സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഡിജിറ്റല്‍ ഭൂസര്‍വേ എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍. സംസ്ഥാനത്തെ 15 മോഡല്‍ വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ ഈ മാസം പൂര്‍ത്തീകരിക്കും. 200 വില്ലേജുകളിലെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായിരിക്കുകയാണ്. കഴിഞ്ഞ നവംബര്‍ ഒന്നിന് ആരംഭിച്ച റീസര്‍വേ പ്രവര്‍ത്തനങ്ങളില്‍ 200 വില്ലേജുകളിലായി 38,286 ഹെക്ടര്‍ ഭൂമിയുടെ ഫീല്‍ഡ് ഡിജിറ്റല്‍ സര്‍വേ നിലവില്‍ പൂര്‍ത്തിയായി. കേരളത്തിലെ ആകെഭൂവിസ്തൃതി (361248 ഹെക്ടര്‍)യുടെ 10.60 ശതമാനം അളന്നു നടപടികള്‍ പൂര്‍ത്തീകരിച്ചു.15 വില്ലേജുകള്‍ക്ക് മുന്‍ഗണന നല്‍കി മാതൃകാ വില്ലേജുകളാക്കാന്‍ സര്‍വേ നടത്തുകയാണ്. ഓരോ ജില്ലകളില്‍ ഓരോന്ന് വീതവും തിരുവനന്തപുരം ജില്ലയില്‍ രണ്ട് വില്ലേജുകളുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 15 വില്ലേജുകളിലും സര്‍വേ അതിരടയാള നിയമ പ്രകാരം സെക്ഷന്‍ 9(2) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിലാണ്. ഇതിന് ശേഷം ഒരു മാസം എക്‌സിബിഷനും അപ്പീലിനുമുള്ള സമയമാണ്. എല്ലാവര്‍ക്കും പോര്‍ട്ടല്‍ വഴിയും ക്യമ്പ് വഴിയും രേഖകള്‍ പരിശോധിച്ച് ആക്ഷേപങ്ങള്‍ നല്‍കാന്‍ സാധിക്കും. ഇതിലൂടെ കുറ്റമറ്റ രീതിയിലാണ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്.
സംസ്ഥാനത്ത് 1966ല്‍ ആരംഭിച്ച റീസര്‍വേയിലൂടെ പകുതിയോളം ഭൂമി മാത്രമാണ് പരമ്പരാഗത രീതിയില്‍ അളക്കാനായത്. ആകെയുള്ള 1666 വില്ലേജുകളില്‍ 950 മാത്രമാണ് ഇത്തരത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുള്ളത്. അതില്‍ തന്നെ 95 വില്ലേജുകളിലാണ് ഇടിഎസ് മെഷീന്‍ ഉപയോഗിച്ച് റീസര്‍വേ നടത്തിയിട്ടുള്ളത്. ഇനി 21 വില്ലേജുകളില്‍ അത് നടക്കുന്നുണ്ട്. ഈ നിലയില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കും എന്ന സാഹചര്യത്തിലാണ് ഡിജിറ്റല്‍ റീസര്‍വേയ്ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. ചങ്ങല വലിച്ച് റീസര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച ഇടങ്ങളില്‍ ഉള്‍പ്പെടെ 1550 വില്ലേജുകള്‍ നാല് വര്‍ഷം കൊണ്ട് സ്‌മാര്‍ട്ട് ആക്കാന്‍ കഴിയുന്ന മഹാ വിപ്ലവത്തിനാണ് ഡിജിറ്റല്‍ റീസര്‍വേ നടപടികളിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതിക്ക് 858 കോടി രൂപയാണ് ചെലവ്. ആദ്യഘട്ടത്തിനായി റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 438.46 കോടി രൂപയ്‌ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.
