Site iconSite icon Janayugom Online

മോസ്കോയിലെ ജീവിതത്തിൽ അതൃപ്‌തി; ബഷർ അൽ അസദിന്റെ ഭാര്യ അസ്മ വിവാഹമോചന അപേക്ഷ നൽകി

മോസ്കോയിലെ ജീവിതത്തിൽ അതൃപ്‌തി വ്യക്തമാക്കി സിറിയയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ ഭാര്യ അസ്മ അൽ അസദ് വിവാഹമോചനത്തിന് അപേക്ഷ നൽകി. മോസ്കോയിലെ ജീവിതത്തില്‍ താൽപര്യം ഇല്ലാത്തതിനാൽ തിരികെ സിറിയയിലേക്ക് മടങ്ങുവാനാണ് അസ്മ വിവാഹമോചനം തേടിയതെന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിമതര്‍ സിറിയയില്‍ അധികാരം പിടിച്ചതിന് പിന്നാലെ ബാഷർ അൽ അസദും കുടുംബവും റഷ്യയിൽ അഭയം തേടിയിരുന്നു. ബ്രിട്ടീഷ്-സിറിയൻ ഇരട്ട പൗരത്വമുള്ള അസ്മ ലണ്ടനിലാണ് ജനിച്ചതും വളർന്നതും. 2000‑ൽ 25-ാം വയസിൽ സിറിയയിലേക്ക് താമസം മാറിയ അവർ അതേ വർഷം തന്നെ ബഷാർ അൽ അസദിനെ വിവാഹം കഴിച്ചു. കമ്പ്യൂട്ടര്‍ സയൻസിലും ഫ്രഞ്ച് സാഹിത്യത്തിലും ബിരുദമുള്ളയാളായ അസ്മ പിന്നീട് ഇൻവെസ്മെന്റ് ബാങ്കിങ് മേഖലയിലാണ് ജോലി നോക്കിയത്. 2000 ഡിസംബറിലാണ് ബഷാർ അൽ അസദിനെ വിവാഹം കഴിച്ചത്. ഹഫീസ്, സെയ്ൻ, കരീം എന്നിവരാണു മക്കൾ. 

അസ്മ റഷ്യൻ കോടതിയിൽ വിവാഹമോചന അപേക്ഷ സമർപ്പിക്കുകയും മോസ്കോ വിടാൻ പ്രത്യേക അനുമതി തേടുകയും ചെയ്തിട്ടുണ്ട്. അസ്മയുടെ അപേക്ഷ റഷ്യൻ അധികൃതര്‍ അവലോകനം ചെയ്യുകയാണെന്ന് ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അതേസമയം, സിറിയയിലെ വിമതരുടെ അട്ടിമറിയിൽ ബാഷർ അൽ അസദ് പ്രതികരിച്ചിരുന്നു. സിറിയയിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണെന്നും സിറിയ വിടാൻ നേരത്തെ തീരുമാനിച്ചിരുന്നില്ലെന്നും ബാഷർ അൽ അസദ് പറഞ്ഞു. റഷ്യയിൽ അഭയം തേടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും അത്തരമൊരു നിർദേശവും തനിക്ക് മുന്നിൽ വന്നിട്ടുമില്ലെന്നും അസദ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറ‌യുന്നു.

Exit mobile version