Site iconSite icon Janayugom Online

മരതക ദ്വീപിനെ നയിക്കാന്‍ ഇടത് നായകന്‍ അനുരകുമാര ദിസനായകെ

അഭിപ്രായ വോട്ടെടുപ്പുകളെ ശരിവച്ച് ജനത വിമുക്തി പെരമുനയുടെ അനുരകുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റ് പദവിയിലേയ്ക്ക്. പോളു ചെയ്ത വോട്ടുകളില്‍ 52 ശതമാനത്തിലധികം ദിസനായക ഇതിനോടകം ഉറപ്പിച്ച് കഴിഞ്ഞു. നിലവില്‍ ശ്രീലങ്കൻ ഗവേഷണ ഏജൻസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പോളിസി ഓഗസ്റ്റിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലും അനുരകുമാര ദിസനായകെയ്ക്കായിരുന്നു മുൻതൂക്കം.

സർവേയിൽ പങ്കെടുത്ത 36 % പേർ ദിസനായകെയെ പിന്തുണച്ചു. 32 ശതമാനത്തിന്റെ പിന്തുണയോടെ സജിത് പ്രേമദാസ രണ്ടാമതും 28 % പേരുടെ പിന്തുണയോടെ വിക്രമസിംഗെ മൂന്നാമതുമാണെത്തിയത്. നമലിനെ പിന്തുണച്ചത് വെറും മൂന്നുശതമാനം മാത്രം. രാജപക്സെമാരെ വീണ്ടും പരീക്ഷിക്കാൻ ശ്രീലങ്ക തയ്യാറല്ലെന്ന് വ്യക്തം.

2022 ൽ ഗോട്ടബയ രാജപക്സെ സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ പ്രധാന നേതാവെന്ന നിലയിൽ യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുറപ്പിക്കാന്‍ ദിസനായകയെക്ക് കഴിഞ്ഞിരുന്നു. ഇടത് ആശയങ്ങളിലൂന്നിയ ദിസനായകെയുടെ ജനത വിമുക്തി പെരമുന അഴിമതി തുടച്ചുനീക്കുക, സ്വകാര്യവത്കരണം പുനഃപരിശോധിക്കുക, ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക, ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുക തുടങ്ങി മാറ്റങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ഉയര്‍ത്തിയത്. തീവ്ര ഇടതുപാർട്ടി ചിന്തകളില്‍ നിന്ന് നയം മയപ്പെടുത്തിയെങ്കിലും അമ്പതിനായിരത്തിലേറെ ശ്രീലങ്കക്കാരുടെ ജീവനെടുത്ത 70കളിലെയും 80കളിലെയും കലാപത്തിനു നേതൃത്വം നൽകിയത് ജനത വിമുക്തി പെരമുനയാണെന്നത് കറുത്തകറയായി ബാക്കി നില്‍ക്കുന്നു.

രാജപക്സെമാരെ കൈവെടിഞ്ഞ പരമ്പരാഗത വോട്ടർമാരുടെ വോട്ടും യുഎൻപിയുടെ വിഭജനത്തോടെ വിക്രമസിംഗെ പക്ഷത്തേക്കും പ്രേമദാസ പക്ഷത്തേക്കും ഭിന്നിച്ചുപോയ തമിഴ്, മുസ്‌ലിം വംശജരിൽനിന്ന് ചോരുന്ന വോട്ടുകളും ദിസനായകെ തുണച്ചുവെന്നാണ് സൂചന. തമിഴ് പാർട്ടിയായ സിലോൺ വർക്കേഴ്സ് കോൺഗ്രസ് വിക്രമസിംഗെയ്ക്കും ഫെഡറൽ പാർട്ടി പ്രേമദാസയ്ക്കുമാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. മുസ്‌ലിം പാർട്ടികളുടെ കാര്യത്തിൽ, നാഷനൽ കോൺഗ്രസ് വിക്രമസിംഗെയ്ക്കൊപ്പവും ശ്രീലങ്ക മുസ്‌ലിം കോൺഗ്രസ് പ്രേമദാസയ്ക്കുമൊപ്പമാണ്. ഇതിൽനിന്ന് ചോരുന്ന യുവാക്കളുടെ വോട്ടുകൾ സ്വാഭാവികമായും ദിസനായകെയ്ക്ക് ഒപ്പം ചേരും.

നാൽപത്തിരണ്ടു വർഷത്തിനു ശേഷമാണ് ശ്രീലങ്ക, ഒരു സ്ഥാനാർഥിക്കും വ്യക്തമായ മേൽക്കൈ പ്രവചിക്കാനാവാത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിലവിലെ പ്രസിഡന്റും സ്വതന്ത്ര സ്ഥാനാർഥിയുമായ റനിൽ വിക്രമസിംഗെ, പ്രതിപക്ഷമായ സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ, നാഷനൽ പീപ്പിൾസ് പവർ (എൻപിപി) പാർട്ടിയുടെ അനുര കുമാര ദിസനായകെ എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. 2022 ലെ പ്രക്ഷോഭത്തോടെ ക്ഷീണിച്ച രാജപക്സെ പക്ഷത്തിന്റെ പ്രതിനിധിയായി കുടുംബത്തിലെ ഇളമുറക്കാരനും മഹിന്ദയുടെ മകനുമായ നമൽ രാജപക്സെയാണ് ശ്രീലങ്ക പൊതുജന പെരുമുനയുടെ സ്ഥാനാർഥി.

Exit mobile version