നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അധിക കുറ്റപത്രം വായിച്ചുകേട്ട എട്ടാം പ്രതിയായ നടൻ ദിലീപും കൂട്ടുപ്രതി ശരത്തും അധിക കുറ്റപത്രത്തിലെ കുറ്റങ്ങള്‍ നിഷേധിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് അധിക കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചത്. ആദ്യം വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. മഞ്ജു വാര്യർ, ബാലചന്ദ്ര കുമാർ എന്നിവർ ആദ്യ പട്ടികയിൽ ഉൾപ്പെടുന്നു. കേസ് നവംബർ 3ന് വീണ്ടും പരിഗണിക്കും. മഞ്ജു വാര്യരെയും വിസ്തരിക്കും.
നടിയെ ആക്രമിച്ച കേസിലെ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപും ശരത്തും സമർപ്പിച്ച ഹർജികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയിരുന്നു. തെളിവ് നശിപ്പിച്ചതടക്കം പുതുതായി ചുമത്തിയ രണ്ട് കുറ്റങ്ങളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ നിർത്തിവച്ച വിചാരണ നവംബർ പത്തിന് പുനഃരാരംഭിക്കാനാണ് കോടതിയുടെ തീരുമാനം.
ക്രൈംബ്രാഞ്ച് നൽകിയ തുടരന്വേഷണ റിപ്പോർട്ടിലെ തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നുമായിരുന്നു എട്ടാം പ്രതി ദിലീപ് 15-ാം പ്രതി ശരത്ത് എന്നിവർ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ തങ്ങൾക്കെതിരെ പുതിയ കണ്ടെത്തലുകൾ ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന്റെ കൈവശമെത്തിയതിന് തെളിവുണ്ടെന്നും ശരത്തുമായി ചേർന്ന് ഇതുമായി ബന്ധപ്പെട്ട് ഫോൺരേഖകൾ വാട്സ്ആപ്പ് ചാറ്റുകൾ അടക്കം നശിപ്പിച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഗൂഢാലോചനയിൽ ഇരുവർക്കുമെതിരായ പുതിയ കണ്ടെത്തലുകൾ നിലനിൽക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് പ്രതികളുടെ ഹർജികൾ കോടതി തള്ളിയത്.
English Summary: Dileep denies the charge; Manju is also on the witness list
You may also like this video also