ഗ്രാമിന്റെ കാര്യമാണ്. അത് ഒരു ഭക്തന്‍ സമര്‍പ്പിച്ചതാണ്. ഇത് തികച്ചും ഒരു സാങ്കേതികപ്രശ്‌നമാണ്. നാണയം എറിയുമ്പോള്‍ അത് കൊണ്ട് പാളിക്ക് കേടുപാടുണ്ടായി. അത് സംഭവിക്കാന്‍ പാടില്ല.
രണ്ട് തന്ത്രിമാരുടെയും കത്തുകളുണ്ട്. വീഡിയോയും ചിത്രീകരിച്ചിരുന്നു. സമര്‍പ്പിച്ചയാളുടെ സാന്നിധ്യത്തില്‍ തിരികെ സ്ഥാപിക്കുന്നതുവരെ ഇതെല്ലാം സുതാര്യമായ നടപടിയാണ്. പക്ഷേ, ഞങ്ങള്‍ എന്തോ അപരാധംചെയ്‌തെന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ മാത്രമേ ഞങ്ങള്‍ പരിശ്രമിച്ചിട്ടുള്ളൂ. ഇത് സാങ്കേതിക പ്രശ്‌നമാണ്. എന്നാല്‍, കള്ളന്മാരെന്ന് പറഞ്ഞ് ഞങ്ങളെ വേട്ടയാടുകയാണ്. കോടതി ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല’ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

