Site iconSite icon Janayugom Online

പാര്‍ലമെന്റില്‍ ഒരേ ചോദ്യത്തിന് വ്യത്യസ്ത ഉത്തരം

കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഒരേ ചോദ്യത്തിന് വ്യത്യസ്ത ഉത്തരങ്ങള്‍ നല്‍കിയെന്ന് സിപിഐ എംപി പി സന്തോഷ് കുമാര്‍. സ്വാതന്ത്ര്യത്തിന് ശേഷം ശാസ്ത്ര നയം ആദ്യം നടപ്പാക്കിയ സംസ്ഥാനം ഏതെന്ന ചോദ്യത്തിന് മൂന്ന് വര്‍ഷത്തെ ഇടവേളകളില്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയം രണ്ട് വ്യത്യസ്ത മറുപടികളാണ് നല്‍കിയത്. 2022ല്‍ ബിജെപിയുടെ സ്വന്തം ഗുജറാത്തായിരുന്നു ഉത്തരമെങ്കില്‍ ഈ വര്‍ഷമത് കേരളമായി മാറി. 

ഗുജറാത്ത് 2018ല്‍ ശാസ്ത്ര സങ്കേതിക‑നവീകരണ നയം കൊണ്ടുവന്നെന്നാണ് ആദ്യം മറുപടി നല്‍കിയത്. കഴിഞ്ഞമാസം 13ന് വീണ്ടും ഇതേചോദ്യം ആവര്‍ത്തിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം കേരളമാണ് ആദ്യം ശാസ്ത്ര സാങ്കേതിക നയം (1974ല്‍) നടപ്പാക്കിയതെന്ന് മന്ത്രാലയം മറുപടി നല്‍കി. ഇതോടെ പി സന്തോഷ് കുമാര്‍ എംപി വിഷയം രാജ്യസഭാ സെക്രട്ടേറിയറ്റിന്റെയും ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിന്റെ ഓഫിസിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. പാര്‍ലമെന്റിനോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയുടെ ഫലമായാണ് ഇത്തരം മറുപടികളെന്നും എംപി പറഞ്ഞു. 

മറ്റ് നിരവധി മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഉത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി. എക്സിക്യൂട്ടീവിനെ ഉത്തരവാദിത്തമുള്ളവരാക്കുകയാണ് പാര്‍ലമെന്റിന്റെ കര്‍ത്തവ്യം. പാര്‍ലമെന്ററി ചോദ്യങ്ങളാണ് ഇതിനുള്ള പ്രാഥമിക ഉപകരണം. എന്നാല്‍ അതിന് മറുപടി നല്‍കുന്നതിലെ നിരുത്തരവാദപരവും അശ്രദ്ധവുമായ സമീപനം ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version