Site iconSite icon Janayugom Online

ഇന്ധന പ്ലാന്റിലെ ചോർച്ചയെ തുടർന്ന് ഡീസൽ വെള്ളത്തിൽ പടർന്നു; എച്ച്പിസിഎല്ലിനെതിരെ കേസ്

കോഴിക്കോട് എലത്തൂരിലെ എച്ച്പിസിഎല്ലിന്റെ (ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്) ഇന്ധന പ്ലാന്റിലെ ചോർച്ചയെ തുടർന്ന് ഡീസൽ വെള്ളത്തിൽ പടർന്ന സംഭവത്തിൽ കേസെടുത്തു. എച്ച്പിസിഎല്ലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു . ഇപ്പോഴുണ്ടായ സാഹചര്യത്തെ അതീവ പ്രാധാന്യത്തോടെ കാണുന്നു, എച്ച്പിസിഎല്ലിന്റെ ടെക്നിക്കൽ & ഇലക്ട്രിക് സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നും കൃത്യസമയത്ത് തകരാർ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്നലെ രാത്രിയും രാവിലെയുമായി വിദഗ്ധ സംഘം സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 

തോടുകളിലും പുഴകളിലും എല്ലാം ഡീസൽ പടർന്നിട്ടുണ്ട്. വെള്ളത്തിലേക്ക് പടർന്ന ഡിസലിന്റെ അംശം നീക്കാൻ എച്ച്പിസിഎല്ലിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകും. അതിനായി മുംബൈയിൽ നിന്നും കെമിക്കൽ എത്തിക്കും. ഇന്ന് രാത്രിയോടെ അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. പ്രദേശത്ത മുഴുവൻ ജലസ്രോതസുകളും വ്യത്തിയാക്കും. ഡീസൽ മണ്ണിൽ കലർന്നിടത്തും ഉടൻ വൃത്തിയാക്കും. പുഴയിലേക്കും കടലിലേക്കും ഡീസൽ പടർന്നത് ഗുരുതര പ്രശ്നമാണ്. 1500 ലിറ്റർ ഡീസലാണ് ചോർന്നിട്ടുള്ളത്. ഇത്രയും പുറത്തേക്ക് ഒഴുകിയ ശേഷമാണ് എച്ച്പിസിഎൽ സംഭവം അറിയുന്നത്. അപ്പോഴേക്കും 2 കിലോമീറ്ററോളം ദൂരത്തിൽ ഡീസൽ വെള്ളത്തിലേക്ക് പടർന്നു. 

പ്രദേശവാസികൾക്ക് ആരോഗ്യ സംരക്ഷണം നൽകും. നാട്ടുകാരുടെ സഹകരണം ഉറപ്പാക്കുമെന്നും ഫാക്‌ടറീസ് നിയമം പ്രകാരം കേസെടുക്കുകയും എച്ച്പിസിഎല്ലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ കൂട്ടിച്ചേർത്തു. അതേസമയം, ഇന്നും ചെറിയ രീതിയിൽ ചോർച്ച കാണപ്പെട്ടത് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കി. പരിസരവാസികളുടെ ആരോഗ്യപ്രശ്നങ്ങൾ പരിശോധിക്കാൻ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ സർവ്വേ നടക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം മൂന്നരയ്ക്കാണ് എച്ച്പിസിഎൽ പ്ലാന്റിൽ ഓവർ ഫ്ലോയെ തുടർന്ന് ഇന്ധന ചോർച്ച ഉണ്ടായത്.

Exit mobile version