നിലവിലുള്ള സര്‍വേ ജീവനക്കാര്‍ക്ക് പുറമേ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി 1500 സര്‍വേയര്‍മാരെയും 3200 ഹെല്‍പ്പര്‍മാരെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി . ഇതിനായി ഓരോ ജില്ലകളിലും എഴുത്തുപരീക്ഷയുള്‍പ്പെടെ പൂര്‍ത്തീകരിച്ച് നിയമന നടപടി സ്വീകരിച്ചു കഴിഞ്ഞു. എല്ലാ ഭൂമിക്കും കൃത്യമായ രേഖ ഉണ്ടാക്കുക, ഭൂമി സംബന്ധമായ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കുക എന്നിവയാണ് എന്റെ ഭൂമി പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഓരോ ഭൂമിയുടെയും കൃത്യമായ അളവുകള്‍ വച്ച് ലാന്‍ഡ് പാര്‍സല്‍ മാപ്പ് തയ്യാറാക്കാനാണ് ഡിജിറ്റല്‍ സര്‍വേ നടത്തുന്നത്. ഈ മാപ്പിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ സര്‍വേ, രജിസ്‌ട്രേഷന്‍, റവന്യു എന്നീ മൂന്ന് വകുപ്പുകളുടെ ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കും. ഇതിനുള്ള ഏകജാലക സംവിധാനമായി മാറും എന്റെ ഭൂമി പോര്‍ട്ടല്‍. ഇതിലൂടെ ജനങ്ങള്‍ക്ക് കൃത്യമായ ഭൂരേഖകളും സ്‌കെച്ചും ലഭ്യമാവുകയും ഭൂസംബന്ധമായ എല്ലാ സേവനങ്ങളും വിവിധ ഓഫിസുകള്‍ സന്ദര്‍ശിക്കാതെ തന്നെ ഓണ്‍ലൈനായി നിര്‍വഹിക്കുന്നതിനും സാധിക്കും.
സര്‍വേ 1550 വില്ലേജുകളില്‍
സംസ്ഥാനത്തെ 1550 വില്ലേജുകളിലാണ് ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നാലുവര്‍ഷം കൊണ്ട് സര്‍വേ നടത്തുന്നത്. ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ 400 വില്ലേജുകള്‍ വീതവും നാലാം വര്‍ഷം 350 വില്ലേജുകളിലും സര്‍വേ നടത്താനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌പെഷ്യല്‍ ഗ്രാമ സഭകളായി വാര്‍ഡുതലങ്ങളില്‍ സര്‍വേ സഭകള്‍ കൂടി പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ നിര്‍ണായക ഘടകമാണ് കണ്‍ഡിന്യൂസിലി ഓപ്പറേറ്റിങ് റഫറന്‍സ് സ്‌റ്റേഷന്‍ (കോര്‍സ്) നെറ്റ് വര്‍ക്ക്. ഇതിന്റെ കണ്‍ട്രോള്‍ സെന്ററും 28 സ്‌റ്റേഷനുകളും ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം സര്‍വേ ഡയറക്ടര്‍ ഓഫിസില്‍ സ്ഥാപിച്ച കണ്‍ട്രോള്‍ സെന്റര്‍ റവന്യു ഭവന നിര്‍മ്മാണ മന്ത്രി കെ രാജന്‍ ഉദ്‌ഘാടനം ചെയ്‌തിരുന്നു. 28 റഫറന്‍സ് സ്റ്റേഷനുകള്‍ ശേഖരിക്കുന്ന ഡാറ്റ പ്രോസസ് ചെയ്യുന്നതിനും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കണ്‍ട്രോള്‍ സെന്ററിന് സാധിക്കും.
കോര്‍സ് സെന്റുറുകളില്‍ നിന്നുള്ള സിഗ്‌നലുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 1000 റിയല്‍ ടൈം കൈന്‍മാറ്റിക് (ആര്‍ടികെ) റോവര്‍ മെഷീനുകള്‍, 700 റോബോട്ടിക് ടോട്ടല്‍ സ്‌റ്റേഷനുകള്‍, റഡാര്‍ കാമറകള്‍ ഫിറ്റ് ചെയ്‌തുള്ള ഡ്രോണുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയുള്ള സര്‍വേ പൂര്‍ണമായും സോഫ്‌റ്റ്‌വേര്‍ അധിഷ്ഠിതമാണ്. ഇതിനായി എന്റെ ഭൂമി എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും തയ്യാറാക്കിയിട്ടുണ്ട്.
English Summary:Digital survey at high speed; Completed over 38,286 hectares
You may also like this video