പാര്‍ലമെന്ററി ജനാധിപത്യം എന്ന മാധ്യമത്തിലൂടെ സ്വാതന്ത്ര്യം എന്ന മഹത്തായ ആശയം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതിനെ തുടര്‍ന്നാണ് നൂറ്റിമുപ്പത്തഞ്ച് കോടിയോളം വരുന്ന ജനങ്ങള്‍ അധിവസിക്കുന്നൊരു വികസ്വര രാജ്യമായ ഇന്ത്യ ഇപ്പോള്‍ അതിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലെത്തിനില്ക്കുന്നത്. ബാള്‍ക്കന്‍ രാജ്യങ്ങള്‍ക്കും യുഎസ്എസ്ആറിനും പാകിസ്ഥാനും മറ്റും സംഭവിച്ചതുപോലെ, നിരവധി നേഷന്‍ സ്റ്റേറ്റുകളും എണ്ണിയാലൊടുങ്ങാത്തത്ര ജാതി — ഉപജാതികളും മതങ്ങളും അവയുടെ അവാന്തര വിഭാഗങ്ങളും ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളും എല്ലാം ഒരു സ്വതന്ത്ര ജനാധിപത്യ, മതനിരപേക്ഷ റിപ്പബ്ലിക്ക് എന്ന നിലയില്‍, അല്പായിസു മാത്രമായിരുന്നു ലോക സാമ്രാജ്യത്വ ശക്തികള്‍ സ്വതന്ത്ര ഇന്ത്യക്ക് കല്പിച്ചുനല്കിയിരുന്നത്. ഇത്തരം പ്രവചനങ്ങളെല്ലാം വലിയൊരു പരിധിയോളം അതിജീവിക്കാന്‍ ഇന്ത്യക്കും ഇന്ത്യന്‍ ജനതയ്ക്കും കഴിഞ്ഞിരിക്കുന്നു എന്നാണ് ഇന്നത്തെ നിലയില്‍ നമുക്ക് അനുമാനിക്കാനാവുക. അതേ അവസരത്തില്‍ തന്നെ നമുക്ക് മുന്നില്‍ നിരവധി സങ്കീര്‍ണമായ വെല്ലുവിളികളുണ്ടെന്നതും ഒരു വസ്തുതയാണ്. ഇക്കൂട്ടത്തില്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ സമഗ്ര വികസനം, ഫെഡറലിസത്തിന്റെ സംരക്ഷണം, ആഭ്യന്തര സുരക്ഷ ഉറപ്പാക്കല്‍, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കല്‍, ശാസ്ത്ര – സാങ്കേതികവിദ്യാ മേഖലകളിലെയും ബഹിരാകാശ മേഖലയിലെയും നയരൂപീകരണം പാര്‍ലമെന്ററി വ്യവസ്ഥ കോട്ടംതട്ടാത്തവിധം നിലനിര്‍ത്തല്‍, തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്തല്‍, ഇന്ത്യയെ ഒരു സ്വതന്ത്ര രാജ്യമായി സംരക്ഷിച്ച് നിര്‍ത്തുന്നതില്‍ നമ്മുടെ സൈനിക ശക്തി മെച്ചപ്പെടുത്തല്‍, കായിക – വിനോദ മേഖലകളില്‍ മുന്നോട്ടുള്ള കുതിപ്പ് യാഥാര്‍ത്ഥ്യമാക്കല്‍ എന്നിങ്ങനെ വിവിധ മേഖലകള്‍ ഉള്‍പ്പെടുന്നു.
