19 June 2024, Wednesday

ആയുധവല്‍ക്കരിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥകള്‍

പ്രൊഫ. കെ അരവിന്ദാക്ഷൻ
March 23, 2022 7:00 am

‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ ദിനപത്രത്തിന്റെ മുന്‍ പത്രാധിപരും ശനിയാഴ്ചകളില്‍ സ്ഥിരമായി മുഖപ്രസംഗം എഴുതുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ടി എന്‍ നൈനാന്‍ 2022 മാര്‍ച്ച് അഞ്ചിലെ മുഖപ്രസംഗത്തിന്റെ ശീര്‍ഷകമായി തെരഞ്ഞെടുത്തിരിക്കുന്നത് ‘വെപ്പണൈസ്ഡ് ഇക്കോണമിസ്’ — ‘ആയുധവല്ക്കരിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥകള്‍’ എന്നാണ്. ലോകരാജ്യങ്ങള്‍ മൊത്തത്തിലും ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങള്‍ പ്രത്യേകിച്ചും കോവിഡ് 19 എന്ന മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍ വരുത്തിവച്ച ദുരന്തങ്ങളില്‍ നിന്നും കരകയറാന്‍ പെടാപ്പാടുപെടുന്നൊരു സാഹചര്യത്തിലാണ്, റഷ്യ – ഉക്രെയ്‌ന്‍ യുദ്ധം ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കിടയാക്കുന്ന വിധത്തില്‍ തുടര്‍ന്നുവരുന്നത്. ഈ യുദ്ധം എന്ന് അവസാനിക്കുമെന്നതിനേക്കാള്‍ ആശങ്ക, ലോക സമ്പദ്‌വ്യവസ്ഥയുടെ മേല്‍ യുദ്ധക്കെടുതികള്‍ ഏല്പിക്കാനിടയുള്ള ഗുരുതരമായ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്നതാണ്. ആയുധവല്ക്കരണം പലവിധത്തിലുമാകാം. തോക്കുകള്‍ അടക്കമുള്ള സൈനികായുധങ്ങളും മിസൈലുകളും യുദ്ധവിമാനങ്ങളും അണുബോംബുകളും മറ്റും ഉള്‍പ്പെടുന്ന അത്യന്താധുനിക ആക്രമണ പ്രതിരോധ സജ്ജീകരണങ്ങള്‍ എന്നതൊക്കെ ഇതിന്റെ ഒരു ഭാഗം മാത്രമാണ്. ഇതെല്ലാം സമ്പന്ന മുതലാളിത്ത രാജ്യങ്ങള്‍ തീര്‍ത്തും സൗജന്യമായി ലഭ്യമാക്കിയെന്നും വരാം. പക്ഷേ, ഇതിനൊരു വ്യവസ്ഥ പാലിക്കേണ്ടിവരും. ഏത് സാഹചര്യമുണ്ടായാലും സഹായം സ്വീകരിക്കുന്ന രാജ്യം സഹായം നല്കുന്ന രാജ്യങ്ങളുടെയോ സഖ്യത്തിന്റെയോ ആജ്ഞാനുവര്‍ത്തി ആയിരിക്കണം എന്നതു മാത്രമേയുള്ളു. എന്നാല്‍ ഈ വിധത്തിലുള്ള ആയുധവല്ക്കരണം ഒരു പരിധിവരെ ഇന്നും തുടരുന്നുണ്ടെങ്കിലും വിനാശകരമായ ന്യൂക്ലിയര്‍ ആയുധങ്ങള്‍ പോലുള്ളവയുടെ കൈമാറ്റമോ നിര്‍മ്മാണമോ സമീപകാലത്ത് വ്യാപകമായ തോതില്‍ പരസ്യമായിട്ടെങ്കിലും നടന്നുവരുന്നില്ല. സ്വന്തം രാജ്യസുരക്ഷ ഉറപ്പാക്കുക എന്നതിനപ്പുറം മറ്റു രാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നതിനും