Site iconSite icon Janayugom Online

കെഎസ്ആർടിസിക്ക് ഡീസൽ ; ചില്ലറവിലയ്ക്ക് നൽകണം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നേരിടുന്ന കെഎസ്ആർടിസിക്ക് ഹൈക്കോടതിയിൽ നിന്ന് താത്ക്കാലിക ആശ്വാസം. റീട്ടെയിൽ കമ്പനികൾക്കുള്ള നിരക്കിൽ ഇന്ധനം നൽകാൻ എണ്ണ വിതരണ കമ്പനികളോട് ഹൈക്കോടതി നിർദേശിച്ചു. കെഎസ്ആർടിസിക്ക് നൽകുന്ന ഡീസലിന്റെ വില നിശ്ചയിച്ചതിൽ അപാകത ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റീട്ടെയിൽ കമ്പനികൾക്ക് നൽകുന്ന നിരക്കിൽ ഇന്ധനം നൽകാൻ എണ്ണവിതരണ കമ്പനികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

നിലവിൽ ബൾക്ക് യൂസർ എന്ന പേരിൽ ഡീസൽ ലിറ്ററിന് 120 രൂപയിലധികമാണ് എണ്ണ വിതരണ കമ്പനികൾ കെഎസ്ആർടിസിയിൽ നിന്ന് ഈടാക്കുന്നത്. ഇത് വിവേചനപരമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചത്. ഒരു ലിറ്റർ ഡീസലിന് വിപണി നിരക്കിനേക്കാൾ 21.10 രൂപയാണ് കെഎസ്ആർടിസിയിൽ നിന്ന് അധികമായി ഈടാക്കിയിരുന്നത്. വിലനിശ്ചയത്തിൽ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മുതലാണ് ബൾക്ക് പർച്ചേസിന് എണ്ണക്കമ്പനികൾ വൻതോതിൽ വില വർധിപ്പിച്ചത്.

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പൊതുവിപണിയില്‍ വില ഉയര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള വില ഉയര്‍ത്തിയത്. ഡിസംബറിൽ ബൾക്ക് പർച്ചേസിന് 84.07 രൂപയായിരുന്ന ഡീസൽ വില ഫെബ്രുവരിയിൽ 97.86 ഉം മാർച്ചിൽ 121.35 രൂപയുമായി ഉയര്‍ത്തി. റീട്ടെയ്ൽ വിലയേക്കാൾ 27.88 രൂപയുടെ വർധനവാണ് വരുത്തിയത്. ഇതുമൂലം കെഎസ്ആർടിസിക്കു പ്രതിദിനം 40–50 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുന്നു.

പ്രതിമാസ നഷ്ടം 12–15 കോടിയോളമായി. കച്ചവട കണ്ണോടെ പ്രവർത്തിക്കുന്ന സ്ഥാപനമല്ലെന്നും സാധാരണക്കാർക്ക് യാത്രാസൗകര്യം ഉറപ്പാക്കാനാണ് പ്രവർത്തിക്കുന്നതെന്നും കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. കൂടാതെ നിലവിൽ നഷ്ടത്തിലാണ് സ്ഥാപനം ഓടുന്നതെന്നും കെഎസ്ആർടിസി ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച് കൊണ്ടായിരുന്നു ഹൈക്കോടതി നടപടി. ഇതോടെ നൂറിൽ താഴെ രൂപയ്ക്ക് കെഎസ്ആർടിസിക്ക് ഡീസൽ ലഭിക്കും. നിലവിൽ വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് ഹൈക്കോടതി വിധി വലിയ തോതില്‍ ആശ്വാസമാകും.

Eng­lish sum­ma­ry; Diesel for KSRTC; Must be paid at retail price

You may also like this video;

Exit mobile version