ഇത്തരം വിഷയങ്ങളെല്ലാം അവയുടെ സമഗ്രതയില്‍ വിശകലനം ചെയ്യുക ഒരു ലേഖനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ സാധ്യമാവില്ല. അതുകൊണ്ടുതന്നെ നമ്മുടെ ഭരണാധികാരികളുടെ മാത്രമല്ല, ഭരണകക്ഷി — പ്രതിപക്ഷ കക്ഷികളുടെയും സത്വര ശ്രദ്ധ കേന്ദ്രീകരിക്കപ്പെടേണ്ടത് സാമ്പത്തിക വികസനം ത്വരിതപ്പെടുത്താന്‍ ഉതകുന്നവിധത്തില്‍ വികസന മാതൃകയുടെ ‘റീ-എന്‍ജിനീയറിങ്’ നടത്തുക എന്നതിലാണ് ഈ ലേഖനം ഊന്നല്‍ നല്കിയിരിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം അതിന്റെ എല്ലാ അര്‍ത്ഥത്തിലും കൈവരിക്കാനും കോട്ടമില്ലാതെ തുടര്‍ന്നും നിലനിര്‍ത്താനും കഴിഞ്ഞെങ്കില്‍ മാത്രമേ, ഗാന്ധിജിയും പണ്ഡിറ്റ് നെഹ്രുവും മാത്രമല്ല, ദാദാഭായ് നവ്‌റോജിയും ബാല്‍ ഗംഗാധര്‍ തിലകനും വിഭാവനം ചെയ്ത വിധത്തില്‍ ഒരു ആധുനിക ഇന്ത്യ കരുപിടിപ്പിക്കാന്‍ കഴിയുകയുള്ളു. നിലവില്‍ പ്രകടമായിരിക്കുന്ന വികസന പ്രക്രിയയുടെ പിന്നോട്ടുള്ള ഗതി തടഞ്ഞുനിര്‍ത്തുകയും അനുദിനം ഗുരുതര രൂപം കൈക്കൊണ്ടുവരുന്ന സാമ്പത്തികാസമത്വങ്ങളും സാമ്പത്തികവും സാമൂഹികവുമായ ചൂഷണങ്ങള്‍ക്കും അറുതിവരുത്തുകയും ചെയ്യുന്ന നയസമീപനത്തിനാണ് പ്രഥമ പരിഗണന കിട്ടേണ്ടത്.
ഇതുകൂടി വായിക്കൂ: ജനതയുടെ സ്വാതന്ത്ര്യം പുലരട്ടെ
സ്വാതന്ത്ര്യം കിട്ടുമ്പോള്‍ നമുക്ക് കൈവശമുണ്ടായിരുന്ന 840 കോടി രൂപയോളം വരുന്ന വിദേശ വിനിമയ ശേഖരത്തിലെ നീക്കിയിരിപ്പ് ഒഴിവാക്കിയാല്‍ നിസാരമായൊരു വിനിമയ ബാലന്‍സ് മാത്രമാണുണ്ടായിരുന്നത്. ഇതുകൊണ്ട് കമ്മി ഒഴിവാക്കാന്‍ ഒരു ചെറിയ അളവില്‍ മാത്രമേ നമുക്ക് കഴിയുമായിരുന്നുള്ളു. വിദേശ വായ്പാ കടബാധ്യതയും അത്രയ്ക്ക് വലുതൊന്നുമായിരുന്നില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ സ്വതന്ത്ര ഇന്ത്യയുടെ അതിവേഗ പതനം പ്രവചിച്ച – ‘പ്രൊഫെറ്റ്സ് ഓഫ് ഡൂം’ എന്ന് വിശേഷിപ്പിക്കാന്‍ യോഗ്യരായവരുടെ സകലവിധ പ്രതീക്ഷകളെയും പ്രവചനങ്ങളെയും തകര്‍ത്തുകൊണ്ടുള്ള നേട്ടമാണ് സാമ്പത്തിക വികസനത്തില്‍ ഇന്ത്യ കൈവരിച്ചത്. ഈ നേട്ടം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയേയും പുതിയ പാതയിലേക്കാനയിക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്തു. മുകളില്‍ സൂചിപ്പിച്ച വിധത്തിലൊരു ശുഭാപ്തി വിശ്വാസം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നിലവിലുള്ള അവസ്ഥയെപ്പറ്റി പങ്കിടാത്തവര്‍ കുറേപ്പേരെങ്കിലും ഉണ്ടാകുമെന്നത് ഉറപ്പാണല്ലോ. അവര്‍ നമ്മുടെ ശ്രദ്ധക്ഷണിക്കുക, സമൂഹത്തില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുമായ ജനതയുടെ ചൂഷണത്തില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മാറിമാറി അധികാരം കയ്യാളിയ ഭരണകൂടങ്ങള്‍ വിജയിച്ചിട്ടില്ലെന്ന സാഹചര്യത്തിലേക്കാണ്. സ്വന്തമായ ഭൂമി വാഗ്ദാനം നല്കുന്നതിന്റെ ഭാഗമായി ‘കൃഷിഭൂമി കൃഷിക്കാരന്’ എന്ന മുദ്രാവാക്യം ആസൂത്രണം ആരംഭിക്കുന്നതിന് മുമ്പും അതിനു ശേഷവും മുഴക്കപ്പെട്ടെങ്കിലും ഇത് ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുകയാണ്. മാത്രമല്ല, വികസനത്തിന്റെ പേരില്‍ നിരവധി കാര്‍ഷിക കുടുംബങ്ങളെ കുടിയിറക്കുക എന്ന പ്രക്രിയയാണ് രാജ്യത്തിന്റെ പലയിടത്തും നടന്നത്. പകരം ഭൂമി നല്കി അവരൊന്നും പുനരധിവസിക്കപ്പെട്ടിട്ടുമില്ല. സ്റ്റേറ്റിന്റെ അധികാര ശക്തി ദുരുപയോഗം ചെയ്തും ഭരണഘടനാ തത്വങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തിക്കൊണ്ടുമാണ് ഇന്നത്തെ ഭരണാധികാരികള്‍ ഇതൊക്കെ ചെയ്തുകൂട്ടുന്നത്.