അധിനിവേശത്തിനുമായി സമീപകാലത്തൊന്നും സൈനിക നടപടികള്‍ നടന്നിട്ടില്ല. ഇത്തരമൊരു അന്തരീക്ഷം നിലവിലിരിക്കെയാണ് ഉക്രെയ്‌ന്‍ എന്ന സ്വതന്ത്ര രാജ്യത്തിനെതിരായി റഷ്യയുടെ അധിനിവേശ സ്വഭാവത്തോടുകൂടിയൊരു സൈനികാക്രമണം ലോക ജനതയുടെ ഉറക്കം കെടുത്തുന്ന വിധത്തില്‍ തുടര്‍ന്നുവരുന്നത് ഏതായാലും ആയുധവല്ക്കരണമെന്ന വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ച നമുക്ക് തല്ക്കാലം ഇവിടംകൊണ്ട് അവസാനിപ്പിക്കാം. ഇതൊരു യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കുമ്പോള്‍തന്നെ സൈനികാവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ വഴിയുള്ള ആയുധവല്ക്കരണത്തെക്കാള്‍ ആധുനിക കാലഘട്ടത്തില്‍ വിശിഷ്യ, രണ്ടാം ലോക യുദ്ധത്തിനുശേഷം നിരവധി രാജ്യങ്ങള്‍ സാമ്പത്തികോപാധികള്‍ വഴിയുള്ള ആയുധവല്ക്കരണത്തിനാണ് കൂടുതലായും വിധേയമാക്കപ്പെട്ടുവരുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. സാമ്പത്തിക ആയുധവല്ക്കരണത്തിന്റെതായ ഈ പുതിയ മാനത്തിന് തുടക്കമിട്ടത് 25 വര്‍ഷങ്ങള്‍ക്കു മുമ്പ് സാര്‍വദേശീയ നാണയനിധി(ഐഎംഎഫ്) യാണ്. രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തില്‍ യുദ്ധക്കെടുതികള്‍ക്കിരയായ ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുടെയും രണ്ട് നൂറ്റാണ്ടുകളിലേറെയായി പാശ്ചാത്യ സാമ്രാജ്യത്വ ചൂഷണത്തിന് വിധേയരാക്കപ്പെട്ടിരുന്ന ഇന്ത്യയടക്കമുള്ള ഏഷ്യന്‍, കിഴക്കനേഷ്യന്‍ രാജ്യ സമ്പദ്‌വ്യവസ്ഥകളുടെയും പുനരുദ്ധാരണത്തിനായി ഐക്യരാഷ്ട്രസഭയ്ക്കു കീഴില്‍ രൂപീകൃതമായ ഐഎംഎഫ് — ലോക ബാങ്ക് തുടങ്ങിയ സംഘടനകളും യാതൊരുവിധ ദാക്ഷിണ്യവുമില്ലാതെയാണ് സാമ്പത്തിക ആയുധങ്ങള്‍ വഴിയുള്ള ചൂഷണത്തിന് നിസഹായാവസ്ഥയിലായ ഈ സമ്പദ്‌വ്യവസ്ഥകളെ വിധേയമാക്കിയതെന്നത് ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. യുദ്ധാനന്തര കാലഘട്ടത്തില്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നത് ഗുരുതരമായ വിദേശവിനിമയ പ്രതിസന്ധിയായിരുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും ഉല്പാദനം ആഭ്യന്തര സമ്പദ്‌വ്യവസ്ഥയില്‍ തീര്‍ത്തും മരവിപ്പിലായിരുന്നു. അവശ്യവസ്തുക്കള്‍ക്ക് ഇറക്കുമതികള്‍ മാത്രമായിരുന്നു ആശ്രയം. അതിലേക്കായി വിദേശനാണ്യം അനിവാര്യമായിരുന്നെങ്കിലും അത് കടുത്ത ക്ഷാമത്തിലുമായിരുന്നു.


