പ്രശസ്ത മലയാള സിനിമ സംവിധായകൻ എം. മോഹൻ അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം.മലയാള സിനിമ പുതിയ കാലത്തേക്ക് മാറിയ എൺപതുകളിലാണ് മോഹൻ സിനിമ രംഗത്തേക്കു കടന്നു വരുന്നത്. ആകെ 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സുകുമാരൻ, വേണു നാഗവള്ളി, ശോഭ, ജലജ, കെ.പി. ഉമ്മർ എന്നിവർ അഭിനയിച്ച ശാലിനി എന്റെ കൂട്ടുകാരി, ശോഭ, മധു, ഇന്നസെന്റ് എന്നിവർ പ്രധാനവേഷത്തിലെത്തിയ രണ്ടു പെൺകുട്ടികൾ, ഇടവേള ബാബു അരങ്ങേറ്റം കുറിച്ച ഇടവേള, വിട പറയും മുമ്പേ എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
അച്ഛന്റെ സുഹൃത്തു വഴി പ്രശസ്ത സംവിധായകൻ എം കൃഷ്ണൻ നായരെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. പ്രശസ്ത സംവിധായകൻ ഹരിഹരന്റെ അടക്കം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. 1978 ൽ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നാലെ വന്ന ‘രണ്ട് പെണ്‍കുട്ടികള്‍’, ‘ശാലിനി എന്റെ കൂട്ടുകാരി’, ‘വിടപറയും മുമ്പേ’, ‘ഇളക്കങ്ങള്‍’ തുടങ്ങിയ ചിത്രങ്ങൾ സംവിധായകൻ എന്ന നിലയിൽ മോഹനെ അടയാളപ്പെടുത്തി. വിടപറയും മുമ്പേയിലൂടെയാണ് നെടുമുടി വേണു ആദ്യമായി നായകനായത്.