സ്വാഭാവികമായും ഇന്ത്യന്‍ ജനതയുടെ ഒരു നിര്‍ണായക ഭാഗത്തിനാണ് വികസനത്തിന്റെ ആഘാതം ഏല്ക്കേണ്ടിവരുന്നതെങ്കിലും അവര്‍ക്കൊന്നും അതിന്റെ നേട്ടങ്ങള്‍ കിട്ടുന്നുമില്ല. ഈ സ്ഥിതിവിശേഷം നിലവിലിരിക്കെ സാമ്പത്തികാസമത്വങ്ങളും ദാരിദ്ര്യവും വര്‍ധിക്കുക മാത്രമായിരിക്കും ഫലത്തില്‍ നടക്കുക. ഫോര്‍ബ്സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം കണ്ടെത്താന്‍ നടക്കുന്ന കടുത്ത മത്സരത്തില്‍ അഡാനിമാരും അംബാനിമാരും ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ക്രോണി ക്യാപ്പിറ്റലിസ്റ്റുകളുടെ — ചങ്ങാതിത്ത മുതലാളിമാരുടെ — എണ്ണത്തിലും അതിവേഗ വര്‍ധനവാണ് നടന്നുവരുന്നത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ഇന്ന് നിലവിലുള്ളത്, പാര്‍ലമെന്ററി ജനാധിപത്യമല്ല, ‘ബില്ലൈനയര്‍ രാജ്’ ആണെന്ന് പറയേണ്ടതായി വരുന്നതും. നാമമാത്രമായ അസമത്വങ്ങളുടെ മാത്രം ഒരു രാജ്യമായിരുന്ന ഇന്ത്യ, ഇപ്പോള്‍ അങ്ങേയറ്റം ഗുരുതരമായ സാമ്പത്തിക സമത്വങ്ങളുടെ വിളനിലമായി മാറിയിരിക്കുകയാണെന്ന് വിശ്വസിക്കുന്നവരും ഒട്ടേറെയുണ്ട്. 2010നുശേഷമുള്ള കാലയളവില്‍ എട്ട് ശതമാനം വാര്‍ഷിക ജിഡിപി വളര്‍ച്ചാനിരക്ക് രണ്ടക്കത്തിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എങ്കിലും യഥാര്‍ത്ഥത്തില്‍ ഈ നിരക്കുപോലും തുടര്‍ന്നു നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നതാണ് ഔദ്യോഗിക വിലയിരുത്തല്‍തന്നെ വെളിവാക്കുന്നത്. നിക്ഷേപനിരക്കിലുണ്ടായ ഇടിവ് ഉല്പാദന മേഖലയിലെ തൊഴില്‍ അവസരങ്ങളിലും കുറവ് വരുത്തിയിരുന്നു. കാര്‍ഷികമേഖലയ്ക്ക് മാത്രമാണ് ഒരു പരിധിവരെയെങ്കിലും പിടിച്ചുനില്ക്കാനായത്.