ഇതുകൂടി വായിക്കാം;  ശതകോടീശ്വരന്മാര്‍ പെരുകുമ്പോള്‍ സാമ്പത്തിക വളര്‍ച്ച മുടന്തി നീങ്ങുന്നു


ഇത്തരമൊരു ഘട്ടത്തില്‍ അവശ്യം വേണ്ട വിദേശനാണയ ശേഖരം ന്യായമായ വ്യവസ്ഥകളില്‍ ലഭ്യമാക്കാന്‍ ധാര്‍മ്മിക ബാധ്യതയുണ്ടായിരുന്ന ഐഎംഎഫ്, ഈ അവസരം സാമ്പത്തികമായി ആയുധവല്ക്കരണത്തിനായി ദുരുപയോഗം ചെയ്യുകയാണുണ്ടായത്. ഐഎംഎഫ് വിഭാവനം ചെയ്യുന്ന സാമ്പത്തിക സഹായത്തിന്റെ ഭാഗമെന്ന നിലയില്‍ എസ്‍‍ഡിആര്‍ (സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ്സ്) അഥവാ പ്രത്യേക വിനിയോഗ അവകാശങ്ങള്‍ എന്ന പേരില്‍ ഒരു ഏര്‍പ്പാടുണ്ട്. അതായത് അപരിഹാര്യമായ വിദേശ വിനിമയ പ്രശ്നം നേരിടുന്ന ഘട്ടത്തില്‍ നാണയനിധിയുടെ പ്രത്യേക ശേഖരത്തില്‍ നിന്നും ഏത് അംഗരാജ്യത്തിനും ചില നിബന്ധനകള്‍ക്കു വിധേയമായി പണം ലഭ്യമാകും. ഇന്തോനേഷ്യ വലിയൊരു അളവോളം ഈ സംവിധാനത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമായപ്പോള്‍ ഇന്ത്യ ഒരുപരിധിവരെ ഈ ആനുകൂല്യം കൈപ്പറ്റിയിരുന്നു. ഇതേത്തുടര്‍ന്ന് കടം വാങ്ങിയ രാജ്യങ്ങളെല്ലാം തന്നെ അതിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരികയും ചെയ്തിരുന്നു. സ്വാഭാവികമായും ഐഎംഎഫിന്റേതായ ഈ വിദേശവിനിമയ സഹായവ്യവസ്ഥയുടെ ആനുകൂല്യങ്ങള്‍ വാങ്ങുന്നതിന് അംഗരാജ്യങ്ങളെല്ലാം മടിച്ചുനില്ക്കുന്ന കാഴ്ചയാണ് കാണാനായത്. അവരൊക്കെ ചെയ്തത് സ്വന്തം നിലയില്‍ കഴിയുന്നത്ര വിദേശവിനിമയ ശേഖരം സ്വരുക്കൂട്ടുക എന്നതായിരുന്നു. നാണയനിധിയുടെയും ലോകബാങ്കിന്റെയും നിയന്ത്രണം സ്വന്തം കൈകളില്‍ ഒതുക്കി നിര്‍ത്തുന്നതില്‍ വിജയം കണ്ടെത്തിയ അമേരിക്കന്‍ സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ വളരെ തരംതാണ പ്രലോഭനങ്ങള്‍ വച്ചുനീട്ടിയും പ്രശ്നബാധിത സമ്പദ്‌വ്യവസ്ഥകളുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചതിന്റെ തിക്താനുഭവങ്ങള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്കുള്ളതുമാണ്. ലിന്‍ഡന്‍ ബി ജോണ്‍സണ്‍, യു എസ് പ്രസിഡന്റ് ആയിരിക്കെയാണ് ഗുരുതരമായ ഭക്ഷ്യക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് ഒരു ഗതിയുമില്ലാതായിരുന്ന ഇന്ത്യയെ മനുഷ്യത്വപരമായി സഹായിക്കുന്നതിനു പകരം പി എല്‍ 480 എന്ന വിനാശകരമായൊരു സംവിധാനത്തിനു കീഴില്‍ നമുക്ക് ഗോതമ്പ് ലഭ്യമാക്കിയത് ഇന്നും നമ്മുടെ ഓര്‍മ്മയിലുണ്ട്. അന്ന് കേന്ദ്ര ഭക്ഷ്യമന്ത്രിയായിരുന്ന എസ് കെ പട്ടീല്‍ ഇതിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടതായും വന്നിരുന്നു. പി എല്‍ എന്നത് പബ്ലിക്ക് ആയിരുന്നെങ്കിലും പട്ടീല്‍ ലോ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നതും. അക്കാലത്തൊക്കെ ഇന്ത്യന്‍ ഭരണകൂടത്തിന്റേത് തീര്‍ത്തും അമേരിക്കന്‍ വിധേയത്വം പുലര്‍ത്തിവന്ന നയസമീപനമായിരുന്നു. ഭരണരംഗത്ത് പൊതുവില്‍ സ്വീകരിച്ചുവന്നിരുന്നതും. എന്നാല്‍, ഇത്തരമൊരു നിസഹായാവസ്ഥയിലും അമേരിക്കന്‍ അപ്രീതി വകവയ്ക്കാതെതന്നെ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, വിയറ്റ്നാമില്‍ അരങ്ങേറിയ ഏകപക്ഷീയമായ കടന്നാക്രമണത്തെ അതിനിശിതമായി തന്നെ വിമര്‍ശിക്കുകയും ചെയ്തിരുന്നതാണല്ലോ. ഇതൊരിക്കലും ആവര്‍ത്തിക്കരുത്’ എന്ന് യു എസ് ഭരണകൂടത്തിനുനേരെ നോക്കി പറയാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടിവന്നില്ല. ഇന്ദിരാഗാന്ധി അന്ന് സ്വീകരിച്ച ധീരമായ നിലപാടിന്റെ പ്രതിഫലനമായിരുന്നു ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്നുപോലും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ വകവയ്ക്കാതെ ഡോ. എം എസ് സ്വാമിനാഥന്റെ ഉപദേശ‑നിര്‍ദേശാനുസരണം ‘ഹരിതവിപ്ലവം’ എന്ന പ്രക്രിയക്ക് തുടക്കം കുറിക്കുകയും രാജ്യത്തെ ഭക്ഷ്യോല്പാദനത്തില്‍ സ്വയം പര്യാപ്തതയിലേക്കു നയിക്കുകയും ചെയ്തതിന് വഴിയൊരുക്കിയതെന്നത് അനിഷേധ്യമായൊരു ചരിത്ര യാഥാര്‍ത്ഥ്യമല്ലേ?. (അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.