സംസ്ഥാനത്ത് മാർച്ച് 1 മുതൽ ഡിജിറ്റൽ ആർസി ബുക്കുകൾ ലഭ്യമാകും. ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു ആണ് ഇക്കാര്യം അറിയിച്ചത്. വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആർസി ബുക്ക് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ആർസി ബുക്ക് പ്രിൻറ് എടുക്കുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്.
കൂടാതെ എല്ലാ വാഹന ഉടമകളും ആർസി ബുക്കും ആധാറിലുള്ള മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യണമെന്നും ഗതാഗത കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്. ഉടമയുടെ അനുവാദം കൂടാതെ മറ്റാരും വിവരങ്ങളിൽ മാറ്റം വരുത്താതിരിക്കാനാണിത്. മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചാൽ മൊബൈലിൽ ഒടിപി വന്നതിന് ശേഷം മാത്രമേ ഉടമസ്ഥന് റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ.