ഇതുകൂടി വായിക്കൂ: ആയുധവല്‍ക്കരിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥകള്‍
ചുരുക്കത്തില്‍, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വ്യവസായവല്ക്കരണത്തിലേക്കല്ല, വ്യവസായവല്ക്കരണ പ്രക്രിയയെ പുറകോട്ടടിക്കുന്നതിലേക്കാണ് നയിക്കപ്പെട്ടത്. ഈ തിരിച്ചുപോക്ക് ആധുനിക കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ് മേഖലകളുടെ വളര്‍ച്ചയേയും പ്രതിസന്ധിയിലാക്കുകയായിരുന്നു. ഇക്കാലമത്രയും അസംസ്കൃത എണ്ണയുടെ ഇറക്കുമതിയും ആഗോള വിപണിയിലുണ്ടായിരുന്ന വിലവര്‍ധന പരിഗണിക്കാതെതന്നെ വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. കാരണം ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ഉദ്ദേശം 90 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണെന്നതുതന്നെ. തന്മൂലം വിദേശവിനിമയ കമ്മിയുടെ രൂക്ഷമായ വര്‍ധനവിലേക്കും രൂപയുടെ വിനിമയ മൂല്യശോഷണത്തിലേക്കും നയിച്ചതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ലല്ലോ. പെട്രോളിയത്തിനു പുറമെ, ഭക്ഷ്യ എണ്ണകളും ഇലക്ട്രോണിക്സ് വ്യാവസായിക ഉല്പന്നങ്ങളും നമുക്ക് ഇറക്കുമതി ചെയ്യേണ്ടിവരുന്നുണ്ട്. ഒരുപക്ഷേ, നമുക്ക് ചിലര്‍ക്കെങ്കിലും അവിശ്വസനീയമായി തോന്നാനിടയുള്ളൊരു വസ്തുതകൂടിയുണ്ട്. 1990കള്‍ ആയതോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ അധിക – വ്യാപാരവല്ക്കരണത്തിന്റേതായൊരു സാഹചര്യമാണ് നിലവിലുണ്ടായിരുന്നതെന്നതാണിത്. ഇതിനാധാരമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന വസ്തുത രാജ്യത്തിന്റെ ജിഡിപിയില്‍ ഉല്പാദന മേഖലയുടെ പങ്ക് വ്യവസായ വികസനത്തില്‍ മുന്‍പന്തിയിലായിരുന്ന രാജ്യങ്ങളുടേതിന് സമാനമായ തോതിലായിരുന്നു എന്നതുമാണ്. യൂറോപ്യന്‍ രാജ്യങ്ങളെയും റഷ്യയേയും മാത്രം പരിഗണിക്കുകയും മറ്റ് രാജ്യങ്ങളെ ഒഴിച്ചുനിര്‍ത്തുകയും ചെയ്താല്‍ ഏറ്റവും താണതോതിലുള്ള ഇറക്കുമതി മാത്രമാണ് ഇന്ത്യക്കുണ്ടായിരുന്നത് എന്ന് വ്യക്തമാകും. എന്നാല്‍, ഇന്നത്തെ സ്ഥിതി ആകെത്തന്നെ മാറിയിരിക്കുന്നു. പിന്നിട്ട മൂന്ന് ദശാബ്ദക്കാലത്തിനിടയില്‍ തുടര്‍ച്ചയായി വ്യാവസായികോല്പാദനത്തില്‍ മൂലധന ഉല്പന്നങ്ങളുടെ ഷെയര്‍ 1980 – 81 നും 2011 – 12നും ഇടയ്ക്ക് 20 ശതമാനത്തില്‍ നിന്ന് 8.22 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഇതില്‍തന്നെ ചൈനയുമായുള്ള ഇറക്കുമതി ഇടപാടിലുണ്ടായിരിക്കുന്ന വര്‍ധന 30 ശതമാനത്തോളമായി ഇരട്ടിച്ചിരിക്കുകയാണെന്നതുമാണ്. ഇതിന്റെ അര്‍ത്ഥം ഇറക്കുമതിയുടെ കാര്യത്തില്‍ ചൈനയുടെ മേലുള്ള ഇന്ത്യയുടെ ആശ്രിതത്വം കുതിച്ചുയര്‍ന്നിട്ടുണ്ടെന്നുതന്നെയാണ്. കോവിഡ് കാലയളവില്‍ ഈ ഉയര്‍ച്ചാ പ്രവണത കൂടുതല്‍ പ്രകടമായിക്കൊണ്ടുതന്നെയുമിരുന്നു.
മോഡി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സ്ഥിതിവിശേഷം രാഷ്ട്രീയ പരിഗണന കണക്കിലെടുത്താല്‍ ഒട്ടുംതന്നെ രുചികരമായിരുന്നില്ല. ഇക്കാരണത്താല്‍തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇറക്കുമതി ആശ്രിതത്വം പരമാവധി കുറയ്ക്കുക എന്നത് ലക്ഷ്യമിട്ട് ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന മുദ്രാവാക്യവുമായി രാജ്യത്തുടനീളം മാധ്യമപ്രചരണത്തിനായി ഒരുമ്പെട്ടതെന്ന് വ്യക്തമായിരുന്നു. ഇന്ത്യയിലെ സാമ്പത്തികാസൂത്രണത്തിന്റെ കാതലായ ലക്ഷ്യങ്ങളിലൊന്നായി പണ്ഡിറ്റ് നെഹ്രു പ്രഖ്യാപിച്ച സാമ്പത്തിക സ്വാശ്രയത്വത്തിന്റെ ഹിന്ദി ഭാഷാവകഭേദമല്ലാതെ മറ്റൊന്നുമായിരുന്നില്ല ഇതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയുകയും ചെയ്യാം. ഒരു കാര്യം നാം മനസിലാക്കിയാല്‍ നന്ന്. അതായത്, ഇപ്പോള്‍ നിലവിലുള്ള വിധം ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കിയ നയസമീപനങ്ങളും പരിപാടികളുമാണ് 1990 കളിലെ തുടക്കം വരെ നിലവിലിരുന്നതും തുടര്‍ന്നുള്ള വിപണി സൗഹൃദ നയസമീപനങ്ങളും പരിപാടികളും എന്ന വസ്തുതയാണിത്. പാശ്ചാത്യ – പ്രത്യയശാസ്ത്ര വിദഗ്ധരില്‍ ഒരു വിഭാഗം ഈ വിപണി കേന്ദ്രീകൃത, വിപണി — സൗഹൃദനയ മാറ്റങ്ങളെ അമേരിക്കന്‍ പ്രേരിതമായ വാഷിങ്ടണ്‍ സമവായം എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇത്തരമൊരു നയസമീപനം ഏറെനാള്‍ തുടരുക ദുഷ്ക്കരമാണെന്നതാണ് ഇന്നത്തെ സവിശേഷത. ഈ മനംമാറ്റത്തിന് മുഖ്യകാരണം ചൈനയുടെ സാമ്പത്തിക മുന്നേറ്റവും തുടര്‍ന്ന് ആഗോള നയതന്ത്ര ബന്ധങ്ങളില്‍ ദൃശ്യമായിവരുന്ന മൗലികമായ അഴിച്ചുപണികളുമാണ്.
ഇതുകൂടി വായിക്കൂ: ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന ഗോസംരക്ഷണ നിയമം
ആഗോളതലത്തില്‍ പ്രകൃതിവിഭവങ്ങള്‍ പഴയതില്‍ നിന്ന് വ്യത്യസ്തമായി വികസനാവശ്യങ്ങള്‍ക്ക് അപര്യാപ്തമാണെന്ന ബോധം വന്‍ശക്തികള്‍ക്കിടയില്‍ ഉടലെടുത്തതിനെ തുടര്‍ന്നാണ്, സമവായത്തിന്റെ സ്ഥാനത്ത് ഏറ്റുമുട്ടലുകള്‍ സര്‍വസാധാരണമായി മാറുന്നൊരു സ്ഥിതിവിശേഷം കാണാന്‍ കഴിയുന്നത്. ആഗോള രാഷ്ട്രീയ – സാമ്പത്തിക ബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര നയങ്ങളിലും വിദേശ നയതന്ത്രബന്ധങ്ങളിലും ക്രമേണ പ്രതിഫലിച്ചുവരുന്നതായിട്ടാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യ ആഗോളീകരണ വിപണിവല്ക്കരണ നയങ്ങളിലേക്ക് പൂര്‍ണമായും എടുത്തുചാടുകയും സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സ്ഥാനത്ത് നവലിബറല്‍ പ്രത്യയശാസ്ത്രം സാമ്പത്തിക നയത്തിന്റെ അടിസ്ഥാന നിലയായി സ്ഥാപിക്കുകയും ചെയ്തപ്പോള്‍ ചൈന തന്ത്രപരമായ ആസൂത്രണത്തിലൂടെ ആഗോള നേതൃത്വത്തിലേക്ക് ഉയരാന്‍ ഒരുങ്ങുകയാണ് ചെയ്തത്. ആഗോളീകരണത്തിനും സ്വതന്ത്ര വ്യാപാരത്തിലും രാജ്യാതിര്‍ത്തികള്‍ ചൈനയും ഇന്ത്യയും ഏതാണ്ട് ഒരേസമയത്താണ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുറന്നിട്ടതെങ്കിലും ആ സമയത്ത് വ്യവസായിക – ധനകാര്യമേഖലകളില്‍ ഇരു രാജ്യങ്ങളും തുല്യശക്തികളായിരുന്നു എന്നോര്‍ക്കുക. എന്നാല്‍, ചൈനയുടെ ഇന്നത്തെ സ്ഥിതിയോ? ഒരു വ്യാവസായിക രാഷ്ട്രമെന്ന നിലയില്‍ ചൈന ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്താണുള്ളത്. ഇന്ത്യയാണെങ്കിലോ അഞ്ചാം സ്ഥാനത്തും. അതും ഉല്പാദന മേഖലയുടെ വെറും മൂന്നു ശതമാനം മാത്രം പങ്കാളിത്തത്തോടെയും ചൈനയുമായി ഇന്ത്യക്കുള്ളത് എളുപ്പത്തില്‍ ഉപേക്ഷിക്കാന്‍ കഴിയുന്ന വ്യാപാരബന്ധങ്ങളുമല്ല.
സ്വാഭാവികമായും ഇത്തരമൊരു പശ്ചാത്തലത്തില്‍ കോളനിവാഴ്ചയ്ക്ക് അന്ത്യം കുറിക്കുകയും രാഷ്ട്രീയ സ്വാതന്ത്ര്യം നേടുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും ജനാധിപത്യ സംവിധാനങ്ങളും വലിയതോതിലുള്ള കോട്ടങ്ങള്‍ തട്ടാതെ സംരക്ഷിക്കുകയും ചെയ്യുന്നതില്‍ ഭരണകൂടങ്ങള്‍ വലിയൊരളവില്‍ വിജയം നേടിയെങ്കിലും ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വങ്ങളും ഇല്ലായ്മ ചെയ്യുന്നതില്‍ നിന്നും മതനിരപേക്ഷതയ്ക്കും മതമൈത്രിയും ഭരണഘടന വിഭാവനം ചെയ്യുന്നവിധത്തില്‍ സംരക്ഷിച്ചുനിര്‍ത്തുന്നതിനും നാം എത്രമാത്രം വിജയിച്ചു എന്നത് സംബന്ധമായി സ്വയം വിമര്‍ശനപരമായൊരു വിലയിരുത്തലാണ് നമുക്കിന്നാവശ്യം. പണ്ഡിറ്റ് നെഹ്രുവിന്റെ ‘സാമ്പത്തിക സ്വാശ്രയത്വം’ എന്ന മുദ്രാവാക്യം ഇപ്പോള്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നായി പുനര്‍നാമകരണം ചെയ്യപ്പെട്ട നിലയ്ക്കപ്പുറം യാതൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് ദുഃഖസത്യം. വരുന്ന കാല്‍ നൂറ്റാണ്ട് ദുര്‍ഘടം നിറഞ്ഞൊരു കാലഘട്ടമായിത്തന്നെ ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയും ഒരുപാട് ഇന്ത്യന്‍ പ്രതിപക്ഷ കക്ഷിയായി ഇന്നും തുടരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും തിരിച്ചറിയുകയും വികസന തന്ത്രത്തിന്റെ സമ്പൂര്‍ണമായൊരു അഴിച്ചുപണിക്ക് അവര്‍ തയാറാവുകയും ചെയ്തേ തീരൂ. പ്രശ്നത്തിന്റെ സങ്കീര്‍ണത തിരിച്ചറിയാനുള്ള ഭാരിച്ച ബാധ്യത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് — ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും മതനിരപേക്ഷ കക്ഷികള്‍ക്കും ഉണ്ട്.